കോട്ടയ്ക്കൽ: ആകാശത്തെ മിന്നും താരകങ്ങളെ മണ്ണിൽ ഒരുക്കാനും ഉണ്ണിയേശുവിന്റെ തിരുപ്പിറവി ആഘോഷമാക്കാനും ക്രിസ്മസ് വിപണി ഉണർന്നു. മണ്ണിൽ സ്നേഹത്തിന്റെ വിത്തു പാകിയതിന്റെ ഓർമ പുതുക്കുമ്പോൾ കോവിഡിൽ നിന്നുള്ള ഉയിർത്തെഴുന്നേൽപ് കൂടിയാണ് ഇത്തവണത്തെ വിപണി. പ്രതീക്ഷയുടെ പ്രകാശം പരത്തി നിറങ്ങൾ മിന്നിമറയുന്ന നക്ഷത്രങ്ങൾ നിരന്നു തുടങ്ങി. കുഞ്ഞൻ അലങ്കാര നക്ഷത്രങ്ങൾ മുതൽ വലിയ കടലാസ് നക്ഷത്രങ്ങൾ വരെ ഒരുക്കിയിട്ടുണ്ട്.
എൽഇഡി നക്ഷത്രങ്ങൾ, മാലാഖ നക്ഷത്രങ്ങൾ, മൾട്ടികളർ വലിയ നക്ഷത്രങ്ങൾ തുടങ്ങി കണ്ണഞ്ചിപ്പിക്കുന്ന നിറങ്ങൾ ആളുകളെ ആകർഷിക്കുന്നു. ക്രിസ്മസ് ട്രീ, പുൽക്കൂട് എന്നിവ ഒരുക്കാൻ വൈവിധ്യമാർന്ന അലങ്കാര വസ്തുക്കൾ പുതുമോടിയിലാണ്.
ടേബിൾ ക്രിസ്മസ് ട്രീ മുതൽ കൂറ്റൻ ക്രിസ്മസ് ട്രീ വരെ വിപണിയിലുണ്ട്. മരങ്ങൾ, പ്ലാസ്റ്റിക്, ഫൈബർ എന്നിവയിൽ തീർത്ത ക്രിസ്മസ് ട്രീകൾ വിൽപനയ്ക്കുണ്ട്. മാസ്ക് 10 രൂപ മുതലും തൊപ്പി 40 രൂപ മുതലും ലഭ്യമാണ്.
ക്രിസ്മസ് അപ്പൂപ്പനെ ഒരുക്കാനുള്ള സാമഗ്രികൾക്കു വില കുറവാണ്. അലങ്കാര ബൾബുകൾ, ബോൾ, അലങ്കാര സെറ്റ് എന്നിവ പുതിയ നിറത്തിലും വലുപ്പത്തിലും ലഭ്യമാണ്. ചൈനീസ് നിർമിതമാണ് മിക്ക സാധനങ്ങളും. വില വർധന ഇല്ലെന്ന് കച്ചവടക്കാർ പറയുന്നു. കോവിഡ് നിയന്ത്രണങ്ങൾക്ക് അയവ് വന്ന ആദ്യ ആഘോഷമെന്ന നിലയിൽ ഏറെ പ്രതീക്ഷയോടെയാണ് ക്രിസ്മസിനെ വരവേൽക്കുന്നത്.