17.1 C
New York
Monday, September 20, 2021
Home Interviews സിന്ധുവിന്റെ ചിന്തുകൾ (അഭിമുഖം)

സിന്ധുവിന്റെ ചിന്തുകൾ (അഭിമുഖം)

തയ്യാറാക്കിയത്: ഡോ. അജയ് നാരായണൻ, Lesotho

ഓൺലൈൻ മാധ്യമങ്ങളിലെ സജീവസാന്നിധ്യം, ഒപ്പം പത്രപ്രവത്തനത്തിന്റെ യുവമുഖം. അങ്ങനെയാവണം സിന്ധുഗാഥ എന്ന യുവസാഹിത്യകാരിയെ ഇന്ന് അടയാളപ്പെടുത്തേണ്ടത്. സിന്ധു സ്വയം പരിചയപ്പെടുത്തുന്നത് ഇങ്ങനെ.

അജയ് നാരായണൻ – യുവസാഹിത്യകാരിൽ ഒഴിച്ചുകൂടാനാവാത്ത ഒരു സാന്നിധ്യമായി ഞാൻ സിന്ധുവിനെ കരുതുന്നു.
മുഖവുര – ആരാണു സിന്ധു എന്നു വായനക്കാർക്ക് വേണ്ടി ഒന്നു പറയാമോ?
 
സിന്ധു – ഞാൻ സിന്ധു ഗാഥ (സിന്ധു എന്റെ സ്വന്തം പേരും ഗാഥ എഴുതാനായി കടം കൊണ്ട പേരും).  
കോഴിക്കോട് വെസ്റ്റ്ഹില്ലിൽ ജനനം. പരേതനായ പട്ടഞ്ചേരി നായർ വീട്ടിൽ രവീന്ദ്രൻ നായരുടെയും മേച്ചേരി പങ്കജാക്ഷിയുടെയും മൂത്ത മകൾ. പഠിച്ചതും വളർന്നതും കരിമ്പനകളുടെ നാട്ടിൽ, ഇമ്മടെ പാലക്കാടിൽ. ഇപ്പോൾ താമസം ഇന്ത്യയുടെ ഉദ്യാന നഗരമെന്നറിയപ്പെടുന്ന ബാംഗ്ലൂരിൽ, ഭർത്താവ് ഷൈജുവും  മോള്  അലീറ്റയുമൊത്ത്.
എഴുത്തും വായനയുമൊക്കെ പെരുത്തിഷ്ടം. ഓൺലൈൻ മാധ്യമങ്ങളിൽ കുറച്ചു കവിതകളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഈ കഴിഞ്ഞ സ്വന്തന്ത്ര്യ ദിനത്തിൽ പുറത്തിറക്കിയ കുട്ടികൾക്കായുള്ള  ഓൺലൈൻ മാസികയായ ചാമ്പയ്‌ക്ക ഡിജിറ്റൽ മാസികയുടെ  ചീഫ് എഡിറ്ററും പ്രശസ്ത കവി ശ്രീ പവിത്രൻ തീക്കുനിയുടെ നേതൃത്വത്തിലുള്ള രണ്ടു WhatsApp ഗ്രൂപ്പുകളായ തീമരത്തണൽ സാഹിത്യ കൂട്ടായ്മയും കവിതാലയം സാഹിത്യയവേദിയും കൂട്ടായി ഇറക്കുന്ന കാവ്യകലിക ഡിജിറ്റൽ വാരികയുുടെ എഡിറ്ററുമാണ്.
കുത്തിക്കുറിക്കാനൊരിടം കലാസാംസ്കാരിക സദസ്സിന്റെയും ആർട്ടിസ്റ്റ് ക്ലബ് ഇന്റർനാഷണലിന്റെയും ക്രിയേറ്റീവ് വുമൺ ഇൻഡ്യയുടെയും എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പറുമാണ്.
സുമാമോഹൻ മെമ്മോറിയൽ പുരസ്‌ക്കാര കവിതാരചന മത്സരത്തിലും  കൊല്ലങ്കോട് ആശ്രയം കോളേജ് സംഘടിപ്പിച്ച ഓൺലൈൻ എഴുത്തുമത്സരത്തിലും ഒന്നാം സ്ഥാനം  ലഭിച്ചു. വ്യാപാര കേരളത്തിന്റെ പ്രഥമ കഥാ പുരസ്കാരം 2021 ഉം ലഭിച്ചു.
 
