അഭിമുഖം തയ്യാറാക്കിയത്: സുരേഷ് സൂര്യ, ഫോട്ടോ: സജി മാധവൻ.
അനശ്വരനടൻ ജയൻ മൺമറഞ്ഞു പോയെങ്കിലും ഇന്നും ആരാധകരുടെ മനസിൽ ജീവിക്കുന്നു. സ്‌റ്റേജ് ഷോകളിലും മിമിക്സ് പരിപാടികളിലൂടെയും ജയൻ വീണ്ടും പുനർജ്ജനിച്ചു. ഒട്ടേറേ കലാകാരൻമാർ ജയൻ്റെ ഫിഗർ വേദിയിലവതരിപ്പിച്ചു. എന്നാൽ ഏറ്റവും നന്നായി ജയനെ അനുകരിച്ച കലാകാരൻ ഇവിടെയുണ്ട് സ്റ്റാൻലി കോട്ടയം .
ജയൻ്റെ പ്രതിരൂപമെന്ന് വിശേഷിപ്പിക്കാവുന്ന ഫിഗർ ചക്രവർത്തി എന്നറിയപ്പെടുന്ന സ്റ്റാൻലി കോട്ടയമാണ് ഇന്ന് മലയാളി മനസിൻ്റെ അതിഥിയായി എത്തിയിരിക്കുന്നത് . വിദേശത്തും.കേരളത്തിലും ആയി നിരവധി വേദികളിൽ ജയനെ അവതരിപ്പിച്ച കലാകാരനാണ് സ്റ്റാൻലി കോട്ടയം. കലരംഗത്തെ ഓർമ്മകൾ സ്റ്റാൻലി ‘മലയാളി മനസ്സി’നോട് പങ്കുവച്ചപ്പോൾ …

സാഹസികതയുടെ പര്യായമായ ജയനെ ധാരാളം പേർ സ്റ്റേജുകളിൽ അനുകരിച്ചു.എന്നാൽ അതെല്ലാം ശരിയായ അനുകരണമാണെന്നു തോന്നുന്നുന്നുണ്ടോ ?
ഒരിക്കലും അല്ല. ജയൻ്റെ ബെൽബോട്ടം പാൻ്റും ഓവർ കോട്ടും കൂളിംഗ് ഗ്ലാസും ധരിച്ചു അദ്ദേഹത്തിൻ്റെ പഞ്ച് ഡയലോഗുകൾ വലിച്ചു നീട്ടി പറഞ്ഞ് ആ നടനെ പരിഹാസപാത്രമാക്കുകയാണ് പലരും ചെയ്തത് . അവിടെയാണ് ഞാൻ വത്യസ്തനാവുന്നത്. ജയന്റെ ഓരോ ഫിഗറും ഓവറാവാതെ ആദരരവോടുകൂടി വളരെ ശ്രദ്ധാപൂർവ്വമാണ് ഞാൻ സ്റ്റേജിൽ അവതരിപ്പിക്കുന്നത് . ജയന്റെ ഫിഗർ ഇതുവരെയായി നൂറുകണക്കിന് സ്റ്റേജുകളിൽ ഞാൻ അവതരിപ്പിച്ചു.
അർഹിക്കുന്ന അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ടോ ?
തീർച്ചയായും പ്രേക്ഷകരുടെ പ്രശംസയും പ്രോത്സാഹനവുമാണല്ലോ മികച്ച അംഗീകാരങ്ങൾ . അങ്ങനെ നോക്കുമ്പോൾ ഞാൻ സന്തോഷവാനാണ്. മികച്ച പ്രകടനം എന്ന് പ്രേക്ഷക അംഗീകാരങ്ങൾ നിരവധി തവണ ലഭിച്ചിട്ടുണ്ട് . ഏഷ്യാനെറ്റിലെ ‘ബഡായി ബംഗ്ലാവ്’ എന്ന പരിപാടിയിൽ പ്രശസ്ത നടി സീമ അതിഥിയായെത്തിയ എപ്പിസോഡിൽ ജയന്റെ ഫിഗറുമായി എത്തി സീമയ്‌ക്കൊപ്പം ഡ്യൂയറ്റ് പാടി ഞാൻ അഭിനയിച്ചത് പ്രേക്ഷകരുടെ വൻ കൈയടി നേടി. സിനിമയിലെ രംഗം നേരിട്ടു കണ്ട പോലെയുള്ള അനുഭവമാണ് പ്രേക്ഷകർക്കുണ്ടായത് . ജയന്റെ ഫിഗർ ഇത്രയും തന്മയത്തോടുകൂടി ചെയ്തത് ആദ്യമായാണ് കാണുന്നതെന്ന സീമയുടെ പ്രശംസ വലിയൊരംഗീകാരമായി കാണുന്നുവെന്ന് സ്റ്റാൻലി ‘മലയാളി മനസ്സി’നോട് പറഞ്ഞു .

