17.1 C
New York
Monday, February 6, 2023
Home Interviews സുരേഷ് ബാബു സ്വന്തം നാട് അറിയാതെ പോയ ഗായകൻ....

സുരേഷ് ബാബു സ്വന്തം നാട് അറിയാതെ പോയ ഗായകൻ….

Bootstrap Example

(ഷൈലജ കണ്ണൂർ)

സിനിമ എന്ന വിനോദം എനിക്ക് ഏറെ ഇഷ്ടമാണ് അതുകൊണ്ട് തന്നെ, എല്ലാ ഭാഷകളിലുമുള്ള സിനിമകൾ ഞാൻ കാണും.
അങ്ങനെയാണ് തെലുഗു സിനിമയിലെ യോഗി സിനിമയും ഞാൻ കാണുന്നത് അതിലെ ക്ലൈമാക്സ്‌ ഗാനം എന്നെ ഏറെ ആകർഷിച്ച ഒരു ഗാനമാണ്. ഈ ഗാനം പാടിയത് എന്റെ അയൽവക്കക്കാരണാണ് എന്ന് ഈയിടെ ആണ് അറിഞ്ഞത്.അദ്ദേഹം തെലുഗിൽ 2500 ൽ അധികം ഗാനങ്ങൾ പാടിയിരിക്കുന്നു,അതിൽ 1500 ഭക്തി ഗാനങ്ങൾ. അങ്ങനെയാണ് ഞാൻ അദ്ദേഹത്തെ കുറിച്ച് അന്വേഷണം നടത്തിയത്. മലയാളിയായ,തെലുഗരുടെ മനസ് കീഴടക്കിയ, തെലുഗർ സ്നേഹപൂർവ്വം ജൂനിയർ യേശുദാസ് എന്ന് വിളിക്കുന്ന ഗായകനെ ഞാൻ അറിയുന്നത്

കണ്ണൂർ ജില്ലയിലെ മണത്തണ ദേശത്തു,മടപ്പുരച്ചാൽ പുതിയ പുരയിൽ കൃഷ്ണന്റെയും മാധവിയുടെയും നാലു മക്കളിൽ മൂത്തവനാണ് സുരേഷ് ബാബു. മൂന്നാം ക്ലാസ്സ്‌ വരെ അമ്മയുടെ നാടായ വട്ടിയറയിൽ ആണ് പഠിച്ചത്. അതിനു ശേഷമാണ് മണത്തണ സ്കൂളിൽ വരുന്നത് നല്ലവണ്ണം പഠിക്കുകയും നല്ലവണ്ണം പാടുകയും ചെയ്യുമായിരുന്നു സുരേഷ്, എന്നാൽ വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ട് കാരണം സുരേഷിന് ആറാം ക്ലാസ്സിൽ വെച്ച് പഠിത്തം നിർത്തേണ്ടി വന്നു. പഠിക്കുകയും പാടുകയും ചെയ്യുന്ന കുട്ടിയെ വീട്ടിൽ നിർത്താൻ സുരേഷിനെ പഠിപ്പിച്ച അധ്യാപകൻ മാരായ നാരായണൻ നമ്പൂരി മാഷും തുളസീധരൻ മാഷും സമ്മതിച്ചില്ല. അവരുടെ പ്രേരണയും സഹായവും കാരണം സുരേഷിന് വീണ്ടും പഠിക്കാൻ അവസരം ലഭിച്ചു. ഇതിനിടെ ഒരുവർഷം നഷ്ടമായിരുന്നു സ്കൂളിൽ പഠിക്കുമ്പോൾ തന്നെ, യുവജനോത്സാവങ്ങളിൽ പാട്ടിനു പങ്കെടുത്തു സമ്മാനം വാങ്ങുമായിരുന്നു…

അങ്ങനെ പത്താം ക്ലാസ്സ്‌ പാസായി. 1984…85 ൽ, തലശ്ശേരി ബ്രണ്ണൻ കോളേജിൽ പ്രീഡിഗ്രിക്ക്‌ ചേർന്നു. കോളേജിൽ ചേരുമ്പോൾ സുരേഷിന് മുതൽ കൂട്ടായുള്ളതു പാട്ടും ആത്മവിശ്വാസവും മാത്രം. ബ്രണ്ണൻ കോളേജിൽ പഠിക്കുമ്പോഴും സ്റ്റേജ് പ്രോഗ്രാമിലെല്ലാം പാടുമായിരുന്ന സുരേഷിനെ ഒരു സീനിയർ സ്റ്റുഡന്റ് ശ്രെദ്ധിക്കുമായിരുന്നു പേര് നാസർ. ഒരു ദിവസം ബസ്റ്റോപ്പിൽ ബസ് കാത്തു നിൽക്കുമ്പോൾ, നാസർ വന്നു പറഞ്ഞു