അജയ് നാരായണൻ – എഴുത്തുവഴിയിലൂടെ ഏറെ മുന്നോട്ടു സഞ്ചരിച്ചുവല്ലോ സിന്ധു. ഓൺലൈൻ, അച്ചടി മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന സാന്നിധ്യം.
പിന്നോട്ടു നോക്കിയാൽ ഒരു വായനക്കാരൻ കാണുന്നത് സുഗമമായ പാതയിലൂടെ നടന്നുവരുന്ന ഒരു വിജിഗീഷുവിനെയാണ്. പിന്നിട്ട എഴുത്തുപാതയെ, അനുഭവങ്ങളെ എങ്ങനെ വിലയിരുത്തുന്നു?
 
സിന്ധു – എഴുത്തുവഴികളിൽ ഏറെയൊന്നും സഞ്ചരിച്ചിട്ടില്ല. തുടക്കക്കാരിൽ തുടക്കക്കാരിയാണ്. എണ്ണിയാലൊടുങ്ങാത്ത തിരമാലകളുള്ള അലകടലല്ലേ എഴുത്തുലോകം. അതിൽ ഒരു തിര പോലും പൂർണ്ണമായി കണ്ടു തീർന്നിട്ടില്ല. പിന്നെയല്ലേ എണ്ണുന്ന കാര്യം. ഇനിയുമേറെ താണ്ടാനുണ്ട് എഴുത്തുകാരി എന്നൊന്ന് വിളി കേൾക്കണമെങ്കിൽപോലും.
പിന്നിട്ട വഴികൾ അത്രയ്ക്ക് സുഖകരമൊന്നുമല്ല. പഠിക്കുന്ന കാലത്ത് എഴുതുമായിരുന്നു. ഒരിക്കലും വെളിച്ചം കാണിച്ചിട്ടില്ല. പേടിയായിരുന്നു. എഴുത്തൊരു ലഹരിയായിരുന്നു അന്നും ഇന്നും. ആരും വായിച്ചില്ലേലും എഴുതുകയെന്നതൊരു ഹരമായിരുന്നു. പത്താം ക്ലാസ് കഴിയുമ്പോഴേക്കും പഠിക്കാനുപയോഗിച്ചതിനേക്കാൾ നോട്ട്ബുക്‌സും കഥയും കവിതയും ലേഖനങ്ങളും എഴുതുവാനുപയോഗിച്ചിരുന്നു. ഡയറിയെഴുത്തൊരു ശീലമായിരുന്നു അന്ന്. ആദ്യമായി എഴുത്തു വെള്ളിവെളിച്ചം കണ്ടത് പാലക്കാട് പോളിയിൽ പഠിക്കുമ്പോഴായിരുന്നു. ഗ്രാമ്യ എന്ന സാംസ്‌കാരിക സംഘടനയുടെ വാൾമാഗസിനിൽ അമ്മ യേശു എന്ന എന്റെയെഴുത്തുകൾ ഗാഥ എന്ന പേരിൽ വന്നപ്പോൾ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാവാത്തതായിരുന്നു. അന്നുതൊട്ട് ഇന്നുവരെ ഗ്രാമ്യയുടെ ഒരു മെമ്പർ ആണ്.
പിന്നെയെപ്പോഴോക്കെയോ ജീവിതത്തിന്റെ ഓട്ടപ്പാച്ചിലിൽ എഴുത്തിന് വിശ്രമം കൊടുത്തു.  വല്ലപ്പോഴുമുള്ള വായനയിലൊതുക്കി.
വിവാഹത്തോടെ പൂർണ്ണമായും എഴുത്തോ വായനയോ സാധിക്കാതായി.  എഴുത്തോ വായനയോ (സാഹിത്യത്തിന്റെ ) ഏഴയലത്തുപോലും എത്താത്ത ഒരിടത്തെത്തിപ്പെട്ടു.
2017 ൽ വീണ്ടും എഴുതാനാരംഭിച്ചു. കുഞ്ഞുകുഞ്ഞു എഴുത്തു കൂട്ടായ്മയിലും എഫ്ബി പോലുള്ള സമൂഹ മാധ്യമങ്ങളിലും സജീവമായി എഴുതി വായനക്കാരെ ആവോളം വെറുപ്പിച്ചുകൊണ്ടിരിക്കുന്നു.
 
