അഴിമതി നടത്തിയ ശേഷം കയ്യൂക്ക് കാണിച്ചാൽ വകവെച്ച് തരില്ല: കെ.സുരേന്ദ്രൻ
അഴിമതിക്കെതിരെ നടപടിയെടുത്താൽ തെരുവിൽ നേരിടേണ്ടി വരുമെന്ന തോമസ് ഐസക്കിനെ വകവെച്ച് തരില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. നിയമങ്ങൾ പാലിക്കാതെ വിദേശത്ത് നിന്നും കടം വാങ്ങിയതു കൊണ്ടാണ് കിഫ്ബിക്കെതിരെ കേസെടുത്തതെന്നും ആലപ്പുഴയിൽ വിജയയാത്രയ്ക്ക് നൽകിയ സ്വീകരണത്തിൽ അദ്ദേഹം പറഞ്ഞു. എന്നാൽ ഇതിനെതിരെ കയ്യൂക്കിന്റെ ഭാഷയിൽ സംസാരിച്ചാൽ അത് നേരിടാൻ യുവമോർച്ച മാത്രം മതി. തെരുവിൽ നേരിടാൻ ഐസക്ക് 100 ജന്മം ജനിക്കേണ്ടി വരും. അഴിമതി നടത്തിലയ ശേഷം സമരം ചെയ്ത് രക്ഷപ്പെടാൻ ശ്രമിക്കുകയാണ് ഇടതുസർക്കാർ. മസാല ബോണ്ട് ഇറക്കുമ്പോൾ ആർബിഐയുടെ അനുമതി ഉണ്ടോ? ആരായിരുന്നു നിങ്ങളുടെ വിദേശത്തെ ഇടനിലക്കാർ? പിണറായി വിജയന്റെ അഴിമതി നേരിടാൻ ഉമ്മൻചാണ്ടിയെ ഇറക്കിയത് പരിഹാസ്യമാണ്. അഴിമതി ഇല്ലാത്ത വികസനമുള്ള പ്രീണനമില്ലാത്ത ഒരു കേരളം ഉണ്ടാക്കാനാണ് വിജയയാത്ര. നരേന്ദ്രമോദി സർക്കാരിന്റെ ഏഴുവർഷത്തെ അഴിമതി രഹിത ഭരണം നമ്മുടെ മുമ്പിലുണ്ട്.
കേരളത്തിൽ ഇടത്-വലത് മുന്നണികളുടെ ഭരണത്തിന് അന്ത്യം കുറിക്കും. ലോകം മുഴുവൻ തകർന്ന കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിലും തകരും. വൈരുദ്ധ്യാതിഷ്ഠിത ഭൗതികവാദം നടപ്പിലാകില്ലെന്ന് കമ്മ്യൂണിസ്റ്റുകാർക്കും മനസിലായി. ഇനി ദേശീയ ജനാധിപത്യ സഖ്യത്തിന്റെ കാലമാണെന്നും അദ്ദേഹം പറഞ്ഞു.