“വാ എന്റെ കൂടെ ഒരു സ്ഥലം വരെ പോകാനുണ്ട്. “

നാസർ കൂട്ടിക്കൊണ്ടുപോയത് കോളയാട് പള്ളിയിൽ അച്ചനായിരുന്ന ഫാ: ഡൊമനിക്കിന്റെ അടുത്തേക്കായിരുന്നു. സംഗീതം ജീവനാഡിയാണ് എന്ന് വിശ്വസിക്കുന്ന അച്ഛൻ, ആ അച്ചന്റെ അടുത്തേക്കാണ് കൊണ്ടുപോയത്. ആ വർഷം ശിവരാത്രി മഹോത്സാവത്തിന്റെ ഭാഗമായി കോളയാട് പഞ്ചായത്തു ഗ്രൗണ്ടിൽ നടക്കുന്ന നാടകത്തിൽ പട്ടു പാടാൻ ഗായകനെ തേടിക്കൊണ്ടിരിക്കുകയായിരുന്നു അച്ചൻ. അവിടേക്കാണ് സുരേഷ് എത്തിയത്.അച്ചനാണ് ആ പാട്ടിന്റെ സംഗീത സംവിധായകൻ. അവിടെ വെച്ച് രണ്ടു പാട്ട് പാടി.

കുടജാദ്രിയിൽ കുടികൊള്ളും മഹേശ്വരി എന്ന ഗാനവും,

പിന്നെ അവതരണ ഗാനവും പാടി.

ആ പരിപാടി കഴഞ്ഞപ്പോൾ അച്ഛൻ പ്രതിഫലമായി 300 രൂപ കൊടുത്തു.. ജീവിതത്തിൽ ആദ്യം കിട്ടിയ പ്രതിഫലം. ഒരു കൈനീട്ടമായി സ്വീകരിച്ചു സുരേഷ്.

ആ പ്രോഗ്രാം കഴിഞ്ഞതിനു ശേഷം ഫാ : ഡൊമനിക് സുരേഷിനോട് പറഞ്ഞു
“നിന്റെ സ്വരം നന്ന് നിന്റെ മേഖല സംഗീതമാണെന്നും അത് ശാസ്ത്രീയമായി പഠിക്കണമെന്നും അത് തുടരണമെന്നും “

അങ്ങനെ പ്രീഡിഗ്രി പാതിവഴിയിൽ ഉപേക്ഷിച്ച, അച്ചൻ കൊടുത്ത കത്തും യാത്രാച്ചെലവിനുള്ള പണവുമായി തിരുവനന്തപുരത്തേക്കു വണ്ടി കയറി.

തിരുവനന്തപുരത്തു ഗാനഗന്ധർവൻ യേശുദാസ് നടത്തുന്ന ഗാനതരംഗിണി മ്യൂസിക് സ്കൂളിൽ എത്തുന്നത്. യേശുദാസിന്റെ P.A.ആയിരുന്ന സതീഷ് സത്യൻ (മലയാള സിനിമയുടെ നിത്യ വസന്തം ശ്രീ സത്യന്റെ മകനാണ് )

അവിടുന്ന് ഇന്റർവ്യൂ ന് പാട്ട് പാടാൻ പറഞ്ഞു, പാടി, അപ്പൊ തന്നെ അഡ്മിഷൻ കിട്ടി. സംഗീതം ജന്മസിദ്ധമായ സുരേഷിന് കഷ്ടപ്പാടുകൾ നിറഞ്ഞ ജീവിതത്തിൽ അവിടെ തുടരാൻ കഴിഞ്ഞില്ല. താമസിക്കുന്ന മുറിയുടെ വാടക കൊടുക്കേണ്ടത് ഒരു ചോദ്യചിഹ്നമായപ്പോൾ, സംഗീത പഠനവും പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു.

തരംഗിണിയിൽ നിന്നും സംഗീതത്തിന്റെ ബാലപാഠം സ്വായത്തമാക്കിയിരുന്നു

തിരിച്ചു നാട്ടിൽ വന്നപ്പോൾ ഡൊമനിക് അച്ചനെ അന്വേഷിച്ചപ്പോൾ അച്ചൻ സ്ഥലം മാറിപ്പോയി എന്ന് പറഞ്ഞു
പിന്നീട് കൂട്ടുകാരും മുതിർന്നവരുടെയും നിർദേശ പ്രകാരം കുട്ടികൾക്കു ട്യൂഷൻ എടുക്കാൻ തുടങ്ങി. ഇടയ്ക്ക് P.S.C.ടെസ്റ്റുകൾക്കും ശ്രെമിക്കുന്നുണ്ടായിരുന്നു. ട്യൂഷൻ കുട്ടികളുടെ ആ വർഷ S.S.L.C എക്സാം കഴിഞ്ഞു. അങ്ങനെ ഇരിക്കുമ്പോൾ ഫാ : ഡൊമനിക്കിന്റെ ഒരു ടെലിഗ്രാം സുരേഷിന് കിട്ടി. ആന്ധ്രായിലേക്ക് ചെല്ലാൻ പറഞ്ഞ്..