അജയ് നാരായണൻ – 2017 ൽ എഴുത്തിലേക്ക് വീണ്ടും കടന്നുവന്ന സിന്ധു ഇന്നു ചില ഓൺലൈൻ മാധ്യമങ്ങളുടെ പത്രാധിപസമിതിയിലും ഒഴിച്ചുകൂടാനാവാത്ത ഘടകമാണല്ലോ. ഒരു ആണിടത്തിൽ അനായേസേന കയറിച്ചെന്നു, അവിടെ ഒരു ഇരിപ്പിടം സ്വന്തമാക്കി.
ഇവിടെ സിന്ധു അനുഭവിക്കുന്ന വെല്ലുവിളികൾ എന്തൊക്കെയാണ്? അതെല്ലാം തരണം ചെയ്യുന്നതെങ്ങനെ?
ഉത്തരം – ഒരു കമ്പ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസ് പഠിച്ചിറങ്ങിയ എനിക്ക് കമ്പ്യൂട്ടർ വർക്കുകളോട് പൊതുവെ ഒരു വല്ലാത്ത ഇഷ്ടം ഉണ്ടാരുന്നു. ന്യൂ ടെക്നോളോജിയോടുള്ള പ്രതിപത്തിയും എന്തും തനിയെ പഠിച്ചെടുക്കാനുള്ള ഒരു ഇഷ്ടവും പഠിക്കുന്ന കാലംതൊട്ടുള്ള ഒരു ശീലമാണ്. എഴുത്താണെങ്കിൽ എന്റെ ജീവനും. ഒരുപക്ഷെ ഈ രണ്ടു ഘടകങ്ങളായിരിക്കാം എഡിറ്റിംഗിൽ എന്നെ ആകർഷിച്ചത്‌.
ആരെയും വെല്ലുവിളിക്കാനായി തുടങ്ങിയതല്ല ഓൺലൈൻ മാധ്യമങ്ങളുടെ എഡിറ്റിംഗ്. ഒരു passion ന്റെ മുകളിൽ ചെയ്യന്നതാണിത് അതുകൊണ്ടു തന്നെ  ചെയ്യുന്നതെല്ലാം സന്തോഷം മാത്രേ തന്നിട്ടുള്ളു. കിട്ടുന്ന അനുകൂല-പ്രതികൂല പ്രതികരണങ്ങളെ മുഴുവനായും അതേപടി ഹൃദയത്തിലേക്കെടുക്കാതെ അതിലെ നല്ല വശങ്ങൾ മാത്രം ഉൾക്കൊണ്ടു മാറ്റങ്ങൾ വരുത്താൻ ആവുന്നപോലെ ശ്രമിക്കുന്നു.
 
അജയ് നാരായണൻ – മറ്റുള്ളവരുടെ കൃതികൾ വായിച്ചും വിലയിരുത്തിയും സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യുമ്പോൾ ഒരെഴുത്തുകാരി എന്ന നിലയിൽ എന്തുതോന്നുന്നു?
 
സിന്ധു – ഒരുപാട് സന്തോഷം തോന്നാറുണ്ട്. മനസ്സിരുത്തി വായിക്കാനൊരവസരം കൂടിയായി വിനിയോഗിക്കുന്നു. നിരാകരിക്കൽ തുലോം കുറവാണ്, ഇല്ല എന്ന് തന്നെ പറയാം. എഴുത്തുകാരുടെ ഭാഗത്തുന്നു ചിന്തിക്കാറുണ്ട് എപ്പോഴും. അങ്ങനെ വരുമ്പോൾ എഴുത്തുകൾ എടുക്കാറെ ഉള്ളു. തിരുത്തുകൾ വേണമെങ്കിൽ അവരോടു തന്നെ പറഞ്ഞു ചെയ്തു മേടിക്കും. അക്ഷരപ്പിശാചിന്റെ മേലെ മാത്രം കൈവെക്കാറുണ്ട്.
 
അജയ് നാരായണൻ –  എഴുത്തുകാരിയെന്ന നിലയിൽ സിന്ധു ചില ആശയങ്ങൾ മുന്നോട്ടുവയ്ക്കുന്നുണ്ട്, അതു കാല്പനീകമോ പ്രണയമോ വേദനയോ മാത്രമല്ല രോഷവും പ്രകടമാക്കുന്നുവെന്നുമൊരു വായനക്കാരൻ എന്ന നിലയിൽ ഞാൻ കാണുന്നു. ഒരുമ്പെട്ടവൾ എന്ന കവിതയെ മുൻനിർത്തി ഈ നിരീക്ഷണത്തെ എങ്ങനെ കാണുന്നു?

