കേരള ഇൻലാൻഡ് നാവിഗേഷൻ കോർപറേഷനും സ്വകാര്യ കമ്പനിയായ ഇഎംസിസിയും ചേർന്ന് കരാർ ഉണ്ടാക്കിയതിനെ കുറിച്ച് അന്വേഷണം നടത്താൻ അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ.ജോസിനെ ചുമതലപ്പെടുത്തിയത് അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
വിവാദമായ ആഴക്കടൽ മത്സ്യബന്ധന പദ്ധതിയെപ്പറ്റി ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് പൂന്തുറയിൽ നടത്തുന്ന സത്യാഗ്രസമരം ആരംഭിച്ചുകൊണ്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടി.കെ.ജോസിന്റെ അന്വേഷണം സ്വീകാര്യമല്ല. അദ്ദേഹമാണ് സെക്രട്ടറി, സെക്രട്ടറിയും മുഖ്യമന്ത്രിയും അറിയാതെ കരാറിൽ ഒപ്പിടാനാകുമോ. അതിനാൽ ജുഡീഷ്യൽ അന്വേഷണമാണ് വേണ്ടത് എന്ന് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി ഒന്നും അറിഞ്ഞില്ലെങ്കിൽ ആ കസേരയിൽ ഇരിക്കുന്ന അദ്ദേഹത്തിന്റെ റോൾ എന്താണെന്നും അദ്ദേഹം ചോദിച്ചു.
താൻ വസ്തുതാപരമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. പ്രതിപക്ഷം ആരോപണം ഉയർത്തിയില്ലായിരുന്നുവെങ്കിൽ മന്ത്രിസഭയിൽ കരാറിന് അംഗീകാരം കൊടുക്കുകയില്ലായിരുന്നോ എന്നും ചെന്നിത്തല ചോദിച്ചു. തീരദേശമേഖലയിൽ ഉണ്ടായിരിക്കുന്ന ശക്തമായ അമർഷം സർക്കാർ കണ്ടില്ലെന്ന് നടിക്കരുത്. മന്ത്രിയെ മാറ്റിനിർത്തി ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണം.
തന്നെ മനോനില തെറ്റിയവനെന്ന് വിശേഷിപ്പിച്ച മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ നിലവാരത്തിലേക്ക് താഴാൻ ഉദ്ദേശിക്കുന്നില്ല. കളളം പിടിക്കപ്പെട്ടപ്പോൾ അവർ തോന്നിയത് പറയുന്നു. താൻ അവരുടെ ഭാഷയിൽ സംസാരിക്കാൻ തയ്യാറല്ലെന്നും ചെന്നിത്തല വ്യക്തമാക്കി.