ആ സമയത്തു ആന്ധ്രാപ്രദേശിൽ വീശിയടിച്ച കൊടും കാറ്റിൽ സകലതും നഷ്ടപ്പെട്ടവർക്ക് വേണ്ടിയുള്ള ധനസമാഹരണത്തിന്റെ ഭാഗമായി അവിടുത്തെ ക്രൈസ്തവ സമൂഹം സംഘടിപ്പിക്കുന്ന ഗാനമേളയിൽ പാടാൻ വേണ്ടിയാണു വിളിപ്പിച്ചത്

സുരേഷ് ബാങ്ക് ടെസ്റ്റ്‌ എഴുതാൻ ബിഹാറിൽ പോകാൻ വേണ്ടി ഇരിക്കുകയായിരുന്നു. എന്നാൽ അച്ചൻ വിളിച്ചതല്ലേ ആന്ധ്ര വഴിപോകാം എന്ന് വിചാരിച്ച് പോയി

അവിടെ എത്തിയപ്പോൾ ഒരു പരിപാടി മാത്രമല്ല പല സ്റ്റേജ് പ്രോഗ്രാമിലും അർത്ഥ മറിയാതെ ഹിന്ദിയും തെലുങ്കും പാടേണ്ടി വന്നു. സുരേഷിന്റെ ബലത്തിൽ അച്ചന് ഗാനമേള ബുക്കിങ് കൂടി വന്നു. ദിവസങ്ങൾക്കു തിരക്കേറി ബുക്കിങ് ചെയ്യാൻ വരുന്നവർക്ക് ഒറ്റ ഡിമാൻഡ് മാത്രം ആ പയ്യൻ ഉണ്ടായിരിക്കണം

ബാങ്ക് ടെസ്റ്റിന്റെ കാര്യം സുരേഷ് അച്ചനെ ഓർമ്മിപ്പിച്ചു കൊണ്ടേയിരുന്നു ബാങ്ക് ടെസ്റ്റ്‌ ഒഴിയാ ബാധ ആയപ്പോൾ അച്ചൻ മൗനം വെടിഞ്ഞു അച്ഛൻ ചോദിച്ചു ഹാൾടിക്കറ്റ് കൈയിൽ ഉണ്ടല്ലോ അല്ലേ, സുരേഷ് ഹാൾടിക്കറ്റ് അച്ചന്റെ കൈയിൽ കൊടുത്തു. അച്ചൻ അതുവാങ്ങി രണ്ടാക്കി മടക്കി പിന്നെ നാലാക്കി മടക്കി പിച്ചി ചീന്തി കളഞ്ഞു അന്തം വിട്ടു നിന്ന സുരേഷിനെ കൂട്ടി കൊണ്ട് അടുത്ത സ്റ്റേജിലേക് യാത്രയായി. അങ്ങനെ ആറുമാസം കടന്നു പോയി. കുറച്ച് പണവുമായി സുരേഷ് നാട്ടിലേക്ക് തിരിച്ചു.

അങ്ങനെ നാട്ടിലുള്ള കൂര പോലുള്ള വീട് മാറ്റി വേറൊരെണ്ണം പണിയാനുള്ള ശ്രമത്തിലാണ് സുരേഷും കുടുംബവും.

അവിടേക്കാണ് 1992 ൽ അച്ചൻ വീണ്ടും വരുന്നത്. അന്ന് അച്ചൻ സുരേഷിനെ കണ്ട് തിരിച്ചു പോയി. പിറ്റേദിവസം വൈകീട്ട് വീണ്ടുംഎത്തി, ഒരു ഓഫർ വെച്ച് നീട്ടി.

“കൊച്ചിയിൽ പോയി യേശുദാസിനെ കണ്ടാലോ ഒപ്പം അർജുനൻ മാഷെയും”

ആ അസുലഭ അവസരം വിട്ടു കളയാൻ തയ്യാറായില്ല സുരേഷ്.
ആ സന്ധ്യാസമയത്ത് ഒരു പ്ലാസ്റ്റിക് കൂടിൽ ഒരു ജോഡി ഡ്രസ്സും ആയി അച്ഛന്റെ കൂടെ ആ പണി തീരാത്ത വീട്ടിൽ നിന്നും ഇറങ്ങി.

കൊച്ചിയിലെത്തിയ അച്ചൻ വാക്കുപാലിച്ചു യേശുദാസിന്റ കണ്ടു പിന്നെ അർജുനൻ മാഷിനെയും.
ആന്ധ്രയ്ക്ക് പോകാനായി തിരിച്ച് റെയിൽവേ സ്റ്റേഷനിൽ എത്തിയ അച്ഛൻ k.k. എക്സ്പ്രസ് വന്നു നിന്നപ്പോൾ ചോദിച്ചു എന്നാൽ പോകുവല്ലേ…താൻ നാട്ടിലേക്കും അച്ഛൻ ആന്ധ്രയിലേക്ക് എന്ന് സുരേഷ് വിചാരിച്ചു.എന്നാൽ കയറൂ എന്നായി അച്ഛൻ. എന്നാൽ എനിക്ക് പോകാനുള്ള തലശ്ശേരി ട്രെയിൻ വന്നില്ലല്ലോ അച്ചോ. എന്ന സുരേഷ്..
സുരേഷ് എന്നോടൊപ്പം ആന്ധ്രയിലേക്ക് എന്ന അച്ചൻ പറഞ്ഞു…

അച്ഛനെ സ്റ്റേഷനിൽ വണ്ടി കയറ്റാൻ വന്ന സ്വന്തം സഹോദരന്റെ കയ്യിൽ
സുരേഷിന്റെ വീട്ടിലേക്ക് അയക്കാൻ ഒരു കത്ത് കൊടുത്തു
“മകനേ ഞാൻ കൂടെ കൂട്ടുന്നു നോക്കിക്കൊള്ളാം “

