മുൻ മുഖ്യമന്ത്രി ആർ. ശങ്കറിന്റെ മകളും തിരുവനന്തപുരം കോസ്മോപൊളിറ്റൻ ആശുപത്രി ഡയറക്ടറും കൺസൾട്ടന്റ് സർജനുമായ ഡോ. ബാബു സുഭാഷ് ചന്ദ്രന്റെ ഭാര്യയുമായ തിരുവനന്തപുരം കുന്നുകുഴി ആർ.സി. ജംഗ്ഷൻ ലക്ഷ്മിനിവാസിൽ എസ്. ശശികുമാരി (79) അന്തരിച്ചു.
ഇന്നലെ പുലർച്ചെ 3 മണിയോടെ തിരുവനന്തപുരം കോസ്മോപൊളിറ്റൻ ആശുപത്രിയിലായിരുന്നു അന്ത്യം. മൃതദേഹം ഇന്നലെ ഉച്ചയ്ക്ക് 2.30ന് ശാന്തികവാടത്തിൽ സംസ്കരിച്ചു.
ഒരുമാസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
നേരത്തെ ചെമ്പഴന്തി എസ്.എൻ കോളേജിൽ ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപികയായിരുന്നു. ഡോ. സുഭാഷ് ചന്ദ്രൻ ഉപരിപഠനത്തിനായി ഇംഗ്ലണ്ടിലേക്ക് പോയപ്പോൾ ജോലി രാജിവച്ച് ഒപ്പം പോയി. മടങ്ങിയെത്തിയശേഷം ആർ. ശങ്കർ നിർമ്മിച്ച ലക്ഷ്മിനിവാസിൽ സ്ഥിര താമസമാക്കുകയായിരുന്നു.
ഡോ. മനോജ്ചന്ദ്രൻ (യു.കെ), സുജിത്ത് ചന്ദ്രൻ എന്നിവർ മക്കളാണ്.
മരുമകൾ: രുഹിത മനോജ് (യു.കെ).
എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ പ്രസിഡന്റും കെ.പി.സി.സി മുൻ വൈസ് പ്രസിഡന്റുമായ മോഹൻ ശങ്കർ സഹോദരനാണ്.
മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, വി. ശിവൻകുട്ടി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ, എൻ.കെ. പ്രേമചന്ദ്രൻ എം.പി, കോൺഗ്രസ് നേതാക്കളായ വി.എം. സുധീരൻ, ടി. ശരത്ചന്ദ്ര പ്രസാദ്, ഡി.സി.സി പ്രസിഡന്റ് പാലോട് രവി, വിവിധ എസ്.എൻ.ഡി.പി യോഗം, യൂണിയൻ ഭാരവാഹികൾ തുടങ്ങിയവർ കുന്നുകുഴിയിലെ വീട്ടിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു.
കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ, കേരളാ കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി സി തോമസ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. സഞ്ചയനം ഞായർ രാവിലെ 9 ന്.