തിരുവനന്തപുരം:മാർച്ച്: 31ഇരട്ടവോട്ടുകള്‍ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും.
സംസ്ഥാനത്ത് നാല് ലക്ഷത്തി മുപ്പത്തിനാലായിരത്തിലധികം ഇരട്ടവോട്ട് ഉണ്ടെന്നും കള്ളവോട്ടിന് കൂട്ട് നിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടിയ്ക്ക് നിര്‍ദ്ദേശം നല്‍കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.
സംസ്ഥാനത്ത് 38,586 ഇരട്ടവോട്ടുകള്‍ മാത്രമാണ് കണ്ടെത്തിയതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ വോട്ടര്‍ പട്ടികയില്‍ മാറ്റം വരുത്താനാകില്ലെന്നും കോടതിയെ അറിയിച്ചിരുന്നു. കള്ളവോട്ട് തടയാനുള്ള നാലിന നിര്‍ദ്ദേശങ്ങള്‍ രമേശ് ചെന്നിത്തല കോടതിയ്ക്ക് കൈമാറിയിട്ടുണ്ട്.
80 വയസ്സിനു മുകളിലുള്ളവരുടെ പോസ്റ്റല്‍ വോട്ടുകള്‍ പ്രത്യേകം സൂക്ഷിക്കണം എന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും. നേമം, വാമനപുരം, വൈപ്പിന്‍ എന്നിവിടങ്ങളിലെ സ്ഥാനാര്‍ത്ഥികളായ കെ മുരളീധരന്‍, ആനാട് ജയന്‍, ദീപക് ജോയ് എന്നിവരാണ് കോടതിയെ സമീപിച്ചത്. എണ്‍പത് വയസ്സിനു മുകളിലുള്ളവരുടെ പോസ്റ്റല്‍ വോട്ടില്‍ തിരിമറി നടക്കാന്‍ സാധ്യത കൂടുതലാണെന്ന് ഹര്‍ജിയില്‍ പറയുന്നു. വിവിപാറ്റ് മെഷീനുകള്‍ക്കൊപ്പം പോസ്റ്റല്‍ ബാലറ്റുകള്‍ കൂടി സുരക്ഷിതമായി സൂക്ഷിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.