താങ്കളുടെ കലാരംഗത്തേക്കുള്ള തുടക്കം എങ്ങനെയായിരുന്നു. ആരായിരുന്നു പ്രചോദനം ?
സ്‌കൂളിൽ പഠിക്കുന്ന കാലയളവിൽ മിമിക്രിക്കും പാട്ടിനും പങ്കെടുത്തു സമ്മാനങ്ങൾ നേടിയിരുന്നു. സംസ്ഥാന തലത്തിൽ വരെ മത്സരിച്ചു .കോട്ടയം കാരാപ്പുഴ ഗവൺമെൻ്റ് ഹൈസ്കൂളിൽ എട്ടാം ക്ളാസിൽ പഠിക്കുമ്പോഴാണ് ജഗതിയുടെ മുഖച്ഛായ ഉണ്ടെന്ന് കൂട്ടുകാർ പറഞ്ഞത് .പിന്നെ കലാമത്സരങ്ങളിൽ ജഗതിയുടെ ഫിഗർ അവതരിപ്പിച്ചു. സ്കൂളില കൂട്ടുകാരും അധ്യാപകരും വലിയ പ്രോത്സാഹനം തന്നു. .സിനിമ കണ്ടു പഠിച്ചതും. ജന്മസിദ്ധമായ വാസനയും കൂടി ചേർന്നതോടെ നടൻമാരെ അനായാസമായി വേദിയിൽ അവതരിപ്പിക്കാൻ കഴിഞ്ഞു .ജഗതി ശ്രീകുമാറിനെ അനുകരിച്ചു കൊണ്ടാണ് കലാലോകത്തേക്ക് ‘പ്രവേശിച്ചത് .പിന്നെ മലയാളം ഹിന്ദി തമിഴ് സിനിമ നടൻമാരെയും രാഷ്ട്രീയ നേതാക്കളുടെയും ഫിഗർ ചെയ്തു ഏറെ ശ്രദ്ധേയനായി സ്റ്റേജ് ഷോയിൽ.കേരളത്തിലെ പ്രശസ്തമായ എല്ലാ ട്രൂപ്പുകളുമായി പ്രവർത്തിക്കുകയും ചെയ്തു .കോട്ടയം നസീർ ,ഗിന്നസ് പക്രു ,ടിനി ടോം ,പ്രജോദ് കലാഭവൻ ,മനോജ് ഗിന്നസ് എന്നിവർക്കൊപ്പം നിരവധി സ്‌റ്റേജ് ഷോകളിൽ ജയനെ അവതരിപ്പിച്ചു .അമേരിക്കയും ലണ്ടനും ഒഴികെ ഒട്ടുമിക്ക എല്ലാ രാജ്യങ്ങളിലും സ്‌റ്റേജ് ഷോകളിൽ എനിക്ക് പങ്കെടുക്കുവാൻ കഴിഞ്ഞു.

