ആലപ്പുഴ ഹരിപ്പാട് കരുവാറ്റയിൽ ജ്വല്ലറി കുത്തിത്തുറന്ന് കവർച്ച.
30 പവൻ സ്വർണം അപഹരിച്ചു. ദേശീയപാതയിൽ കരുവാറ്റ കടുവൻ കുളങ്ങര ജംഗ്ഷനു സമീപമുള്ള ബ്രദേഴ്സ് ജ്വല്ലറിയിലാണ് ഇന്ന് മോഷണം നടന്നത്.
ലോക്കറിനു സുരക്ഷയ്ക്കായി വച്ചിരുന്ന സെൻസറിൽനിന്ന് ഉടമയുടെ മൊബൈലിലേക്ക് സന്ദേശം ലഭിച്ചപ്പോഴാണ് മോഷണ വിവരമറിഞ്ഞത്. ഉടൻ തന്നെ സ്ഥലത്ത് എത്തിയെങ്കിലും കടയ്ക്ക് സമീപത്ത് നിർത്തിയിട്ടിരുന്ന ഒരു പിക്ക് അപ്പ് വാൻ വേഗത്തിൽ പോകുന്നതായി കണ്ടതായി ഉടമ പറയുന്നു.
ജൂവലറിയിൽ ഡിസ്പ്ലേക്കായി സൂക്ഷിച്ചിരുന്ന ഗോൾഡ് കവറിംഗ് ആഭരണങ്ങൾ സമീപത്തെ കടയ്ക്ക് മുൻപിലായും കടുവൻ കുളങ്ങര അമ്പലക്കുളത്തിന് സമീപവും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കടയും ലോക്കറും കുത്തി തുറക്കാൻ ഉപയോഗിച്ചതെന്ന് സംശയിക്കുന്ന പിക്കാസും കടയ്ക്കുള്ളിൽ ഇരുന്ന കമ്പ്യൂട്ടർ മോണിറ്ററും കടയ്ക്ക് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.