രണ്ടു പതിറ്റാണ്ടുകാലത്തിലേറെയായി മണ്ഡലത്തിലെ ഇടതു പ്രവർത്തകരോട് തനിക്ക് ഹൃദയബന്ധമുണ്ടെന്നും തനിക്ക് വേണ്ടി പ്രവർത്തിച്ച ഇടതുമുന്നണി പ്രവർത്തകർക്കു നന്ദി പറഞ്ഞും മാണി സി കാപ്പൻ എം എൽ എ.
ഓരോ തിരഞ്ഞെടുപ്പുകളിലും ഇടതുമുന്നണി പ്രവർത്തകരുമായുള്ള ആത്മബന്ധമാണ് തനിക്ക് ആവേശമായിട്ടുള്ളതെന്നും കാപ്പൻ പറഞ്ഞു. ഇടതുപക്ഷമുന്നണിയിലെ ഓരോ പ്രവർത്തകരുടെയും ആത്മാർത്ഥമായ പ്രവർത്തനത്തിൻ്റെ ഫലമാണ് തൻ്റെ തിരഞ്ഞെടുപ്പ് വിജയമെന്ന് കാപ്പൻ ആവർത്തിച്ചു. താൻ പാലായ്ക്ക് വേണ്ടി സമർപ്പിച്ച പദ്ധതികൾക്ക് കരുതലോടെ ഒപ്പം നിന്ന് പിന്തുണ നൽകിയ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാർക്കും കാപ്പൻ നന്ദി പറഞ്ഞു.
പാലായ്ക്ക് വേണ്ടി അഹോരാത്രം പണിയെടുക്കുന്ന തന്നോടു അനീതി കാട്ടിയതായി മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. തോറ്റ കക്ഷിക്കു ജയിച്ച കക്ഷിയുടെ സീറ്റ് പിടിച്ചെടുത്ത് നൽകുന്ന അനീതിയാണ് ചെയ്തിരിക്കുന്നത്. ഇത് പാലായുടെ ജനവിധിയോടുള്ള വഞ്ചനയാണ്.
വ്യക്തിപ്രഭാവം കൊണ്ടാണ് ജയിച്ചതെന്ന് താൻ ഒരിടത്തും പറഞ്ഞിട്ടില്ല. അങ്ങനെ പ്രചരിപ്പിക്കുന്നത് തന്നെ തകർക്കാനുള്ള ഗൂഢാലോചനയാണ്. ഇടതു മുന്നണിയുടെ കൂട്ടായ പ്രവർത്തനവും പാലായിലെ ജനഹിതമാണ് തിരഞ്ഞെടുപ്പ് വിജയം നേടാൻ ഇടയാക്കിയത്. പാലാക്കാരോട് താൻ എന്നും കടപ്പെട്ടിരിക്കും. തന്നെ ഏൽപ്പിച്ച ജോലി ഭംഗിയായി നിർവ്വഹിക്കുന്നുണ്ട്. ജനത്തിനു മുകളിലല്ല, ജനസേവകനാണ് എന്ന ഉത്തമ ബോധ്യം തനിക്കുണ്ടെന്നും പാലാ തനിക്ക് ചങ്കാണെന്നും കാപ്പൻ വ്യക്തമാക്കി.