സിന്ധു – ചിലതെല്ലാം മനസ്സിന്റെ അടിത്തട്ടിൽ ഉറങ്ങിക്കിടക്കുന്ന വികാരങ്ങളാണ്. അതിലിത്തിരി കാല്പനികതയുടെ മേമ്പൊടി ചേർത്തിളക്കി വെയ്ക്കുന്നു.
എനിക്കടുത്തറിയാവുന്ന കുറച്ചു പേരുടെ ജീവിതത്തിലെ അനുഭവങ്ങളുടെയും സ്വന്തം ജീവിതത്തിൽ പലപ്പോഴായുണ്ടായ  മാനസികാവസ്ഥയുടെയും ആവിഷ്ക്കാരം കുറച്ചധികം കാല്പനികതയും കൂട്ടിച്ചേർത്തപ്പോൾ “ഒരുമ്പെട്ടവൾ” പിറന്നു.
പലപ്പോഴും പറയാൻ കഴിയാതെ വീർപ്പുമുട്ടുന്ന പലതും എഴുതിത്തീർക്കും.
 
അജയ് നാരായണൻ – നമുക്ക് ഒരുമ്പെട്ടവളിൽ നിന്നും പിറകോട്ടു പോയാൽ കാണുന്നത്.,
മഴവില്ലിൻ നിറം മനസ്സിൽ ചുമന്നവൾ (അവൾ വരികയാണ്), പ്രണയം ഹൃദയത്തിൽ അടിവേര് (നോവുഗർത്തത്തിലെ പ്രണയനീര്), വിഷവാതകങ്ങൾ ശ്വസിച്ചു ഞാനന്നേ ചത്തുപോയേനെ (മരണപ്പെടേണ്ടതില്ലാത്ത ഭ്രാന്തുകൾ), കാണാത്ത പലതും കാണുന്നവൾ (മരിച്ച ഒരുവൾ)… ഈ കവിതകളിൽ കാണുന്ന പെൺമനസ്സുകൾ കാഴ്ചവയ്ക്കുന്ന ചില അപൂർണഭാവങ്ങളുണ്ടല്ലോ. എന്തുകൊണ്ട് ഇവയെ പൂർണമായും വരച്ചുകാട്ടുന്നില്ല സിന്ധു?
 
സിന്ധു – എല്ലാ ഭാവങ്ങളും പൂർണ്ണതയിലെത്താറില്ല. മനുഷ്യമനസ്സല്ലെ. അപൂർണ്ണതയിലെ പൂർണ്ണതയിലാണല്ലോ ഈ ലോകം പോലും. എത്രയൊക്കെ പൂർണ്ണതയിലെത്തിക്കാൻ നോക്കിയാലും പലയിടത്തും അറിഞ്ഞോ അറിയാതെയോ അപൂർണ്ണതയുടെ അഭംഗി തലയുയർത്താറുണ്ട്. ചഞ്ചലമനസ്സിന്റെ കുട്ടിക്കുറുമ്പായി മാത്രമേ അതിനെ പ്രതിപാദിക്കാനാവൂ.
എഴുത്തുകാരിയെന്ന നിലയിൽ പൂർണ്ണതയിലെത്താൻ ഞാനിനിയുമൊരുപാട് കാതങ്ങൾ താണ്ടാനുണ്ട് എന്നുതോന്നുന്നു.
 
അജയ് നാരായണൻ –  അംഗീകാരം കുറെയേറെ നേടിയെടുത്ത ഒരു യുവസാഹിത്യകാരി, ഓൺലൈൻ മാധ്യമങ്ങളിൽ എഴുത്തിലൂടെയും സജീവം. ഈ അനുഭവങ്ങളുടെ വെളിച്ചത്തിൽ യുവകവികളുടെ എഴുത്തിനെ എങ്ങനെ കാണുന്നു?
 