അമ്പരന്നു നിന്ന സുരേഷ്, എന്റെ കൈയിൽ ഒരു ജോഡി ഡ്രെസ്സ് മാത്രമേ ഉള്ളൂ എന്ന് പറഞ്ഞ് നോക്കി. അച്ഛൻ അതൊന്നും ശ്രദ്ധിക്കാതെ സുരേഷിനെ തീവണ്ടിയിൽ കയറ്റി ബുക്ക്‌ ചെയ്ത സീറ്റ് കാണിച്ചു കൊടുത്തു ഉറങ്ങി ക്കോളാൻ പറഞ്ഞു.അധികം വൈകാതെ നാട്ടിൽ ഒരു കഥ പരന്നു.. സുരേഷിനെ ഒരു പള്ളിലച്ചൻ ആന്ധ്രായിലേക് പിടിച്ചുകൊണ്ടുപോയി എന്താവുമെന്നൊന്നും അറിയില്ല, “പാവം “

ആന്ധ്രായിലെത്തിയ സുരേഷിനെ കൂടുതൽ സംഗീത വേദികളിൽ അച്ചൻ പരിചയപ്പെടുത്തി, കൂടുതലും ക്രിസ്ത്യൻ ഭക്തി ഗാന വേദികളിൽ. പിന്നണിയിൽ ഓർക്കസ്ട്രയുമായി നിന്നവർ സുരേഷിനെ പുതിയ ഗായകനെ പറ്റി സംഗീത ലോകത്തെ മറ്റുള്ളവരോട് പറഞ്ഞു. ചെന്നൈയിൽ ഗായകനായ (വൈശാലിയിലെ ദും .. ദും ദുന്ദുഭി നാദം പാടിയ ഗായകൻ) ദിനേശിന്റെ സ്റ്റുഡിയോവിൽ ഒരു ക്രിസ്ത്യൻ ഭക്തി ഗാനത്തിന് ട്രാക് പാടാൻ സുരേഷ് എത്തി. ഓർക്കസ്ട്രയ്ക് നേതൃത്വം നൽകിയ റെക്സ് ഐസക് എന്ന സംഗീത സംവിധയകാൻ ഒന്നിന് പകരം പന്ത്രണ്ടു പാട്ടുകൾ പാടിച്ചു. അവിടെ വെച്ച് S.P.ബാലസുബ്രഹ്മണ്യം, വാനമ്പാടി ചിത്രയെയും അടക്കമുള്ള മുൻ നിര ഗായകരെ കാണുകയും പരിചയപ്പെടുകയും ചെയ്തു.

1993..മുതൽ 99 വരെ ആന്ധ്രയിൽ ക്രിസ്ത്യൻ ഭക്തിഗാന മേഖലയിൽ ആയിരുന്നു സുരേഷിന്റെ ജീവിതം ഇതിനിടെ പരിചയപ്പെട്ട ഫാദർ അലക്സ് സുരേഷിനെ ഡിഗ്രി ഇല്ലാതെ വിദൂര വിദ്യാഭ്യാസം വഴി മൈസൂർ സർവ്വകലാശാലയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദം എടുക്കാൻ സഹായിച്ചു. മുടങ്ങിപ്പോയ ഗാനഭൂഷണം തെലുഗു സർവ്വകലാശാലയിൽ നിന്നും പൂർത്തിയാക്കി. കൂടെ മോഹമായി കൊണ്ടുനടന്ന സൗണ്ട് എഞ്ചിനീയറിംഗ് ഡിപ്ലോമ എന്ന സ്വപ്നവും സഫലമാക്കി. ഒരു ജോലി ആയിട്ട് ചെയ്യാൻ വേണ്ടിയാണ് സൗണ്ട് എൻജിനീയറിങ് പഠിച്ചത് തന്നെ. ഒരു സാധാരണക്കാരന് സംഗീതം കൊണ്ട് ജീവിതം കരുപ്പിടിപ്പിക്കാൻ കഴിയില്ല എന്ന വിശ്വാസം കൊണ്ട് ആയിരിക്കാം സൗണ്ട് എൻജിനീയറിങ് പ്രൊഫഷൻ ആയി തെരഞ്ഞെടുത്തത് ഇതെല്ലാം നേടിയെടുക്കുന്നത് കഠിനാധ്വാനത്തിലൂടെ ആണ് എന്ന് ഓർമ്മവേണം രാത്രി ഗാനമേളയും പകൽ ക്ലാസ്സുമായി തുടർന്നുപോന്നു

അങ്ങനെ നീണ്ട എട്ടു വർഷക്കാലം ആന്ധ്രയിലെ ഖമ്മത്തായിരുന്നു താമസം. ആദ്യമൊക്കെ പള്ളിയിലായിരുന്നു പിന്നെ സംഗീത ബോധമില്ലാത്ത ചിലരുടെ കുശുകുശുപ്പ് കാരണം അവിടെനിന്നും മാറേണ്ടി വന്നു. പള്ളി ശ്മാശനത്തോട് ചേർന്ന് അച്ചന്മാർ വസ്ത്രം മാറുന്ന മുറി ഡൊമിനിക് അച്ചൻ ഏർപ്പാടാക്കി പ്രേതത്തെ പേടിയുള്ള അച്ഛന്മാർ വരെ കുരിശുമായി മാത്രം വരുന്ന ഈ പരിസരത്തെ മുറിയിൽ പാട്ടും പഠനവുമായി രണ്ടു വർഷത്തോളം കഴിഞ്ഞു

ആന്ധ്രയും പള്ളിയും തന്നെ ശരണം എന്ന് കരുതിയ നാളുകളിൽ എതിരാളികളുടെ എതിർപ്പ് കുറയ്ക്കാൻ ഒരുനാൾ വണ്ടിയിൽ പോകവേ സുരേഷ് അച്ചനോട് ഒരുപായംപറഞ്ഞു. പാട്ടുകൾ പാടുന്നു പള്ളിയിൽ താമസിക്കുന്നു മാർഗ്ഗം കൂടിയാലോ അച്ചോ.

