അടൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി എം.ജി കണ്ണൻ വരണാധികാരി മുമ്പാകെ കുത്തിയിരുന്നു പ്രതിഷേധിച്ചു. തനിക്കെതിരെ സി പി എം നടത്തുന്ന വ്യാജ പ്രചരണങ്ങൾ നടത്തുന്നുവെന്നാരോപിച്ചാണ് വരണാധികാരിയായ അടൂർ ആർഡിഒ ക്ക് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചത് . അർബുദ ബാധിതനായ മകനുമായി കണ്ണൻ തിരുവനന്തപുരം റീജയണൽ ക്യാൻസർ സെൻ്ററിൽ എത്തിയത് മാധ്യമങ്ങളിൽ വാർത്തയായിരുന്നു. ഇതിന് ശേഷമാണ് തനിക്കെതിരെ സൈബർ ആക്രമണം തുടങ്ങിയതെന്ന് സ്ഥാനാർത്ഥി പറയുന്നു. വ്യാജ മേൽവിലാസത്തിലാണ് ഇന്ന് രാവിലെ മുതൽ മണ്ഡലത്തിലെ വിവിധ ഇടങ്ങളിൽ ലഘു ലേഖകൾ വിതരണം ചെയ്തത്. കണ്ണനെയും പിതാവിനേയും ഭാര്യയേയും അപകീർത്തിപ്പെടുത്തുന്ന തരത്തിലാണ് ലഘുലേഖ. ഇതിനെ തുടർന്നാണ് യു.ഡി.എഫ് പ്രവർത്തകരും, സ്ഥാനാർത്ഥി എം. ജി കണ്ണനും അടൂർ വരണാധികാരിക്ക് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധം തുടങ്ങിയത്. വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാണാവശ്യം.