17.1 C
New York
Tuesday, September 21, 2021
Home Interviews ഒരു ബിന്ദുവിൽ തുടങ്ങി വിവിധ ബിന്ദുക്കളിലെത്തിനിൽക്കുന്ന ബിന്ദു – (അഭിമുഖം)

ഒരു ബിന്ദുവിൽ തുടങ്ങി വിവിധ ബിന്ദുക്കളിലെത്തിനിൽക്കുന്ന ബിന്ദു – (അഭിമുഖം)

തയ്യാറാക്കിയത്: ഡോ. അജയ് നാരായണൻ Lesotho

എഴുത്തിന്റെ ലോകത്ത് സാവധാനം നടന്നുകയറുന്ന ശ്രീമതി ബിന്ദു ജിജിയെ അറിയാം. അധ്യാപിക എന്ന നിലയിൽ, തിരക്കുപിടിച്ച ഔദ്യോഗിക ജീവിതത്തിന്നിടയിൽ എന്റെ ചോദ്യങ്ങൾക്കുത്തരം നൽകാൻ സമയം കണ്ടെത്തിയ ബിന്ദുവിന്റെ ആർജവം നിറഞ്ഞ ജീവിതം ഒരു മാതൃകയാവട്ടെ എല്ലാവർക്കും.
ബിന്ദുവിനെ അറിയുമ്പോൾ അവർ പലയിടങ്ങളിലായി പകർന്നു വയ്ക്കുന്ന വൈജ്ഞാനികലോകത്തെ അറിയുമ്പോൾ ഈ എഴുത്തുകാരിയെ ആദരിച്ചേ മതിയാകൂ.
ബിന്ദു പറയുന്നു….
 
ബിന്ദു എന്ന ഞാൻ എന്നെക്കുറിച്ച് –
എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിൽ കറുകടം കുന്നശ്ശേരി വീട്ടിൽ റിട്ട. എക്സൈസ് ഉദ്യോഗസ്ഥനായ ശ്രീ കെ.പി വർഗീസിന്റേയും , ശ്രീമതി ഏലിയാമ്മ വർഗീസിന്റെയും മകൾ .
1994മുതൽ കോതമംഗലം മാർ ബേസിൽ ഹയർ സെക്കന്ററി സ്കൂളിലെ മലയാള വിഭാഗം അധ്യാപികയാണ്.
ആനുകാലികങ്ങളിലും, സാമൂഹിക മാധ്യമങ്ങളിലും കവിതകളും, ഓർമ്മക്കുറിപ്പുകളും എഴുതുന്നു. പല സമാഹാരങ്ങളിലും കവിതകൾ എഴുതിയിട്ടുണ്ട്.
പ്രഥമ കവിതാസമാഹാരം “മഴത്താളങ്ങൾ മുറുകുമ്പോൾ“ ഗ്രീൻബുക്സ് ഉടൻ പുറത്തിറക്കും.
വിദ്യാർത്ഥിജീവിതം മുതൽ രാഷ്ട്രീയ, സാഹിത്യ പ്രഭാഷണ മേഖലകളിൽ സജീവം.
പുകാസ, അധ്യാപക സാഹിത്യമത്സരങ്ങളിൽ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. അധ്യാപകവൃത്തിയോടൊപ്പം കോതമംഗലം വിദ്യാഭ്യാസജില്ലാ മലയാളം അധ്യാപക റിസോഴ്സ് പേഴ്സൺ കൂടിയാണ്.
ഭർത്താവ് ജിജി വി. ഡേവിഡ് അധ്യാപകനാണ്. വിദ്യാർത്ഥികളായ ബേസിൽ, മെറിൻ എന്നിവർ മക്കൾ.
 
നമുക്കു ചോദ്യോത്തരങ്ങളിലേക്കു വരാം.
 
