ആറു വയസുകാരനെ അമ്മ കഴുത്തറുത്ത് കൊന്നത് ദൈവ പ്രീതിക്ക് വേണ്ടിയെന്ന് പോലീസ് പാലക്കാട് പൂളക്കാട് സ്വദേശി ഷാഹിദയാണ് മകൻ ആമിലിനെ വീട്ടിനകത്തെ ശുചിമുറിയിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. മദ്രസാ അധ്യാപികയായ ഷാഹിദ ബോധപൂർവമാണ് കൊല നടത്തിയതെന്നും പാലക്കാട് ടൗൺ സൗത്ത് പോലീസിന്റെ എഫ്ഐആർ റിപ്പോർട്ടിൽ പറയുന്നു. ഞായറാഴ്ച പുലർച്ചെ നാല് മണിയോടെയാണ് മനഃസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. മകനെ വിളിച്ചുണർത്തി ശുചിമുറിയിൽ കൊണ്ടുപോയി കൈകാലുകൾ കെട്ടി കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു. തൊട്ടടുത്ത വീട്ടിൽനിന്ന് നമ്പർ വാങ്ങി ഷാഹിദ തന്നെയാണ് കൊലപാതകത്തിനു ശേഷം ജനമൈത്രി പോലീസിനെ വിവരം അറിയിച്ചത്. ഇതിനു ശേഷമാണ് തൊട്ടടുത്ത മുറിയിൽ കിടന്നിരുന്ന ഷാഹിദയുടെ ഭർത്താവു പോലും വിവരം അറിയുന്നത്. ആദ്യഘട്ടത്തിൽ നാട്ടുകാരും ബന്ധുക്കളും ഇക്കാര്യങ്ങൾ വിശ്വസിച്ചിരുന്നില്ല. അന്ധവിശ്വാസി അല്ലെന്നും എന്നാൽ അവർക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടോ എന്ന സംശയമുണ്ടെന്നും ആയിരുന്നു നാട്ടുകാർ പറഞ്ഞത്. തുടക്കത്തിൽ പോലീസും ബലി നൽകിയാണ് കൊലപാതകമെന്ന് സ്ഥിരീകരിച്ചിരുന്നില്ല. കൂടുതൽ ചോദ്യം ചെയ്യലിന് ശേഷമാണ് അതിരാവിലെ തനിക്ക് ദൈവ വിളി ഉണ്ടായെന്നും മൂന്നാമത്തെ കുഞ്ഞിനെ ബലി നൽകിയതാണെന്നും ഷാഹിദ പോലീസിനെ അറിയിച്ചത്.