ഫാദർ ഡൊമിനിക് സഡൻ ബ്രേക്കിട്ടു
വണ്ടി നിർത്തി രൂക്ഷമായി സുരേഷിനെ നോക്കി അട്ടഹസിച്ചു… ഇറങ്ങടാ…. സംഗീതത്തിന്റെ വഴിയിൽ ജാതിയും മാതാവും ഒന്നുമല്ല എന്ന വലിയ പാഠമായിരുന്നു അച്ചൻ അട്ടഹസിച്ചതിന്റെ പിന്നിൽ. ഏതോ ഒരു നിമിഷത്തിൽ വായിൽ നിന്നും പുറത്തു ചാടിയ വാക്കുകളെ സുരേഷ് വീഴുങ്ങി

ഭക്തിഗാന മേള ആൽബങ്ങൾ ഇലേക്ക് വഴിതുറന്നു. ഹൈദരാബാദിൽ രണ്ടു സ്റ്റുഡിയോകളിൽ ആയി സുരേഷ് മുന്നോട്ടുപോയി. ജീവിതം പച്ചപിടിച്ചു തുടങ്ങി

ഹനുമാൻ ചാലിസ എന്ന ഹിന്ദു ഭക്തിഗാനം ആൽബത്തിന് റിക്കോർഡിങ് സുരേഷിന്റെ സ്റ്റുഡിയോയിൽ നടക്കുന്നു. ട്രാക്ക് പാടാൻ വരേണ്ട ആൾ എത്തിയില്ല. സുഹൃത്തിന്റെ നിർദ്ദേശപ്രകാരം സുരേഷ് ട്രാക്ക് പാടി പിറ്റേന്ന് സ്റ്റുഡിയോവിൽ എത്തിയ ഗുജറാത്തി യായ നിർമ്മാതാവിന് സുരേഷിന്റെ പാട്ട് കേട്ടപ്പോൾ ഒറിജിനൽ ഗായകൻ പാടേണ്ട എന്നായി. എല്ലാ പാട്ടും സുരേഷ് പാടിയാൽ മതി എന്നായി. അത് സുരേഷിന്റെ ജീവിതത്തിലെ മറ്റൊരു അവസരത്തിന് തുടക്കമായിരുന്നു. ഹനുമാൻ ചാലിസ പുറമേ അയ്യപ്പഭക്തിഗാനങ്ങൾ കൂടി പാടി ഇതിനിടെ ചില സ്റ്റേജ് പരിപാടികളിൽ യേശുദാസ് പാടിയ തെലുഗു അയ്യപ്പഭക്തിഗാനങ്ങൾ സുരേഷ് പാടി അയ്യപ്പനും യേശുദാസും ജീവന്റെ ഭാഗമായ തെലുഗു മക്കൾക്ക് സുരേഷ് പാടുന്നിടത്തു തടിച്ചു കൂടി.

സുരേഷ് പാടുമ്പോൾ യേശുദാസിനെ ശബ്ദം പോലെയാണ് അതുകൊണ്ടുതന്നെ തെലുഗു മക്കൾ സുരേഷിനെ ജൂനിയർ യേശുദാസ് എന്നും പേരിട്ട് വിളിച്ചു..

ഗായകൻ എന്ന നിലയിൽ ആളുകൾ സുരേഷിനെ തിരിച്ചറിഞ്ഞു തുടങ്ങിയ വേളയിൽ. ഹൈദരാബാദിലെ ഒരു സ്റ്റേജ് പ്രോഗ്രാമിൽ പേദയാരുടു എന്ന തെലുഗ് സിനിമയിൽ യേശുദാസ് പാടിയ കഥിലെ… കാലമാ.. എന്ന സൂപ്പർ ഹിറ്റ്‌ ഗാനം പാടുകയായിരുന്നു സുരേഷ്. പ്രണയിച്ച പുരുഷനെ വിവാഹം കഴിച്ചതിനു വീട്ടിൽ നിന്നും പടിയടച്ചു പിണ്ഡം വെച്ച് പുറത്താക്കപ്പെട്ട കാമുകിയെ ആശ്വസിപ്പിക്കുന്നതാണ് ഗാനരംഗം. ഗാന ലഹരിയിൽ മുഴുകിയ ശ്രോതാക്കളെ വകഞ്ഞു മാറ്റി കൊണ്ട് ആൾക്കൂട്ടത്തിൽ നിന്നും ഒരാൾ വേദിക്ക് മുന്നിലെത്തി പാട്ടു തീരും വരെ കാത്തിരുന്നു.