അജയ് നാരായണൻ – ബിന്ദു ജിജി എന്ന എഴുത്തുകാരി നടന്നുതീർത്ത ജീവിതപാത ഏറെ വെല്ലുവിളികൾ നിറഞ്ഞതെങ്കിലും ഒരു പ്രത്യേക ആർജവം നിറഞ്ഞതെന്നു കണ്ടിട്ടുണ്ട്.
ചെറുപ്രായത്തിൽ തന്നെ ഒത്തിരി നേട്ടങ്ങൾ കൈവന്നു. തനതായ ശൈലിയിൽ സാഹിത്യത്തിൽ ഇടംനേടി. കവിതകളും  ഗാനങ്ങളുമായി സ്വന്തം ഇരിപ്പിടം സാഹിത്യത്തിൽ സ്വന്തമാക്കി. ഒപ്പം കാവ്യശാഖയിലെ മഹാരഥന്മാരെക്കുറിച്ചുള്ള ഗഹനമായ പഠനങ്ങൾ, അങ്ങനെ ഭാഷയ്ക്കും സാഹിത്യത്തിനും വേണ്ടി ഏറെ സംഭാവന നൽകിയ വ്യക്തിത്വം.
പിൻതിരിഞ്ഞുനോക്കുമ്പോൾ എന്തുതോന്നുന്നു, വിശദീകരിക്കാമോ?
 
ബിന്ദു – വെല്ലുവിളികൾ നിറഞ്ഞ ജീവിത പാതയിലൂടെ നടന്ന വരെ ,നടക്കുന്നവരെ നോക്കിക്കാണാനുള്ള ഒരു മനസ്സ് എന്നിലേയ്ക്ക് പകർന്നുതന്ന പ്രിയ പിതാവിനെ സ്മരിച്ചു കൊണ്ട് ആത്മാനുഭവങ്ങൾ കുറിക്കട്ടെ.
അധാർമ്മികതയുടെ കാണാപ്പുറങ്ങളെ പകർത്താനുള്ള കരുത്ത് എന്നിൽ പകർന്നത് അപ്പച്ചനായിരുന്നു.
എഴുത്ത് ആത്മാനുഭവങ്ങളിൽ ഉൾച്ചേർന്നുനിന്ന് സാമൂഹികപരിതോവസ്ഥയുടെ അടയാളപ്പെടുത്തലായി കാണാനാണിഷ്ടം എന്നും.
ഭാഷ എന്നും ആത്മാവിൽ അലിഞ്ഞുചേർന്നതായി സാക്ഷ്യപ്പെടുത്താൻ ആഗ്രഹിക്കുന്നു.
അതുകൊണ്ടുതന്നെ ഭാഷയെ എത്ര പഠിച്ചാലും മതിയാകാറില്ല. ആഴത്തിലുള്ള ഖനികളിലെത്തുന്നതു പോലെ.
പിൻതിരിഞ്ഞു നോക്കുമ്പോൾ സംതൃപ്തിയുണ്ട്. 30 വർഷം ഏറെ ഇഷ്ടമുണ്ടായിരുന്ന സർഗ്ഗാത്മക ജീവിതത്തിനു വേണ്ടി ഒന്നും ചെയ്തില്ല എന്നതിൽ നഷ്ടബോധവും തോന്നുന്നു.
ചില കണ്ടെത്തെലുകളും, തിരിച്ചറിവുകളുമാണല്ലോ പല തുടക്കത്തിനും കാരണമാകുന്നത്.
 
അജയ് നാരായണൻ – ബിന്ദുവിന്റെ ജീവിതഗാഥ പിന്തുടരുന്ന ഒരാൾക്ക്‌   താങ്കളുടെ കൗമാരയൗവന കാലങ്ങളിൽ എഴുത്തിനെ സ്വാധീനിച്ച  ഘടകങ്ങളെക്കുറിച്ചാവും സ്വഭാവികമായും അറിയാൻ ആഗ്രഹം ഉണ്ടാവുക. ഏതൊരാളുടെയും വ്യക്തിത്വത്തിനു പ്രചോദനം നൽകുന്ന ചില നിയോഗങ്ങൾ, നിമിത്തങ്ങൾ കാണുമല്ലോ.
ബിന്ദുവിന്റെ ഓർമ്മകളിൽ നിന്നും അത്തരം ചില അനുഭവങ്ങൾ ഞങ്ങളുടെ വായനക്കാരുമായി പങ്കുവയ്ക്കാമോ?
 
