ഇന്ത്യയിൽ വിതരണം ചെയ്യുന്ന രണ്ട് കോവിഡ് വാക്സിനുകളും സുരക്ഷിതവും ഫലപ്രദവുമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ വർധൻ.
മറിച്ചുള്ള പ്രചാരണങ്ങൾ അടിസ്ഥാന രഹിതമാണ്. ഇക്കാര്യത്തിൽ വാട്സ്ആപ്പ് യൂണിവേഴ്സിറ്റികളിൽ പ്രചരിക്കുന്ന വിവരങ്ങൾ വിശ്വസിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് പ്രതിരോധ വാക്സിന്റെ രണ്ടാംഡോസ് സ്വീകരിച്ചതിനു ശേഷം മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. വാക്സിൻ സ്വീകരിച്ച ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർക്ക് ആർക്കും പാർശ്വഫലങ്ങൾ ഒന്നും അനുഭവപ്പെട്ടിട്ടില്ല. ഇന്ത്യയിൽ വിതരണം ചെയ്യുന്ന കോവിഷീൽഡ്, കോവാക്സിൻ എന്നി വാക്സിനുകൾ സുരക്ഷിതവും രോഗപ്രതിരോധശേഷി നൽകുന്നതുമാണ്.
അതേസമയം, വാക്സിനേഷനു ശേഷം രോഗം ബാധിക്കുന്ന കേസുകൾ പലതും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടല്ലോ എന്ന ചോദ്യത്തിന്, വളരെ കുറച്ചു പേർക്കു മാത്രമാണ് വാക്സിൻ എടുത്തതിനു ശേഷവും രോഗം ബാധിച്ചിട്ടുള്ളതെന്നു മന്ത്രി മറുപടി നൽകി.