ആലുവ: നിയമവിദ്യാർത്ഥിനിയെ ഭർത്താവ് സുഹൈൽ തലാക്ക് ചൊല്ലിയതിനെതിരെ കുടുംബം നിയമനടപടിക്ക്. വിഷയത്തിൽ കേസെടുക്കണമെന്നാവശ്യപ്പെട്ട് വീണ്ടും പരാതി നൽകുമെന്ന് കുടുംബം അറിയിച്ചു. ഇതിനായി സുപ്രിംകോടതി അഭിഭാഷകന്റെ നിയമോപദേശം മോഫിയയുടെ പിതാവ് തേടി.
തലാക്കുമായി ബന്ധപ്പെട്ട രേഖകൾ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തിട്ടുണ്ട്. ഇത് സംബന്ധിച്ച് പള്ളിക്കമ്മിറ്റിയോട് വിവരങ്ങൾ ആരാഞ്ഞു. തലാക്ക് വിഷയത്തിൽ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് പള്ളിക്കമ്മിറ്റി പറയുന്നു. കേസെടുക്കുന്ന കാര്യത്തിൽ പൊലീസിനും അവ്യക്തത നിലനിൽക്കുന്നുണ്ട്.
ഡോക്ടറിൽ കുറഞ്ഞയാളെ വിവാഹം കഴിച്ചുവെന്ന എതിർപ്പ് സുഹൈലിന്റെ വീട്ടുകാർക്ക് ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇക്കാര്യം പറഞ്ഞ് മോഫിയയെ ക്രൂരമായി പീഡിപ്പിച്ചിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. മോഫിയയെ ഒഴിവാക്കി വേറെ വിവാഹം കഴിക്കാൻ സുഹൈൽ പദ്ധതിയിട്ടിരുന്നതായും പൊലീസ് പറയുന്നു.
മോഫിയ ഭർത്താവിന് അയച്ച ശബ്ദ സന്ദേശങ്ങൾ അന്വേഷണ സംഘത്തിന് നേരത്തെ ലഭിച്ചിരുന്നു. പീഡനം ഇനിയും സഹിക്കാൻ വയ്യെന്നും ജീവിച്ചിരിക്കാൻ തോന്നുന്നില്ലെന്നും സന്ദേശത്തിൽ മോഫിയ പറയുന്നുണ്ട്. സ്ത്രീധനത്തിന്റെ പേരിൽ ഭർതൃവീട്ടിൽ നടന്ന പീഡനങ്ങളെക്കുറിച്ചും ഓഡിയോ ക്ലിപ്പിൽ പരാമർശമുണ്ട്. മോഫിയയുടെ ഭർത്താവ് സുഹൈലിൽ നിന്നു പിടിച്ചെടുത്ത ഫോണിലാണ് നിർണായക തെളിവുകൾ അന്വേഷണ സംഘം കണ്ടെത്തിയത്. കോടതിയുടെ അനുമതിയോടെ ഫോൺ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കും.
ഗാർഹിക പീഡനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതികളുടെ വാട്‌സാപ്പ് ചാറ്റുകളും ഫോട്ടോകളും പരിശോധിക്കേണ്ടതുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചിരുന്നു. കോതമംഗലത്തെ വീട്ടിൽ എത്തിച്ച് തെളിവെടുക്കണം. വിവാഹ ഫോട്ടോകൾ പരിശോധിക്കണം. ഈ സാഹചര്യത്തിൽ കസ്റ്റഡി ആവശ്യമുണ്ടെന്ന് ക്രൈംബ്രാഞ്ച് കോടതിയെ ബോധിപ്പിച്ചിരുന്നു. തുടർന്നാണ് മൂവരെയും കോതമംഗലത്തെ വീട്ടിൽ തെളിവെടുപ്പിനെത്തിച്ചത്.