താങ്കൾ ഉൾപ്പെടെയുള്ള കലാകാരന്മാരുടെ ഇപ്പോളത്തെ സാഹചര്യം എങ്ങനെയാണ്, .പ്രോഗ്രാമുകൾ ഉണ്ടോ ?
എന്നെപ്പോലെയുള്ള കലാകാരന്മാരുടെ ഇപ്പോഴത്തെ അവസ്ഥ വളരെ മോശമാണ്. അൽപ്പം വരുമാനം ലഭിക്കുന്ന നല്ല ഒരു ഉത്സവ കാലമാണ് കോവിഡ് മൂലം ഇല്ലാതായിരിക്കുന്നത്. കോവിഡ് കാലത്തെ ബുദ്ധിമുട്ടു നേരിടാൻ മറ്റു ജോലിക്ക് പോയിരുന്നുവെങ്കിലും പിന്നെ തുടർന്നില്ല .’ജയൻ ജോലിക്കിറങ്ങി; എന്നു പത്രവാർത്ത വന്നത് ഗുണത്തെക്കാളേറെ ദോഷം ചെയ്തു.

കലാപരമായ ബന്ധം കുടുംബത്തിൽ മറ്റാർക്കെങ്കിലും ഉണ്ടോ ..?
എന്റെ തറവാട് കോട്ടയം തിരുവാതുക്കലിലാണ്. എന്നാൽ ഇപ്പോൾ മക്കളുടെ പഠനവുമായി ബന്ധപ്പെട്ട് പയ്യപ്പാടിയിലാണ് താമസം .എന്റെ അച്ഛൻ രവീന്ദ്രൻ തിരുവാതുക്കലിലെ രാധാകൃഷണ ടാക്കീസിലെ പ്രൊജക്റ്റർ ഓപ്പറേറ്ററായിരുന്നു. അച്ഛൻ പ്രൊജക്ടർ ഓപ്പറേറ്ററായതിനാൽ കുട്ടിക്കാലം മുതലേ സിനിമ കാഴ്ച ഒരു ഹരമായി ,തിയറ്ററിൽ വരുന്ന ജയന്റേയും മറ്റും എല്ലാ സിനിമകളും പലവട്ടം ഞാൻ കാണുമായിരുന്നു..അങ്ങനെ മനസിൽ ഓരോ നടൻ്റെയും രൂപവും ഭാവവും മാനറിസങ്ങളും മനസിൻ്റെ സ്ക്രീനിൽ പതിഞ്ഞു. ഈ സിനിമാ കമ്പത്തിൽ നിന്നാണ് സ്റ്റാൻലി എന്ന കലാകാരൻ ഉണ്ടാകുന്നത്. ചുരുക്കം പറഞ്ഞാൽ നടൻമാരെ അനുകരിക്കാൻ ഉള്ള കഴിവ് സിനിമ കാഴ്ച്ചയിലൂടെ എനിക്ക് കിട്ടി .

കോവിഡ് സാഹചര്യo മാറി ഉത്സവ സീസണുകൾ സജീവമാകുന്ന ഒരുകാലത്തിന്റെ വരവും പ്രതീക്ഷിച്ചാണ് എന്നെപ്പോലുള്ള കലാകാരന്മാർ ഓരോ ദിനവും മുന്നോട്ടു പോകുന്നത്എ. ല്ലാം പഴയപടി ആകണമെന്ന പ്രാർത്ഥനയിലാണ് ഞാൻ ഉൾപ്പെടെയുള്ള ഓരോ കലാകാരന്മാരും. താമസിക്കാതെ പഴയതുപോലെ വീണ്ടും വേദികൾ സജീവമാകുന്ന കാലം വരും എന്ന ശുഭപ്രതീക്ഷയുമുണ്ട് .
ബിൻസിയാണ് ഭാര്യ. റീമ, റീനു എന്നിവർ മക്കളാണ്.

Good