രാജ്യമാകെ ഇന്ധന വില കുതിച്ചു കയറുമ്പോള്‍ പെട്രോളിന്‍റെയും ഡീസലിന്‍റെയും വില കുറച്ച് അസമും മേഘാലയയും. പെട്രോളിനും ഡീസലിനും ലീറ്ററിന് അഞ്ചു രൂപവീതം കുറയ്ക്കുമെന്ന് അസം ധനമന്ത്രി ഹിമന്ത ബിസ്വ സര്‍മ നിയമസഭയില്‍ അറിയിച്ചു. മദ്യത്തിന്‍റെ നികുതിയില്‍ അസം സര്‍ക്കാര്‍ 25 ശതമാനം കുറവും വരുത്തി. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് നിര്‍ണായക തീരുമാനം. ഭരണത്തുടര്‍ച്ച ലഭിക്കുമെന്നാണ് സര്‍ബാനന്ദ സോനോവാളിന്‍റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന്‍റെ പ്രതീക്ഷ. മേഘാലയയില്‍ പെട്രോളിനും ഡീസലിനും ലീറ്ററിന് 2 രൂപ വീതം കുറയ്ക്കുമെന്നാണ് മുഖ്യമന്ത്രി കൊണ്‍റാഡ് കെ സാങ്മ അറിയിച്ചത്. പുതുക്കിയ നിരക്ക് അസമില്‍ അര്‍ധരാത്രിയോടെയും മേഘാലയയില്‍ തിങ്കളാഴ്ച്ചയും നിലവില്‍ വരും.