കൊച്ചി കുമ്പളത്ത് ഹെലികോപ്ടർ അപകടത്തിൽപ്പെട്ടപ്പോൾ സഹായത്തിനെത്തിയ കുടുംബത്തെ സന്ദർശിച്ച് പ്രമുഖ വ്യവസായി എം.എ.യൂസഫലി. കഴിഞ്ഞ ഏപ്രിൽ 11നായിരുന്നു സാങ്കേതിക തകരാർ മൂലം യൂസഫലിയുടെ ഹെലികോപ്ടർ കുമ്പളത്ത് ചെളിനിറഞ്ഞ സ്ഥലത്ത് ഇടിച്ചിറങ്ങിയത്. അപടകത്തിൽപ്പെട്ടവരെ രക്ഷിക്കാൻ സമീപവാസിയായ രാജേഷും ഭാര്യ ബിജിയുമാണ് എത്തിയത്. ഇവരാണ് പ്രാഥമിക ശുശ്രൂഷ നൽകിയത്. വാഹനമെത്തി ആശുപത്രിയിലേക്ക് മാറ്റുന്നതുവരെ ഇവരുടെ വീട്ടിലാണ് യൂസഫലി കഴിഞ്ഞത്.
എം.എ.യൂസഫ് അലി ബിജിക്കും ഭർത്താവ് രാജേഷിനുമൊപ്പം.
നന്ദി പറയാനാണ് എത്തിയതെന്ന് യൂസഫലി പറഞ്ഞു. ലേക്‌ഷോർ ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് അപകടം നടന്നത്. ദൈവമാണ് രക്ഷിച്ചത്. അപകടം നടന്നപ്പോൾ മഴയത്ത് കുടയുമായി എത്തി പിടിച്ചുകൊണ്ടുവന്നത് ഈ സഹോദരനാണ്. ഇവരെ കാണാൻ എത്തുമെന്ന് നേരത്തെ അറിയിച്ചതാണ്.
എന്നാൽ പല കാരണങ്ങൾകൊണ്ട് സാധിച്ചില്ല. സർജറി നടത്തേണ്ടി വന്നു. നാല് മാസം വിശ്രമത്തിലായിരുന്നു. അതൊക്കെ കഴിഞ്ഞ് ഇപ്പോൾ നടക്കാൻ തുടങ്ങിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബിജിക്കും രാജേഷിനും നിരവധി സമ്മാനങ്ങളുമായാണ് അദ്ദേഹമെത്തിയത്. രാജേഷിന്റെ അടുത്ത ബന്ധുവിന്റെ വിവാഹത്തിന് ആവശ്യമായ എല്ലാ സഹായവും യൂസഫലി വാഗ്ദാനം ചെയ്തു
ബിജിക്കും കുട്ടിക്കും സമ്മാനങ്ങൾ കൈമാറുന്ന യൂസഫലി
കേരളം എന്റെ സംസ്ഥാനമാണ്. ഇവിടുത്തെ ജനങ്ങൾക്ക് ഉപകാരപ്രദമായ പദ്ധതികൾ നടപ്പാക്കും. ഇന്ത്യയൊട്ടാകെ നിക്ഷേപ സൗഹൃദമായിക്കൊണ്ടിരിക്കുകയാണ്. കേരളവും നിക്ഷേപ സൗഹൃദമാണ്, അല്ലെങ്കിൽ താൻ ഇവിടെ നിക്ഷേപം നടത്തില്ലല്ലോ. സംസ്ഥാനം വികസിക്കണം. ഇന്ത്യയും വികസിക്കണമെന്നും അദ്ദേഹം പറഞ്ഞു.