അടുത്ത 3 ആഴ്ച നിർണ്ണായകമെന്ന് ആരോഗ്യ വകുപ്പ്
മറ്റ് സംസ്ഥാനങ്ങളിൽ കോവിഡ്-19 അതിതീവ്ര വ്യാപനമുണ്ടായിരിക്കുന്ന സാഹചര്യത്തിൽ എല്ലാവരും ഒരിക്കൽ കൂടി ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ക്രമേണ ഉയർന്ന് 3500 കഴിഞ്ഞു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബഹുഭൂരിപക്ഷം ജനങ്ങളും പങ്കാളിയായിട്ടുണ്ട്. അതിനാൽ സംസ്ഥാനത്ത് വരുന്ന മൂന്നാഴ്ച നിർണായകമാണെന്നും ഈ സാഹചര്യം മുന്നിൽ കണ്ട് എല്ലാവരും ജാഗ്രത പുലർത്തണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.
കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ‘ബാക് ടു ബേസിക്സ്’ കാമ്പയിൻ ശക്തിപ്പെടുത്തുകയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. എല്ലാവരും സ്വയംരക്ഷ നേടുന്നതിന് കോവിഡ് പ്രതിരോധത്തിൽ ആദ്യം പഠിച്ച പാഠങ്ങൾ വീണ്ടുമോർക്കണം. ആരും സോപ്പും മാസ്കും സാമൂഹിക അകലവും മറക്കരുത്. വായും മൂക്കും മൂടത്തക്കവിധം മാസ്ക് ധരിക്കേണ്ടതാണ്. പൊതുസ്ഥലത്ത് മാസ്ക് ധരിക്കാത്തവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കും. ഇടയ്ക്കിടയ്ക്ക് കൈകൾ സാനിറ്റൈസർ കൊണ്ടോ സോപ്പുപയോഗിച്ചോ വൃത്തിയാക്കണം.
പ്രതിദിന കോവിഡ് പരിശോധനകൾ വർധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ആർടിപിസിആർ പരിശോധനയും വർധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം 33,699 ആർടിപിസിആർ പരിശോധന ഉൾപ്പെടെ ആകെ 60,554 പരിശോധനകളാണ് നടത്തിയത്. സംസ്ഥാനത്തിന് പുറത്തുനിന്നും വരുന്നവരുടെ ഒരാഴ്ച ക്വാറന്റൈനും നിർബന്ധമാക്കിയിട്ടുണ്ട്.
സിറോ സർവയലൻസ് സർവേ പ്രകാരം സംസ്ഥാനത്ത് 10.76 ശതമാനം പേർക്കുമാത്രമേ കോവിഡ് വന്നുപോയിട്ടുള്ളൂ. 89 ശതമാനം ആളുകൾക്കും കോവിഡ് വന്നിട്ടില്ലാത്തതിനാൽ എല്ലാവരും ജാഗ്രത പാലിക്കേണ്ടതാണ്. 45 വയസ് കഴിഞ്ഞവർ കഴിയുന്നതും വേഗത്തിൽ കോവിഡ് വാക്സിനെടുക്കേണ്ടതാണ്. സംസ്ഥാനത്ത് ഇതുവരെ 37,56,751 പേർ ആദ്യ ഡോസ് വാക്സിനും 4,47,233 പേർ രണ്ടാം വാക്സിനും ഉൾപ്പെടെ ആകെ 42,03,984 പേരാണ് വാക്സിനെടുത്തിട്ടുള്ളത്.