ബിന്ദു – ധാരാളം വായിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന പുരോഗമനാശയക്കാരനായ പിതാവിന്റെ സ്വാധീനവും, മൂന്ന് പെൺമക്കളുള്ള വീട്ടിലെ ഏകാന്തതയും, വായനാ സാന്ദ്രമായ അന്തരീക്ഷവും, കോൺവെന്റ് സ്കൂളിലെ വിദ്യാഭ്യാസവും എഴുത്തിന് വളമായി. സെന്റ് അഗസ്റ്റിസ് സ്കൂളിലെ മലയാളം അധ്യാപിക ഡെയ്സി ടീച്ചറാണ് ഉള്ളിലെ എഴുത്തുകാരിയെ കണ്ടെത്തിയത്.
സ്കൂളിലെ മോറൽ സയൻസ് ക്ലാസുകൾക്കു വേണ്ടിയുള്ള കുറിപ്പുകളിലാണ് ആദ്യകാല രചനകൾക്ക് ആരംഭം കുറിച്ചത്. പിന്നിട് കഥാരചന, നാടകം തുടങ്ങി എല്ലാവിധ സർഗ്ഗാത്മക പ്രവർത്തനങ്ങളിലും ഏർപ്പെട്ടു.
കലാലയ ജീവിതത്തിലെ സംഘടനാ പ്രവർത്തനങ്ങളും പുരോഗമന കലാസാഹിത്യ മേഖലയുമായുള്ള അടുപ്പവും ഒരു സാമൂഹിക കാഴ്ച്ചപ്പാട് പകർന്നു. അന്നും, ഇന്നും പ്രഭാഷണം ഇഷ്ടമുള്ള വ്യവഹാര രൂപമാണ്. സ്കൂൾ തലത്തിൽ സംസ്ഥാന കലോത്സവങ്ങളിൽ കഥാരചനയിൽ പങ്കെടുക്കാൻ കഴിഞ്ഞത് ഒരു ഭാഗ്യമായി കരുതുന്നു.
കവിതയിലേക്ക് എത്തിയത് 30 വർഷങ്ങൾക്ക് ശേഷമാണ്.
ഒരു പ്രീഡിഗ്രി കൂട്ടായ്മ പകർന്ന ഉണർവ്വാണ് ഔദ്യോഗിക തിരക്കിനിടയിൽ മങ്ങിക്കിടന്ന സർഗ്ഗ ജീവിതത്തിന്റെ പുനർജീവനത്തിന് കാരണമായത്.
രണ്ടു വർഷം കൊണ്ട് ഏകദേശം അറുപതിൽ പരം കവിതകളും, കുറേ ഓർമ്മക്കുറിപ്പുകളും എഴുതാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ട്.
പ്രഥമ കവിതാസമാഹാരം പണിപ്പുരയിലാണ്.
 
നല്ലെഴുത്ത്, തീമരത്തണൽ, കവിതാലയം തുടങ്ങിയ സാഹിത്യവേദികൾ പകർന്ന പ്രചോദനം വളരെ വലുതാണ്. ഉത്തരാധുനിക കവിയായ ശ്രീ പവിത്രൻ തീക്കുനി മാഷിന്റെ പ്രചോദനം ഭാഷാ പരിചയം പോലുള്ള കാവ്യയാത്രക്ക് കാരണമായി.
എത്ര കോരിയെടുത്താലും വറ്റാത്ത പൂർവ്വസൂരികൾ പകർന്ന കവനമേഖലയെ സാഹിത്യകുതുകികളിൽ എത്തിക്കാൻ സാധിക്കുന്നതിൽ ഏറെ സന്തോഷമുണ്ട്.
 
