
തിരൂർ:കഴിഞ്ഞ മൂന്നു മാസമായി മലപ്പുറം ജില്ലയിലെ താനൂർ,തിരൂർ പോലീസ് സ്റ്റേഷൻ പരിധികളിൽ അർദ്ധ രാത്രി മുഖം മറച്ച് ആയുധങ്ങളുമായി നടന്ന് ഒരാൾ മോഷണം നടത്തുന്നുണ്ടായിരുന്നു. 2020 ഒക്ടോബർ മുതലാണ് മോഷണ പരമ്പര ആരംഭിക്കുന്നത്.
താനൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ പ്രദേശങ്ങളിൽ ഒരാൾ മുഖംമറച്ച് ഷർട്ട് ധരിക്കാതെ തോളിൽ ബാഗും തൂക്കി ആയുധധാരിയായി രാത്രിയിൽ കറങ്ങുന്നത് ശ്രദ്ധയിൽ പെട്ടു. പ്രദേശത്തെ നിരവധി സിസിടിവി കളിൽ ഇയാളുടെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. എന്നാൽ മുഖം മറച്ചിരുന്നതിനാൽ ഇയാളെ തിരിച്ചറിയാനായില്ല.
കടകളിലും വീടുകളിലും പൂട്ടുകൾ തകർത്ത് മോഷണം നടത്തുന്ന ഇയാൾക്ക് സിസിടിവി ക്യാമറകൾ തകർക്കുക എന്ന വിനോദവും ഉണ്ടായിരുന്നു. ഒക്ടോബർ 15 മുതൽ താനൂർ പോലീസ് കള്ളനായി വല വിരിച്ചു. നാട്ടുകാരും ഒപ്പമുണ്ടായിരുന്നു. മഫ്തിയിലും യൂണിഫോമിലും പലതവണ പട്രോളിങ് നടത്തിയിട്ടും ഫലമുണ്ടായില്ല. പലയിടങ്ങളിലും കള്ളൻറെ സാന്നിധ്യം തിരിച്ചറിയപ്പെട്ടെങ്കിലും പിടികൂടാനായില്ല.
