തിരുവല്ല ഇരവിപേരൂര്‍ ഗില്‍ഗാല്‍ ആശ്വാസഭവന്‍ സ്ഥാപകന്‍ ജേക്കബ് ജോസഫിന് സംസ്ഥാനത്തെ മികച്ച പച്ചക്കറി കര്‍ഷകനുള്ള പുരസ്കാരം. പാട്ടത്തിനെടുത്തതടക്കം 25 ഏക്കറിലാണ് വിവിധ കൃഷി. പച്ചക്കറികള്‍ ആശ്വാസഭവനിലെ അന്തേവാസികളുടെ ആവശ്യത്തിന് ഉപയോഗിച്ചശേഷം പുറത്തുള്ളവര്‍ക്കും വില്‍പ്പന നടത്തുന്നുണ്ട്.
അഗതികളുടെ സംരക്ഷണവും കൃഷിയും ഒരുപോലെ ദൈവിനിയോഗമായി കരുതുകയാണ് തിരുവല്ല ഇരവിപേരൂര്‍ ഗില്‍ഗാല്‍ ആശ്വാസഭവന്‍ സ്ഥാപകന്‍ പാസ്റ്റര്‍ ജേക്കബ് ജോസഫ് . തെരുവില്‍ ഉപേക്ഷിക്കപ്പെട്ടവരും അശരണരുമായ 350 പേരെ പരിപാലിക്കുന്നതിനൊപ്പമാണ് പാട്ടത്തിനെടുത്തതുള്‍പ്പെടെ 25 ഏക്കറില്‍ പച്ചക്കറിയും മറ്റ് വിളകളും കൃഷി ചെയ്യുന്നത്. സംസ്ഥാനസര്‍ക്കാരിന്‍റെ ഏറ്റവും മികച്ച പച്ചക്കറി കര്‍ഷകനുള്ള ഹരിതമിത്ര അവാര്‍ഡാണ് ജേക്കബ് ജോസഫിന് ലഭിച്ചത്.ഒരു ലക്ഷം രൂപയും സ്വര്‍ണമെഡലുമാണ് പുരസ്കാരം. ആശ്വാസഭവനിലെ അന്തേവാസികളുടെ ആവശ്യത്തിന് ചെയ്തു തുടങ്ങിയ പച്ചക്കറികൃഷി പിന്നീട് വ്യാപിപ്പിക്കുകയായിരുന്നു.
കാബേജ്, ക്വോളിഫ്ലവര്‍ തുടങ്ങി മധ്യകേരളത്തില്‍ വളരാന്‍സാധ്യതിയില്ലെന്ന് കരുതുന്നവയടക്കം എല്ലാത്തരം പച്ചക്കറികളും ഇവിടെ കൃഷി ചെയ്യുന്നു. 20 അടി ഉയരത്തില്‍ വെര്‍ട്ടിക്കല്‍ വെജിറ്റബിള്‍ ഗാര്‍ഡനുണ്ടാക്കി കാബേജ്, ക്വാളിഫ്ലവര്‍, ചീര എന്നിവയും കൃഷിചെയ്യുന്നു. പത്തനംതിട്ട ജില്ലയിലെ അഞ്ചു കൃഷിഭവനുകളിലേക്ക് ആവശ്യമായ പച്ചക്കറി തൈകളുംഇവിടെനിന്നു നല്‍കുന്നു. പശു, ആട്, കോഴി, വാത്ത എന്നിവയും വളര്‍ത്തുന്നു. ജൈവവളവും മണ്ണിര കംപോസ്റ്റും ഇവിടെ നിര്‍മിക്കുന്നു.തീറ്റപ്പുല്‍കൃഷി വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണിപ്പോള്‍ ജേക്കബ് ജോസഫ്. കൃഷിവകുപ്പിന്‍റെ സഹായത്തെയും ജേക്കബ് ജോസഫ് നന്ദിയോടെ ഓര്‍ക്കുന്നു.