അജയ് നാരായണൻ –  നമുക്ക് വർത്തമാനകാലത്തേക്കു വരാം.
അദ്ധ്യാപിക, ഭാഷാവിജ്ഞാനസംബന്ധമായ പ്രഭാഷണങ്ങൾ, ശക്തമായ എഴുത്തുകൾ, സാഹിത്യചർച്ചകൾ. ഇവയ്ക്കു സമാന്തരമായി പോകുന്ന കുടുംബജീവിതം, ഉത്തരവാദിത്തം നിറഞ്ഞ ഈ വ്യക്തിത്വത്തെ ആദരവോടെ, അത്ഭുതത്തോടെയേ എനിക്കു കാണാൻ എനിക്കു കഴിയുന്നുള്ളു.
ഇനിയുള്ള ചോദ്യത്തിന് ഏറെ സാംഗത്യമുണ്ട് എന്നു ഞാൻ കരുതുന്നു. സ്ത്രീകൾ കടന്നുവരാൻ ഏറെ കടമ്പകൾ ഉള്ള തലങ്ങളിലൂടെ യാണല്ലോ താങ്കളുടെ സഞ്ചാരം. എങ്ങനെ സാധിക്കുന്നു ഈ തുലനാവസ്ഥ?
 
ബിന്ദു – ഭാഷ പഠിപ്പിക്കാൻ അവസരം കിട്ടിയതിൽ ഏറെ സന്തോഷമുണ്ട്. 27 വർഷത്തെ അധ്യാപക ജീവിതം ഒരുപാട് കുരുന്നു ജീവിതങ്ങളെ അറിയാൻ കാരണമായി. മലയാളത്തിന്റെ മാധുര്യത്തെ എത്ര പകർന്നാലും മതിയാകാറില്ല. ഒരുപക്ഷെ വിദ്യാഭ്യാസ ജീവിതത്തിലും ഏറെ ആനന്ദം കിട്ടിയത് മാതൃഭാഷയിൽ നിന്നായിരുന്നു. അതുകൊണ്ടു തന്നെ അതിനെക്കുറിച്ച് പഠിക്കാൻ കിട്ടുന്ന ഒരവസരവും പാഴാക്കാറില്ല. ബിരുദാനന്തരബിരുദം സർവ്വീസിലിരിക്കെ റാങ്കോടെ പൂർത്തിയാക്കാൻ കഴിഞ്ഞത് ധന്യമായി കാണുന്നു.
വളരെനേരത്തെ കുടുംബ ജീവിതത്തിലേക്ക് കടന്നുവന്നയാളാണ് ഞാൻ.
കുടുംബ ജീവിതത്തിന്റെയും, ഔദ്യോഗിക ജീവിതത്തിന്റെയും എല്ലാ പ്രതിസന്ധികൾക്കും, തിരക്കിനുമിടയിൽ പഠനവും, എഴുത്തു ജീവിതവും വെല്ലുവിളിയായി തന്നെ കൊണ്ടുപോകുന്നത് അതിനോടുള്ള അദമ്യമായ താല്പര്യം കൊണ്ടുമാത്രം.
മനസ്സിൽ ദൃഢനിശ്ചയവും ലക്ഷ്യവും കഠിനാദ്ധ്വാനവുമുണ്ടെങ്കിൽ എത്ര പ്രതിസന്ധികൾക്കിടയിലും നമുക്ക് മുന്നോട്ടുപോകാൻ കഴിയും. തികഞ്ഞ ഈശ്വരവിശ്വാസിയായ ഞാൻ പ്രയത്നത്തോടൊപ്പം ദൈവചിന്തയ്ക്കു കുടി പ്രാധാന്യം കൊടുക്കുന്നു.
സ്വന്തം ഒറ്റമുറി എന്നും പൊരുതി നേടേണ്ടവൾ തന്നെയാണ് സ്ത്രി.
എഴുതാനുള്ള സാഹചര്യങ്ങളെ നിഷേധിക്കാത്ത ഒരു കുടുംബ ജീവിതം ലഭിച്ചുവെന്നതിൽ വലിയ ആശ്വാസമുണ്ട്.
 
