കണ്ണൂര്‍ : പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില ദിവസേന ഉയരുമ്പോള്‍ സിപിഎമ്മും സര്‍ക്കാരും പ്രതിഷേധിക്കുന്നത് ആത്മാര്‍ത്ഥതയോടെ അല്ലെന്നും ആണെങ്കില്‍ നികുതി ഒഴിവാക്കി ജീവിതഭാരം കുറക്കാനുള്ള നടപടിയാണ് എടുക്കേണ്ടതെന്നും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ഡപ്യൂട്ടി ലീഡര്‍ കെ സി ജോസഫ് പറഞ്ഞു.
പെട്രോള്‍- ഡീസല്‍, പാചകവാതക വില വര്‍ദ്ധനവിലും സംസ്ഥാനത്ത് നടക്കുന്ന പിന്‍വാതില്‍ നിയമനത്തിലും പ്രതിഷേധിച്ച് യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കലക്ടറേറ്റ് പടിക്കല്‍ നടത്തിയ പ്രതിഷേധ ധർണ്ണാ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുപിഎ ഭരണകാലത്ത് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില ഉയര്‍ന്നപ്പോള്‍ അന്ന് കേരളം ഭരിച്ചിരുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന് ലഭിക്കുമായിരുന്ന അധിക നികുതി ഒഴിവാക്കി ജനങ്ങള്‍ക്ക് ആശ്വാസം പകരുകയാണ് ഉണ്ടായത്.
ആ പാത പിണറായി സര്‍ക്കാര്‍ കാണിക്കണം. ഒരു വശത്ത് കേന്ദ്രത്തിനെ പഴിചാരുകയും മറുവശത്ത് കിട്ടുന്നതെല്ലാം ആകട്ടെയെന്ന സമീപനമാണ് പിണറായി സ്വീകരിക്കുന്നത്. ഇത് ജനവഞ്ചനയാണ് ഇനിയെങ്കിലും ജനങ്ങളോട് സര്‍ക്കാര്‍ കൂറ് കാണിക്കണമെന്നും കെ സി ജോസഫ് പറഞ്ഞു.
തൊഴിലന്വേഷകരായ ഉദ്യോഗാര്‍ത്ഥികളെ തെരുവിലിറക്കിയത് സംസ്ഥാന സര്‍ക്കാരാണ്. രാവും പകലും പഠിച്ച് പിഎസ് സി പരീക്ഷ എഴുതി വിജയിച്ച ഉദ്യോഗാര്‍ത്ഥി ഒരു തൊഴില്‍ലഭിക്കുമെന്ന് കരുതി കാത്തിരിക്കുകയാണ്. എന്നാല്‍ സര്‍ക്കാരാകട്ടെ ഇക്കാര്യം മറച്ച് വെച്ച് നിയമ വിരുദ്ധമായി താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുകയും പാര്‍ട്ടി നേതാക്കളുടെയും മന്ത്രിമാരുടെയും ബന്ധുക്കളെ പിന്‍വാതിലിലൂടെ നിയമിക്കുകയാണ് ചെയ്യുന്നത്.
തൊഴിലന്വേഷകരായ ഉദ്യോഗാര്‍ത്ഥികളെ വഞ്ചിക്കുന്ന നിലപാടാണ് ഇത്. റാങ്ക് ഹോള്‍ഡര്‍മാരായ ഉദ്യോഗാര്‍ത്ഥികള്‍ സമരം നടത്തുന്നത് രാഷ്ട്രീയതട്ടിപ്പാണെന്ന് പറയുന്ന ഡിവൈഎഫ്‌ഐക്കാര്‍ കഴിഞ്ഞ കാലങ്ങളില്‍ സമരം ചെയ്തിട്ടില്ലേ അന്നൊന്നും ഇല്ലാത്ത രാഷ്ട്രീയബോധം ഇപ്പോള്‍ എവിടെനിന്നാണ് വന്നതെന്ന് കെ സി ജോസഫ് ചോദിച്ചു.
രാജ്യതലസ്ഥാനത്ത് കര്‍ഷകര്‍ ന്യായമായ ആവശ്യമുന്നയിച്ച് സമരം നടത്തുമ്പോള്‍ തീവ്രവാദികളും പ്രതിപക്ഷ പാര്‍ട്ടികളുമാണ് സമരം നടത്തുന്നതെന്ന് പ്രചരണം നടത്തുന്നത് പോലെ കേരളത്തില്‍ ഉദ്യോഗാര്‍ത്ഥികളുടെ സമരം നടത്തിക്കുന്നത്പ്രതിപക്ഷമാണെന്ന്പറയുന്ന മുഖ്യമന്ത്രിയും സിപിഎമ്മും ബിജെപി സര്‍ക്കാരിന്റെ അതേ പാത പിന്തുടരുകയാണ്. ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണ് രണ്ട് സര്‍ക്കാരുകളെന്നും കെ സി ജോസഫ് എം.എൽ എ പറഞ്ഞു.
പ്രതിഷേധ ധർണ്ണാ സമരത്തില്‍ യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ പി ടി മാത്യു അധ്യക്ഷതവഹിച്ചു. ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി,മുസ്ലീം ലീഗ് സംസ്ഥാന ഉപാധ്യക്ഷന്‍ വി കെ അബ്ദുള്‍ ഖാദര്‍ മൗലവി,കെപിസിസി ജനറല്‍ സെക്രട്ടറിമാരായ വി എ നാരായണന്‍, അഡ്വ. സോണി സെബാസ്റ്റ്യന്‍, സജീവ് മാറോളി,ചന്ദ്രന്‍ തില്ലങ്കേരി,യുഡിഎഫ് മുന്‍ ജില്ലാ ചെയര്‍മാന്‍ പ്രൊഫ. എ ഡി മുസ്തഫ, മുസ്ലീം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുള്‍ കരീം ചേലേരി, വി പി വമ്പന്‍, സിഎംപി നേതാവ് സി എ അജീര്‍, ആര്‍ എസ് പി നേതാവ് ഇല്ലിക്കല്‍ അഗസ്തി, കേരള കോണ്‍ഗ്രസ് നേതാവ് അഡ്വ.റോജസ് സെബാസ്റ്റ്യന്‍, ജോര്‍ജ്ജ് വടകര, ഫോര്‍വേഡ് ബ്ലോക്ക് നേതാവ് അഡ്വ. മനോജ് കുമാര്‍,കെ ടി സഹദുള്ള, സഹജന്‍ പി ജെ, ജോസഫ് മുള്ളന്‍മട, ജോർജ്ജ് കാനാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.