സിന്ധു – ഒരിക്കലും അംഗീകാരത്തിനായി എഴുതിയിട്ടില്ല. മനസ്സിന്റെ സംതൃപ്തിക്കാണ് എല്ലാറ്റിനുമുപരി മുൻ‌തൂക്കം കൊടുക്കാറ്. അംഗീകാരം കിട്ടുമ്പോൾ ഒരുപാടു സന്തോഷം തോന്നാറുണ്ട്.
പല പുതിയ എഴുത്തുകാരുടെയും എഴുത്തുകൾ കാണുമ്പോൾ എന്റെ എഴുത്തൊന്നും എഴുത്തേയല്ലെന്നും അവരുടെ ചിന്തകളുടെയും ലോക അവലോകങ്ങളുടെയും  ഏഴയലത്തെത്താറില്ലെന്നും തോന്നാറുണ്ട്. പലപ്പോഴും പല നല്ല വാക്കുകളും എഴുത്തിന്റെ ശൈലിയും നോക്കി പഠിക്കാറുമുണ്ട്. ഒരു ചെറിയ പ്രോത്സാഹനം കിട്ടിയാൽ വലിയ എഴുത്തുകാരായേക്കാവുന്ന ഒരുപാടു പേരെ കാണാറുണ്ട്. അവരോടൊക്കെ ബഹുമാനവും തോന്നാറുണ്ട്.
 
അജയ് നാരായണൻ –  ഇന്ന് എഴുത്തുമാത്രമായി ജീവിക്കുന്ന ചെറുപ്പക്കാരായ എഴുത്തുകാർ നമുക്കിടയിൽ ഉണ്ടല്ലോ.
എഴുത്തിൽ ഒരു വ്യക്തിമുദ്ര രേഖപ്പെടുത്തിയ ആളെന്ന നിലയിൽ എഴുത്ത് ഒരു തൊഴിലായി എടുക്കാനുള്ള സാധ്യതയെക്കുറിച്ച് സിന്ധു ആലോചിച്ചിട്ടുണ്ടോ? എന്താണ് എഴുത്തിൽ എന്താണ് ഭാവി സ്വപ്‌നങ്ങൾ?
 
സിന്ധു – എഴുത്തു മാത്രമായി ഒരു  തൊഴിലായി കാണാനെനിക്കാവില്ല. എഴുത്തെന്റെ ജീവനാണ്. അതെന്റെ അവസാനശ്വാസം വരെ ഉണ്ടാവും. എഴുത്തിൽ ഇനിയുമേറെ മുന്നോട്ടു പോകണം. 2021 ന്റെ അവസാന ഭാഗമെത്തുമ്പോഴേക്കും രണ്ടു ബുക്കുകൾ, ഒരു കവിതാസമാഹാരവും ഒരു കഥാസമാഹാരവും പുറത്തിറക്കണമെന്ന് അതിയായ മോഹമുണ്ട്. അതിനുള്ള എഴുത്തുകളും അണിയറയിലുണ്ട്.
 
കുഞ്ഞുങ്ങൾക്കായി ഒരു ഡിജിറ്റൽ മാഗസിൻ ഇപ്പൊ ഇറക്കുന്നുണ്ട്. ഭാവിയിൽ അതൊരു പ്രിന്റഡ് വേർഷൻ ആക്കാൻ വലിയ മോഹമുണ്ട്.
ഒരു Software development company സ്റ്റാർട്ട് ചെയ്യാനുള്ള ശ്രമത്തിലാണ് കഴിഞ്ഞ രണ്ടു വർഷമായി. അതിന്റെ ഭാഗമായി വെബ് development ആൾറെഡി സ്റ്റാർട്ട് ചെയ്തിട്ടുണ്ട്. ആദ്യത്തെ website ഞാൻ പഠിച്ച സ്കൂളിന്റെ വെബ്സൈറ്റ് ആണ്. അതിപ്പോൾ പണിപ്പുരയിലാണ് കോവിഡ് കാരണം കുറച്ചു മന്ദഗതിയിലാണ് വർക്കുകൾ നീങ്ങുന്നത്. എന്നാലും അടുത്തു തന്നെ ALITASOFT എന്ന ഒരു സംരംഭം രജിസ്റ്റർ ചെയ്യാനുള്ള planning ലാണ്.
ഒരുപാടു കുഞ്ഞുകുഞ്ഞു സ്വപ്നങ്ങളും അതിനായി കുറച്ചു  സമയം അദ്ധ്വാനവും ഒക്കെയായി കാലങ്ങൾ താണ്ടുന്ന ഇതൊക്കെയാണ് ഞാൻ.
 
