ഇടതു അനൈക്യം പുറത്തായിയെന്ന് യുഡിഎഫ്
പാലാ നഗരസഭാ ഹാളിൽ എൽഡിഎഫ് കൗൺസിലർമാർ തമ്മിലടിച്ച സംഭവം എൽ ഡി എഫിലെ അനൈക്യമാണ് തുറന്നുകാട്ടുന്നതെന്ന് യു ഡി എഫ് നേതൃയോഗം അഭിപ്രായപ്പെട്ടു. കേരളാ കോൺഗ്രസ് ജോസ് വിഭാഗവും സി പി എമ്മും തമ്മിൽ നിലനിൽക്കുന്ന അസ്വാരസ്യങ്ങളാണ് ഇതിന് പിന്നിൽ. പാലായിൽ സി പി എമ്മിനെ ജോസ് വിഭാഗം ഹൈജാക്ക് ചെയ്തതാണ് പ്രശ്നത്തിനിടയാക്കിയത്. അഞ്ചുമാസം ഒന്നിച്ചു ഭരിക്കാൻ കഴിയാത്തവർക്ക് എങ്ങനെ അഞ്ചു വർഷം ഒന്നിച്ച് ഭരിക്കാൻ കഴിയുമെന്ന് യോഗം ചോദിച്ചു.
നേതാക്കൾക്കിടയിൽ ഇല്ലാത്ത ഐക്യം എങ്ങനെ അണികൾക്കു ബാധകമാകുമെന്ന് യോഗം ചോദിച്ചു. ജോസ് വിഭാഗത്തിൻ്റെ നടപടിയിൽ ഇടതുപക്ഷത്ത് കടുത്ത അമർഷമുണ്ടെന്നതിൻ്റെ തെളിവാണിത്. നഗരസഭയുടെ പരിപാവനതയ്ക്ക് ഇടതുപക്ഷം കളങ്കം വരുത്തിയിരിക്കുകയാണ്. ഈ സംഭവത്തിലൂടെ പാലാക്കാർ വീണ്ടും ലോകത്തിനു മുന്നിൽ തലകുനിച്ചു നിൽക്കേണ്ട അവസ്ഥയാണ്.
സി പി എമ്മിനെ എല്ലാ വിധത്തിലും ജോസ് വിഭാഗം ഇല്ലായ്മ ചെയ്യുകയാണ്. സി പി എം പാർട്ടി ചിഹ്നത്തിൽ മത്സരിച്ചു വിജയിച്ച ഏക കൗൺസിലറെയാണ് കേരളാ കോൺഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡൻ്റും ജോസ് കെ മാണിയുടെ ഉറ്റ അനുയായിയുമായ ആൾ ആക്രമിച്ചത്. സി പി എമ്മിനെ വരുതിയിലാക്കാനുള്ള ശ്രമമാണ് ഇതിനു പിന്നിലുള്ളത്. ഒത്തുതീർപ്പായെന്ന ഇരു പാർട്ടികളുടെയും അറിയിപ്പ് പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനാണ്. ഈ അനൈക്യം എൽ ഡി എഫിൻ്റെ അടിത്തറ ഇളക്കുമെന്നും യോഗം പറഞ്ഞു. കയ്യാങ്കളി നടത്തിയവർക്കെതിരെ നടപടിയെടുക്കാൻപോലും കഴിയാതെ ഒത്തുതീർപ്പാക്കിയെന്ന ഇടതു പ്രഖ്യാപനം രാഷ്ട്രീയ പാപ്പരത്വവും ജനാധിപത്യത്തോടുള്ള വഞ്ചനയുമാണ്. പ്രൊഫ സതീഷ് ചൊള്ളാനി അധ്യക്ഷത വഹിച്ചു. റോയി മാത്യു എലിപ്പുലിക്കാട്ട്, സജി മഞ്ഞക്കടമ്പിൽ, കുര്യാക്കോസ് പടവൻ, ജോസ്മോൻ മുണ്ടയ്ക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.