ഗായകനെ പരിചയപ്പെടണമെന്നു വന്നയാൾ ആവശ്യപ്പെട്ടു. സുരേഷ് അദ്ദേഹത്തിന്റെ അടുത്ത് വന്നപ്പോൾ കെട്ടിപ്പുണർന്നു സ്വയം പരിചയ പ്പെടുത്തി. എന്റെ പേര് സായിശ്രീ ഹർഷ. ഞാനാണ് ഈ പാട്ടെഴുതിയത്.. തെലുഗിലെ അറിയപ്പെടുന്ന ഗാന രചയിതാവായിരുന്നു സായി ശ്രീ ഹർഷ

പിന്നണി ഗാന രംഗത്തേക്കുള്ള ക്ഷണം ആയിരുന്നു ആ കൂടിക്കാഴ്ച. ആ കൂടി കാഴ്ച്ചയിൽ നിന്നും മീനാക്ഷി എന്ന അടുത്ത സിനിമയിലേക്ക് സുരേഷിന് ആയി അദ്ദേഹം ഒരു പാട്ടെഴുതി.

സഹോദരിയെ കല്യാണം കഴിച്ച വീട്ടിൽ സ്ത്രീധനത്തിന്റെ പേരിൽ, സഹോദരിയെ ഭർത്താവും, ഭർത്താവിന്റെ അമ്മയും കൂടി മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു കൊല്ലുന്നു.ആ അവസരത്തിൽ സഹോദരൻ എത്തുകയും കുട്ടിയെ രക്ഷിക്കുകയും ചെയ്യുന്നു. ആ കുട്ടിയെ സഹോദരൻ വളർത്തുന്ന സീനിൽ ഒരു താരാട്ടു പാട്ടുണ്ട്. ആ പാട്ട് പാടുന്നത് സുരേഷ് ആണ്.

ആ താരാട്ട് പാട്ടോടെ 2005 ൽ സുരേഷ് പിന്നണി ഗാന രംഗത്തേക്ക് കാലെടുത്തു വെച്ചു..

ഇതിനിടെ ഗുണ്ടൂരിൽ യേശുദാസിനെ ആദരിക്കുന്ന ചടങ്ങ് നടന്നു. ദാസരി കൾച്ചറൽ അസോസിയേഷൻ ആയിരുന്നു സംഘാടകർ. സ്റ്റേജ് പ്രോഗ്രാമിൽ സുരേഷിനായിരുന്നു ദാസേട്ടന്റെ ഗാനങ്ങൾ പാടാനുള്ള അവസരം. പാട്ടുകാരനെ ദാസേട്ടൻ ശ്രെദ്ധിച്ചു. അവിടെ ദാസേട്ടനും പാടി. തരംഗിണിയിൽ പഠിച്ചതാണ് എന്ന് സുരേഷ് സ്വയം പരിചയപ്പെടുത്തി. പരിപാടി കഴിഞ്ഞപ്പോൾ, ഹൈദരാബാദ് വിമാനത്താവളം വരെയുള്ള യാത്രയിൽ സുരേഷിനെ ദാസേട്ടൻ സ്വന്തം വാഹനത്തിൽ കയറ്റി അരികിലിരുത്തി. അവിസ്മരണീയമായിരുന്നു ആ യാത്ര എന്ന് സുരേഷ് പറയുന്നു. ആ ബന്ധം ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുന്നു.

സുരേഷിന്റെ ജീവിത സഖിയായി പത്തനംതിട്ടക്കാരി അശ്വതി കടന്നു വന്നതും ദാസേട്ടന്റെ അനുഗ്രഹ വർഷത്തിലായിരുന്നു. ഹൈദരാബാദിലെ വീട്ടിൽ സ്വീകരണ മുറിയിൽ യേശുദാസിന്റെ വലിയ ഒരു ചിത്രം ഉണ്ട്. എല്ലാ ദിവസവും ആ ചിത്രത്തിന് മുന്നിൽ മിഴികളടച്ചു കൈകൂപ്പി പ്രാർത്ഥിച്ചിട്ടാണ്, സുരേഷിന്റെയും അശ്വതിയുടെയും ഓരോ ദിവസവും തുടങ്ങുന്നത്.

2006ൽ തെലുഗു സിനിമയിൽ ഒരു സൂപ്പർ ഹിറ്റ്‌ പടം പിറന്നു യോഗി.

ഏറെ കാലത്തെ പ്രാർത്ഥനക്കു ഒടുവിൽ പിറന്ന മകൻ, (നായകൻ ) കൂട്ടുകാരനെ അന്വേഷിച്ചു നഗരത്തിൽ ചെല്ലുന്നു. എന്നാൽ സാഹചര്യം അവനെ ഗുണ്ട ആക്കുന്നു. വളരെ നാളായിട്ടും മകനേ കാണാത്തതിനാൽ അമ്മ നഗരത്തിൽ എത്തുന്നു മകനേ അന്വേഷിഷിച്ചു കൊണ്ടിരിക്കുന്നു. മകനേ കണ്ടെത്താനാവാതെ അമ്മ മരിക്കുന്നു. മരിച്ചത് അമ്മയാണെന്നറിയാതെ ശവസംസ്കാര ചടങ്ങിൽ പങ്കാളിയാവുന്നു. അവസാനം കൂട്ടുകാരൻ പറയുന്നു മരിച്ചത് നിന്റെ (നായകന്റെ )അമ്മയാണെന്ന്. പ്രഭാസും,ശാരദയും, രാജൻ. പി. ദേവും, നയൻ താരയും. തകർത്ത് അഭിനയിച്ച ചിത്രത്തിലെ ക്ലൈമാക്സ്‌ പാട്ട്. തെന്നിന്ത്യയിലെ പ്രശസ്ത ഗായകനായി നീക്കി വെച്ചതായിരുന്നു. അതിന്റെ ട്രാക്ക് സുരേഷ് പാടുന്നു. ട്രാക്ക് കേട്ട അണിയറ ശിൽപ്പികൾ, പിന്നെ വേറൊരു ഗായകനെ തേടിയില്ല.