അജയ് നാരായണൻ – കുടുംബവുമായി ബന്ധപ്പെട്ട് ഒരു ചോദ്യം.
സിന്ധുവിന്റെയും മകളുടെയും എഴുതാനുള്ള കഴിവിൽ ഭർത്താവും നൽകുന്ന പ്രോത്സാഹനം മലയാളിമനസ്സിനുവേണ്ടി ഒന്നു വിശദീകരിക്കുമോ?

സിന്ധു – എഴുതുന്നതും വായിക്കുന്നതും ഒട്ടും ഇഷ്ടമില്ലാത്ത യന്ത്രികലോകത്തെ ജീവിതം ഇഷ്ടപെടുന്ന ഒരു സോഫ്റ്റ്‌വെയർ ടെക്കിയുടെ വാമഭാഗമാണ് ഞാൻ.
 എന്നാൽ ഞാനോ മോളോ എഴുതുന്നതിൽ വിയോജിപ്പൊന്നുമില്ല. പരസ്പരം അവരവരുടെ കഴിവുകളെ ബഹുമാനിച്ചു പോകുന്നു. ഒരാളുടെയും വ്യക്തിത്വത്തെ ഹനിക്കാതെ മുറിവേൽപ്പിക്കാതെ.
ഒരുകാര്യത്തിനും നിർബന്ധബുദ്ധിയുമില്ല.
 
അഭിമുഖത്തിൽ എന്നെയും ഉൾപ്പെടുത്തിയതിന് പ്രിയപ്പെട്ട അജയ്‌മാഷിനു ഹൃദയത്തിന്റെ ഭാഷയിൽ  നന്ദി പറയുന്നു.

അജയ് നാരായണൻ – നന്ദി സിന്ധു. സിന്ധുവിന്റെ എല്ലാ സംരംഭങ്ങളും സ്വപ്നങ്ങളും സഫലീകരിക്കട്ടെ. പുസ്തകങ്ങൾക്കായി ഞങ്ങൾ കാത്തിരിക്കുന്നു.
നമുക്കിനി സിന്ധുവിന്റെ ഒരുമ്പെട്ടവൾ എന്ന കവിത വായിക്കാം.
 

ഒരുമ്പെട്ടോൾ…

ഉടുത്തൊരുങ്ങിയ ഭ്രാന്തുകളെ
മനസ്സാം കാളിമഭിത്തിയിൽ
പണ്ടെല്ലാമവളിങ്ങനെ
എഴുതിവച്ചിരുന്നത്രെ…
“പെണ്ണാണ്…” 
“വെറും പെണ്ണ് …”
 
തിളച്ച പകലിൽ
ചുവന്നുപോയവൾ
 
അകത്തളങ്ങളിൽ
അടക്കപ്പെട്ട നോവിന്റെ
കൂരമ്പേറ്റവൾ
 
ഉള്ളിൽ നുരഞ്ഞുപൊന്തും
പ്രണയത്തിന്
കാവലിരിക്കുന്നവൾ
 
ഇഷ്ടങ്ങളുടെയാകാശത്തിലേക്ക് 
പറന്നുയരാൻ മനച്ചിറകുകൾ
തുന്നുന്നവൾ
 
കാത്തിരിപ്പിൻ സ്മാരകമായി 
നെറുകയിൽ ഒരു ചുവപ്പടയാളം
സൂക്ഷിക്കുന്നവൾ…
 
കാലത്തിന്റെ വെല്ലുവിളികളെ
ഒരു നറുപുഞ്ചിരിയാൽ
ചവിട്ടിമെതിച്ചു പോയവൾ
ഇന്നലെകളിൽ പരാജയപ്പെട്ട
രാജ്യത്തെ അതിഥിയും…
ഇന്നുകളുടെ വിജയരാജ്യത്തെ
രാഞ്ജിയുമാണവൾ…
 
മഴകൊട്ടിയടച്ച 
ഉമ്മറവാതിലിന്റെ
ഓടാമ്പലിൽ കുരുങ്ങിയ
ചോദ്യങ്ങളെയും
ഇന്നലെകളേയുമാണവൾ
അകത്തേക്ക് കയറുമ്പോള്‍
ചവിട്ടിക്ക് ഭോജനമായി നൽകിയത്
 
മുനിഞ്ഞു കത്തുന്ന
റാന്തൽ വെളിച്ചത്തിൽ
കണ്ണീരുവെന്തൊലിച്ച
മുഖമമര്‍ത്തിത്തുടച്ച്…
ചോദ്യങ്ങളുടെ
മാറാലതൂക്കുന്നതിനായി
ചൂലെടുത്തു
 
