ആക്രിക്കടയിൽ മൂന്നൂറിലധികം ആധാർ കാർഡുകളും, മറ്റ് പ്രധാന രേഖകളും
തിരുവനന്തപുരം കാട്ടാക്കടയിലാണ് സംഭവം.
ഇവിടത്തെ ആക്രിക്കടയില്‍ വില്‍പനയ്ക്കെത്തിച്ച കടലാസ് കൂട്ടത്തില്‍ നിന്നാണ് ആധാര്‍ ഉള്‍പ്പടെ നിര്‍ണായക രേഖകള്‍ കണ്ടെത്തിയത്.
കരകുളം ഭാഗത്ത് വിതരണം ചെയ്യാനുളള 300ലധികം ആധാര്‍ രേഖകളാണ് കവര്‍ പോലും പൊട്ടിക്കാത്ത നിലയില്‍ കടയിൽ നിന്നും കണ്ടെത്തിയത്.
രാവിലെ 11 മണിയോടെയാണ് തിരുവനന്തപുരം കാട്ടാക്കടയിലെ സദാശിവൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള ആക്രിക്കടയിൽ നിന്ന് ആധാർ രേഖകളുടെ കെട്ട് കണ്ടെത്തുന്നത്. ഇന്നലെ ഓട്ടോറിക്ഷയിലെത്തിയയാളാണ് ആധാർ രേഖകളുൾപ്പെടെ 50 കിലോയുടെ പേപ്പർ കെട്ട് കടയിൽ വിൽക്കുന്നത്. രാവിലെ സാധനങ്ങൾ തരം തിരിക്കുമ്പോഴാണ് കവർ പോലും പൊട്ടിക്കാത്ത ആധാർ രേഖകൾ കണ്ടെത്തുന്നത്. ബാങ്കിൽ നിന്നും ഇൻഷുറൻസ് കമ്പനികളിൽ നിന്നും രജിസ്ട്രേഷൻ ഓഫിസിൽ നിന്നുമടക്കമുള്ള രേഖകളും കണ്ടെത്തി.
നെടുമങ്ങാട് കരംകുളം ഭാഗത്തുള്ള ആളുകളുടെ വിലാസത്തിൽ ഉള്ളവയാണ് രേഖകൾ. ഇതിനെ അടിസ്ഥാനമാക്കിയുള്ള അന്വേഷണത്തിലാണ് കരംകുളത്ത് പോസ്റ്റൽ വകുപ്പിലെ താത്കാലിക ജീവനക്കാരിയിലേക്ക് അന്വേഷണം എത്തുന്നത്. ഓരോ ദിവസവും വിതരണം ചെയ്യാൻ സാധിക്കാത്ത തപാൽ ഉരുപ്പിടികൾ ജീവനക്കാരി വീട്ടിൽ സൂക്ഷിക്കുകയായിരുന്നു. ഇത്തരത്തിൽ വിതരണം ചെയ്യാൻ സാധിക്കാത്ത ഉരുപ്പിടികൾ പിന്നീട് വിതരണം ചെയ്യുകയായിരുന്നു പതിവ്. എന്നാൽ ജീവനക്കാരിയും ഭർത്താവും തമ്മിൽ ഇന്നലെ തർക്കമുണ്ടായെന്നും ഇതിനെ തുടർന്ന് വീട്ടിൽ സൂക്ഷിച്ചിരുന്ന ആധാർ അടക്കമുള്ള രേഖകൾ പുറത്ത് കൊണ്ടു പോയി വിറ്റത് ഭർത്താവണെന്നുമാണ് സൂചന.