മലയാള സിനിമയിൽ ആകാശ ദൂതു പോലെ, തെലുഗരെ കരയിച്ച സിനിമയായിരുന്നു യോഗിയും അതിലെ ഗാനമായ എനോമ നോചിന്ത… യെ പൂജ ചേസിന്ത..

സുരേഷിന്റെ പാട്ടു സിനിമയിൽ ഉൾപെടുത്തിയ വിവരം സുരേഷിന് അറിയില്ല. ഇതൊന്നും അറിയാതെ യേശുദാസിന്റെ മകൻ വിജയ് യേശുദാസിന്റെ കല്യാണത്തിന് പോയപ്പോൾ ഒരു സംവിധയകാൻ വന്നു പറയുന്നു. യോഗി സിനിമയിൽ നിങ്ങൾ പാടിയ പാട്ടു നന്നായിട്ടുണ്ട് എന്ന്.. സുരേഷ് അന്തം വിട്ടു നിന്ന്. ആരോടും മിണ്ടാതെ ഒറ്റക് പോയി ആ സിനിമ കണ്ടു. അപ്പോഴാണ് അറിയുന്നത്

ആ ഒരൊറ്റ ഗാനം സുരേഷിന്റെ തലവര മാറ്റി ചിത്രവും പാട്ടും സൂപ്പർ ഹിറ്റ്‌. ഗാനരചനക്ക് ദേശീയ അവാർഡ് നേടിയ ശുദ്ധാല അശോക് തേജ ആയിരുന്നു പാട്ട് എഴുതിയത്. പിന്നീട് അങ്ങോട്ട് അദ്ദേഹം പാട്ട് എഴുതുന്ന സിനിമകളിൽ ഒരെണ്ണം സുരേഷിന് നീക്കി വെച്ചു തുടങ്ങി.

പിന്നെ അവസരങ്ങൾ ഒന്നൊന്നായി എത്തി. തെലുഗു സിനിമയിലെ സംവിധായകരെ അഭിനേതാക്കളാക്കി 2013 ൽ ഇറങ്ങിയ ആകാശംലോ സഖം. എന്ന സിനിമയിലെ

യെദി പാപം.. യെദി പുണ്യം തെലുങ്കിലെ ഉയർന്നു വരുന്ന ഗായകനുള്ള മിർച്ചി അവാർഡിന് അർഹനാക്കി.

ഇതിനിടെ തമിഴും കന്നഡയിലും സുരേഷ് പാടി. മലയാളത്തിലേക്ക് മാത്രം വന്നില്ല.

മലയാളത്തിൽ സംഗീത സംവിധാനം നിർവഹിക്കാൻ അടുത്ത സുഹൃത്തിന്റെ ക്ഷണം ഉണ്ടായിരുന്നു പറ്റില്ലെന്ന് പറഞ്ഞെങ്കിലും വിട്ടില്ല. ഗിരീഷ് പുത്തഞ്ചേരി വരികളെഴുതും.. ഒടുവിൽ തൃപ്പുണിത്തറയിൽ പുത്തഞ്ചേരിയെ സുരേഷ് വന്നു കണ്ടു, പരിചയപ്പെട്ടു. അദ്ദേഹം വരികൾ പറഞ്ഞു കൊടുത്തു. സുരേഷ് എഴുതിയെടുത്തു അന്ന് വൈകീട്ട് കൊച്ചിയിലെ ഒരു പരിപാടിയിൽ സുരേഷ് പാടി. കേൾക്കാൻ പുത്തഞ്ചേരിയും ഉണ്ടായിരുന്നു. തിരിച്ചെത്തിയ അദ്ദേഹം പറഞ്ഞു

“സുരേഷ് ഈ സിനിമ നമ്മൾ ചെയ്യുന്നില്ല, നീ പാടേണ്ടവനാണ് പാടിയാൽ മതി. നിർമ്മാതാവിന് ഉറപ്പു കൊടുത്ത വിവരം സുരേഷ് പറഞ്ഞു നോക്കി

“പാടിയാൽ മതി ഇല്ലെങ്കിൽ ” പുത്തഞ്ചേരിയുടെ ഗൗരവം നിറഞ്ഞ മറുപടി. അദ്ദേഹം ജീവിതത്തിൽ നിന്നും തിരിച്ചു പോകുന്നതിന് ഏതാനും ദിവസങ്ങൾക്കു മുൻപായിരുന്നു ഈ കൂടി കാഴ്ച. ഒരു പക്ഷെ പുത്തഞ്ചേരിയുടെ ഒടുവിലെത്തേതായ അയ്യപ്പ സ്തുതിയും അത് തന്നെ ആയിരിക്കാം
അത് എഴുതിയ കടലാസ് സുരേഷ് ഇപ്പോഴും നിധി പോലെ സൂക്ഷിക്കുന്നു.