അലമാരയിലെ
പുള്ളിക്കുത്തുക്കളാൽ
മങ്ങിത്തുടങ്ങിയ കണ്ണാടിയില്‍
കണ്ണുരുട്ടിക്കാണിക്കുന്ന
തൊലിപ്പുറത്തെ മുറിഞ്ഞ
ചുവപ്പടയാളങ്ങളെ
തേങ്ങൽത്തൂവാലയാൽ
വേരോടെ പിഴുതെടുത്തെറിഞ്ഞു 
 
അമര്‍ത്തിപ്പിടിച്ചൊരു
ഞെരങ്ങല്‍ പുറത്തെ
കൂരിരുട്ടിലേക്ക്
പുളഞ്ഞിഴഞ്ഞിറങ്ങുന്നു.
വാക്കുകള്‍ക്കതീതമായ കൊഴുത്ത,
വഴുവഴുപ്പുള്ള ഒച്ചകള്‍…
 
വീണ്ടും തൊലിപ്പുറത്തെ
ചുവന്ന അടയാളങ്ങള്‍ തുറിച്ചു
നോക്കാൻ തുടങ്ങിയപ്പോൾ…
കുളിമുറിയിലെ
അരത്തൊട്ടിവെള്ളത്തിൽ
പിഴച്ചുവെന്ന വാക്കിന്റെ
പൂപ്പുമണത്തെ വാസനാസോപ്പില്‍
കഴുകി അവസാന തുള്ളി
മിഴിനീരിൽ ശുദ്ധമാക്കിയെടുത്തു…
 
ഉള്ളി തൊലികളഞ്ഞപ്പോൾ
കണ്ണുനിറച്ചുവെന്നൊരു നുണ
അവൾക്കുള്ളില്‍ മുളയ്ക്കുന്നു
പടർന്നു പന്തലിയ്ക്കുന്നു.
 
നിഗൂഢമായ നിശബ്ദതയുടെ
കൊടുങ്കാട്ടില്‍
പെരുമഴ പെയ്യുന്നു.
ഇരുട്ടിലേക്ക് വലിച്ചിഴക്കപ്പെട്ട
കാഴ്ചകള്‍ക്കൊപ്പം അവളുടെ
കണ്ണുകളിലെ സൂര്യനസ്തമിക്കുന്നു.
 
പ്രണയഭാഷ അത്രത്തോളം
വന്യമായതിനെക്കുറിച്ചു
പറയുന്ന മുറിഞ്ഞ ചുണ്ടുകൾ
 
വെന്തുറഞ്ഞ
നിശയുടെ മടിയിലേക്കു
അതിശൈത്യക്കാറ്റ്
കുന്നിറങ്ങി ഇഴഞ്ഞു
വരുന്നുണ്ടായിരുന്നു…
 
നിഴലുകളുടെ
വെയിലുണക്കങ്ങളിലെപ്പോഴോക്കെ യോ
ചിതറിത്തെറിച്ച  വാക്കുകളെ
ഒരുമിച്ചു ചേർത്തപ്പോഴാണ്
അസ്വാസ്ഥ്യത്തിന്റെ കടവാവലുകൾ
അവൾക്കുള്ളിൽ ചിറകടിയ്ക്കാൻ തുടങ്ങിയത്…
 
നഗ്നമാം ഹൃത്തിൻ
വെള്ളഭിത്തിയിലവളിന്ന് 
കൊത്തിവയ്ക്കുന്നു…
“വെറും പെണ്ണോ?”
അല്ല…
ചങ്കുറപ്പിന്റെ ചെമല പൂക്കൾ
പൂത്തുലയുന്ന ഒരു പൂമരം..!
ഞെട്ടറ്റുവീഴുന്ന പൂക്കളെയൊക്കെ
മണ്ണിൽ ചുവപ്പാക്കിയൊഴുക്കിയ
ചുവപ്പിനാൽ ഹൃദയത്തിലും
നെറ്റിയിലും നൂറായിരം
ഇഷ്ടങ്ങളുടെ ചുവപ്പടയാളം
കരുതിവയ്ക്കുന്നവൾ.
സ്വന്തം കവിതയിൽ തിളച്ചു
തിളച്ചങ്ങനെ ചുവന്ന പെണ്ണ്…
 
ഹൃദയത്തിൽ നോവുകടലുമായി
ഉറങ്ങുന്നവൾ..!
മാലോകരുടെ  കണ്ണിലെ
ഒരുമ്പെട്ടോൾ..!


