തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ആത്മഹത്യാശ്രമത്തിനിടെ പൊള്ളലേറ്റ് മരിച്ച ദമ്പതിമാർ താമസിച്ചിരുന്ന വീടും ഭൂമിയും വിലയ്ക്ക് വാങ്ങി ബോബി ചെമ്മണ്ണൂർ. ഭൂവുടമയായ വസന്തയിൽനിന്നാണ് രാജൻ-അമ്പിളി ദമ്പതിമാരുടെ മക്കൾക്കായി ബോബി ചെമ്മണ്ണൂർ ഭൂമി വാങ്ങിയത്. രാജന്റെ രണ്ട് മക്കളുടെ പേരിൽ തന്നെയാണ് ഭൂമി രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഭൂമിയുടെ രേഖകൾ ശനിയാഴ്ച വൈകിട്ട് ഇതേസ്ഥലത്തുവെച്ച് ബോബി ചെമ്മണ്ണൂർ രാജന്റെ മക്കൾക്ക് കൈമാറും. അച്ഛനും അമ്മയും ഉറങ്ങുന്ന മണ്ണ് തങ്ങൾക്ക് തന്നെ വേണമെന്നും ഈ മണ്ണ് വിട്ട് എവിടേക്കുമില്ലെന്നും രാജന്റെ മക്കൾ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. തുടർന്നാണ് ബോബി ചെമ്മണ്ണൂർ ഇടപെട്ട് തർക്കം നിലനിന്നിരുന്ന ഭൂമിയും വീടും വസന്തയിൽനിന്നു വിലയ്ക്ക് വാങ്ങിയത്. നേരത്തെ സംസ്ഥാന സർക്കാരും യൂത്ത് കോൺഗ്രസും ഇവർക്ക് സാമ്പത്തിക സഹായം നൽകിയിരുന്നു.