ഓങ്കാര പൊരുളെ സ്വാമി..
ആഴിയിൽ അദ്വൈതത്തിൻ സൂര്യൻ
അരവണ തേടുമ്പോൾ
അമ്പല മുകളിൽ ചെമ്പക മലരായ്
അമ്പിളി ചായുന്നു.

ഇതിനിടയിൽ പല തവണ നാട്ടിൽ വന്നുപോയി. ഓരോ തവണയും മെലഡി ഓർക്കസ്ട്രാക്കൊപ്പം ആദ്യമായി പൊതു വേദിയിൽ പാടിയ നാട്ടിലെ (മണത്തണ ) ചപ്പാരം ക്ഷേത്രമുറ്റം.. അവിടെ ചെന്ന് തൊഴുകൈയോടെ കുറച്ച് സമയം പ്രാർത്ഥിച്ചു നിൽക്കും. ജീവിത വഴിയിൽ താങ്ങായും തണൽ മരമായും നിന്ന ഡൊമനിക് അച്ചനെയും ദാസേട്ടനെയും ഓർക്കും.

എന്നാൽ പള്ളിലച്ചൻ കൊണ്ട് പോയ ആ പഴയ പാവം പാട്ടുകാരൻ വളർന്നു വലുതായ കഥ അവരിൽ പലർക്കും അറിയില്ല..

ഇപ്പോഴും തെലുഗരുടെ മനസ് കീഴടക്കി പാടിക്കൊണ്ടിരിക്കുന്ന ഭാവ ഗായകന് ആശംസകൾ അർപ്പിക്കുന്നു. അതോടൊപ്പം ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു

Facebook Comments

COMMENTS

- Advertisment -

Most Popular

ആത്മാവില്ലാത്ത വിശ്വാസം മരണമാണെങ്കിൽ പ്രവർത്തികൾ ഇല്ലാത്ത വിശ്വാസവും മരണമാണ്, ഡോ:റെയ്ന തോമസ്

ഡാളസ്: ആത്മാവില്ലാത്ത ശരീരം മരണമാണെന്ന് നാം വിശ്വസിക്കുന്നുവെങ്കിൽ പ്രവർത്തികൾ ഇല്ലാത്ത വിശ്വാസവും മരണമാണെന്ന് ഡോ:റെയ്ന തോമസ് അഭിപ്രായപ്പെട്ടു. ആത്മാവ് നമ്മിൽ വസിക്കുന്നു എങ്കിൽ അത് നമുക്ക് ജീവൻ നൽകുന്നു അതിലൂടെ നല്ല പ്രവർത്തികൾ...

ബൈഡനും കമലാ ഹാരിസും സ്ഥാനമൊഴിയണമെന്ന് റിപ്പബ്‌ളിക്കൻ അംഗം ജോ വിൽസൺ 

സൗത്ത് കരോലിന: അമേരിക്കൻ ജനതയെ ദിവസങ്ങളോളം മുൾമുനയിൽ നിർത്തിയ ചൈനീസ് ചാര ബലൂൺ സംഭവത്തിൽ പ്രസിഡന്റ് ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസും സ്ഥാനമൊഴിയണമെന്ന് ഹൗസ് ആംഡ് സർവീസസ് കമ്മിറ്റി റിപ്പബ്ലിക്കൻ സൗത്ത്...

വനംവകുപ്പ് ചെക്ക് പോസ്റ്റില്‍ മദ്യലഹരിയില്‍ ബഹളം: ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്തു: രണ്ടു നേതാക്കള്‍ അറസ്റ്റില്‍

വനംവകുപ്പിന്റെ ചെക്ക് പോസ്റ്റില്‍ വാഹനം പരിശോധിക്കാന്‍ തടഞ്ഞതിന്റെ പേരില്‍ മദ്യലഹരിയില്‍ സിപിഎം-സിഐടിയു നേതാക്കളുടെ അഴിഞ്ഞാട്ടം. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പരാതിയില്‍ രണ്ടു പേരെ പമ്പ പോലീസ് അറസ്റ്റ് ചെയ്തു. സിഐടിയു നേതാവും അട്ടത്തോട് സ്വദേശിയുമായ...

മഞ്ഞിനിക്കര പെരുന്നാൾ കൊടിയേറി: തീർത്ഥാടന സംഗമം ശനിയാഴ്ച

മഞ്ഞിനിക്കര : മോർ ഇഗ്നാത്തിയോസ് ഏലിയാസ് ത്രിദ്വിയൻ പാത്രിയർക്കീസ് ബാവായുടെ 91 മത് ദുഃഖ്റോനോ പെരുന്നാളിന് മഞ്ഞിനിക്കര കബറിങ്കൽ കൊടിയേറ്റി. രാവിലെ 10 ന് ദയറാ പളളിയിലെ വിശുദ്ധ മൂന്നിമേൽ കുർബ്ബാനയ്ക്ക് ശേഷം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: