മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വഴി വായ്പ വിതരണം ചെയ്യുന്ന കമ്പനികള്‍ നിയമപരമല്ലെന്ന് ഓണ്‍ലൈന്‍ വായ്പായിടപാടുകളെക്കുറിച്ച് പഠിക്കാന്‍ റിസര്‍വ് ബാങ്ക് നിയോഗിച്ച വിദഗ്ധ സമിതിയില്‍ അംഗമായ രാഹുല്‍ ശശി. സാങ്കേതിക കാര്യങ്ങള്‍ക്കായാണ് തന്നെ സമിതിയില്‍ ഉള്‍പ്പെടുത്തിയതെന്നും മൂന്നുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കുമെന്നും സൈബര്‍ സുരക്ഷാവിദഗ്ധനായ രാഹുല്‍ ബെംഗളൂരുവില്‍ പറഞ്ഞു. കൃത്യമായ മാര്‍ഗരേഖ റിസര്‍വ് ബാങ്ക് കൊണ്ടുവരുന്നത് വരെ ഇത്തരം വായ്പായിടപാടുകളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതാണ് സുരക്ഷിതമെന്നും രാഹുല്‍ പറഞ്ഞു.
ഓണ്‍ലൈന്‍ വായ്പായിടപാടുകള്‍ പ്രത്യേകിച്ച് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വഴി ചെറുവായ്പകള്‍ വിതരണം ചെയ്യുന്ന സംഘങ്ങളുടെ കെണിയില്‍ കുടുങ്ങി മലയാളികള്‍ അടക്കം ആയിരക്കണക്കിന് പേര്‍ ലക്ഷങ്ങളുടെ കടക്കെണിയിലായി ജീവനൊടുക്കുന്ന ഘട്ടമെത്തിയപ്പോഴാണ് റിസര്‍വ് ബാങ്ക് ഇടപെടല്‍.
ആര്‍ബിഐ കഴിഞ്ഞ ദിവസം നിയോഗിച്ച ആറംഗസമിതിയില്‍ അംഗമായ മലയാളി രാഹുല്‍ ശശിക്ക് സ്വന്തം നാട്ടുകാരോട് പറയാനുള്ളത് ഇതാണ്. ഓണ്‍ലൈന്‍ വായ്പകളെല്ലാം നിയമവിരുദ്ധമല്ല, എന്നാല്‍ മൊബൈല്‍ ആപ്പുകള്‍ വഴിയുള്ള വായ്പകള്‍ പറ്റില്ലെന്ന് തന്നെ ഉറപ്പിച്ചുപറയുന്നു രാഹുല്‍ ശശി. ഓണ്‍ലൈനില്‍ ഇവയെ നിയന്ത്രിക്കന്‍ ഗൂഗിള്‍ അടക്കം കമ്പനികള്‍ ഇടപെടുന്നുണ്ട്. പ്ലേ സ്റ്റോറില്‍ നിന്ന് ചില ആപ്ലിക്കേഷനുകള്‍ നീക്കികഴിഞ്ഞു. ഈ നടപടികള്‍ പൂര്‍ണതോതിലാകണം. റിസര്‍വ് ബാങ്ക് നിയന്ത്രണവും ഉണ്ടാകുന്നത് വരെ കരുതല്‍ അനിവാര്യമാണ്.