മലയാളി മനസ്സ് ഓൺലൈനു വേണ്ടി അഭിമുഖം തയ്യാറാക്കിയത്: ഡോ. അജയ് നാരായണൻ, Lesotho

COMMENTS

3 COMMENTS

  1. സിന്ധുവിന്റെ രചനകൾ ഏറെയിഷ്ടമാണ്. എഴുത്തു വഴികളെ അറിയാൻ കഴിഞ്ഞതിൽ സന്തോഷം. പ്രിയ അജയ് മാഷിനും, സിന്ധുവിനും ആശംസകൾ

  2. നല്ല അഭിമുഖം – കൊച്ചു സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ സിന്ധുവിനും , ഇനിയും മനോഹരമായ അഭിമുഖങ്ങൾ നടത്താൻ അജയ് മാഷിനും ആശംസകൾ

  3. അഭിമുഖം നന്നായി. എഴുത്തുകാരെ വളരെയധികം പ്രോത്സാഹിപ്പിക്കുന്നു ഈ പംക്തി. ആശംസകൾ

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മൗനസഞ്ചാരി (തുടർക്കഥ – ഭാഗം – 7)

ആൽബി പറയുന്നത് ശരിയാണ് തൻറെ മനസ്സ് ഇവിടെയെങ്ങും അല്ല അതൊരു ചുഴിയിലാണ്. എങ്ങനെയാണു ആ ചുഴിയിൽ അകപ്പെട്ടത്. വഴിമാറി സഞ്ചരിക്കണമെന്നുണ്ട്, കഴിയുന്നില്ല ശരീരം ഇവിടെ ആണെങ്കിലും തൻറെ ബോധം മുഴുവൻ വേറെ എവിടെയോ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (27)

കേരളീയരുടെ ദേശീയോത്സവവും നിറവിന്റെ പ്രതീകവുമാണ് ഓണം. ഇല്ലങ്ങളിലെ പത്തായവും അടിയാന്മാരുടെ വല്ലങ്ങളും നിറഞ്ഞുനിന്ന്മാനുഷരെല്ലാരുമൊന്നുപോലെ…എന്ന് പാടുന്ന, ഒത്തൊരുമയുടെ ഉത്സവമാണ് ഓണം.ലോകത്തെവിടെയായാലും മലയാളികൾ ജാതിമത ഭേദമന്യേ ഓണം ആഘോഷിക്കുന്നു. പണ്ടൊരിക്കല്‍ നാട് മുഴുവന്‍ അടക്കി ഭരിച്ചുകൊണ്ടിരുന്ന ഒരു...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (26)

ഓണം എന്നത് ആഘോഷം എന്നതിലുപരി വൈകാരികമായ ഒരു സങ്കല്പമാണ്. പ്രത്യാശയുടേയും പ്രതീക്ഷകളുടേയും ഓണം. ആബാലവൃദ്ധം ജനങ്ങളും ഒരുമയോടെയും സന്തോഷത്തോടെയും ജീവിക്കുന്ന നാട്. മഹാബലി ചക്രവർത്തിയുടെ ഭരണത്തിൽ കീഴിൽ എല്ലാവരും സമ്പത്സമൃദ്ധിയോടെ ജീവിച്ചിരുന്നു എന്ന...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (25)

ഓണമെന്നു കേൾക്കുമ്പോൾ തന്നെ ഒരുപിടി നിറമുള്ള ഓർമ്മകൾ മനസ്സിലേക്കോടിയെത്തുന്നു. നന്മയുടെ സാഹോദര്യത്തിന്റെ ജാതിമതരാഷ്ട്രീയഭേദങ്ങളില്ലാത്ത സമൃദ്ധവും സന്തോഷപ്രദവുമായ ഓണം. മണ്ണിലും മലയാളിയുടെ മനസ്സിലും വർണ്ണങ്ങൾ വിരിയുന്ന പൊന്നോണം, കേരളിയരുടെ ദേശീയാഘോഷം. കുഞ്ഞൻ കൊറോണയുടെ താണ്ഡവമില്ലാത്ത, രാഷ്ട്രീയക്കൊലപാതകങ്ങളില്ലാത്ത,...
WP2Social Auto Publish Powered By : XYZScripts.com
error: