ഒന്നര മണിക്കൂറോളം ഹൃദയത്തിൻ്റെ പ്രവർത്തനം നിലപ്പിച്ചിട്ടാണ് സങ്കീർണമായ ഈ ശസ്ത്രക്രിയ നടത്തിയത്. സ്വകാര്യ ആശുപത്രികളിൽ 10 ലക്ഷം രൂപക്ക് മുകളിൽ ചെലവാകുന്ന ഈ ശസ്ത്രക്രിയക്ക് ജയദേവിന് ഒരു രൂപ പോലും ചെലവായില്ല.
ജനിതക തകരാറ് മൂലം ഹൃദയത്തിൻ്റെ പ്രവർത്തനം തകരാറിലായ യുവാവിന് മെഡിക്കൽ കോളേജാശുപത്രിയിൽ നടത്തിയ അത്യപൂർവ ശസ്ത്രക്രിയയിലൂടെ പുതുജൻമം. ചരിത്ര നേട്ടവുമായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി.
കായംകുളം വേലൻചിറ മണ്ണൂത്തറയിൽ രാജിവ് ജയലക്ഷ്മി ദമ്പതികളുടെ മകൻ ജയദേവി (25) നെയാണ് അതി സങ്കീർണമായ ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചത്. കഴിഞ്ഞ എട്ട് വർഷമായി ഇരുചക്ര വാഹന വർക്ക് ഷോപ്പ് നടത്തി വന്നിരുന്ന ജയദേവിന് ഹൃദയത്തിൻ്റെ സങ്കീർണമായ ജനിതക തകരാറ് മൂലം കടുത്ത ശ്വാസം മുട്ടലും കാലിൽ നീരും അനുഭവപ്പെട്ടിരുന്നു.
സാധാരണ കുട്ടികളിൽ പ്രകടമാകുന്ന ഈ അപൂർവ രോഗം ജയദേവിന് ബാധിച്ചതിനാൽ ചികിത്സയും ശസ്ത്രക്രിയയും അതി സങ്കീർണമായിരുന്നു.