അജയ് നാരായണൻ – ബിന്ദുവിന്റെ ചിന്താധാര വ്യതിരിക്തമാണെന്ന് കൗതുകത്തോടെ കാണുന്ന ഒരു വായനക്കാരൻ ചോദിക്കുന്ന ഒരുകാര്യം, മാധ്യമങ്ങളിൽ താങ്കൾ ഒരു സജീവ എഴുത്തുകാരിയല്ല എന്നതാണ്. എങ്കിലും മഴത്താളങ്ങളുടെ മുറുക്കവുമായി വായനക്കാരിലേക്ക് വരുമ്പോൾ, എന്താണ് താങ്കൾ ഈ സമാഹാരത്തിലൂടെ പറയാൻ ശ്രമിക്കുന്നത്?
 
ബിന്ദു – രചനയെ ആത്മാനുഭവങ്ങളുടെ സാക്ഷ്യപ്പെടുത്തലായി കാണുമ്പോൾ പൊതു ഇടങ്ങളിലുള്ള കടന്നുവരവുകൾക്ക് അധികം താല്പര്യം കൊടുക്കാറില്ല. പിന്നെ അതിന് സമയം നീക്കിവയ്ക്കാൻ ശ്രമിക്കാറില്ല. നിശബ്ദമായ ഇടങ്ങളിലിരുന്ന് സമൂഹവുമായി സംവദിക്കാൻ ഒരു സുഖമുണ്ട്. അധികം ബഹളങ്ങളില്ലാതെ . പലരുടേയും നിർബന്ധം കൊണ്ടാണ് പലപോഴും മാധ്യമങ്ങളിലേക്ക് സൃഷ്ടികൾ കൊടുത്തത്. അതിനൊരു ക്ഷമയും വേണമല്ലോ. പിന്നെ എഴുത്തിന് എത്രയോ വേദികളും തലങ്ങളുമുണ്ട്.
 
മഴത്താളങ്ങൾ ആത്മനൊമ്പരങ്ങൾ തന്നെയാണ്. വെയിലത്തെ മഴച്ചാറ്റലെന്നുമറിഞ്ഞിട്ടും ഒരു കുടം തണ്ണീരിനെ മോഹിച്ച മനസ്സ്. ഞാൻ കണ്ട ജീവിതങ്ങൾ അതിലുണ്ട്. ഉള്ളിലെന്നും എരിയുന്ന കനലും, മായ്ക്കാൻ കഴിയാത്ത ജീവിതത്തിന്റെ ചുവരെഴുത്തുകളുമാണ് ആദ്യ കൃതിയിൽ പകർത്താൻ പറയാൻ ശ്രമിച്ചത്.
 
അജയ് നാരായണൻ – ബിന്ദുവിന്റെ ചില രചനാപ്രയോഗങ്ങൾ നോക്കൂ, രതിയുടെ മിഴിമുന നഖചിത്രമെഴുതുമ്പോൾ (നിലാപ്പെയ്ത്ത് ), പഥികന്റെ നെഞ്ചുറപ്പിന്റെ ഗാഥ (കവിത), കറുത്തവന്റെ വേവവുനിലങ്ങളെ അടയാളപ്പെടുത്തട്ടെ (വേവുനിലങ്ങൾ…) തുടങ്ങിയവയിലൂടെ കവിതയുടെ നിർവചനങ്ങൾ പറഞ്ഞുവയ്ക്കുന്നതായി തോന്നാം.
എന്താണ് താങ്കൾക്കു കവിത?
 
ബിന്ദു – ജീവിതത്തിന്റെ സ്പന്ദനമാണ് എനിക്ക് കവിത. മനസ്സിൽ ഉറഞ്ഞു കൂടിയ വികാര, വിചാരങ്ങളുടെ ബഹിർസ്ഫുരണമാണ് ഓരോ പ്രയോഗങ്ങളും . ഒരർത്ഥത്തിൽ നേരനുഭവങ്ങൾ രുചിച്ചറിഞ്ഞത് , കണ്ടത്, കാണാൻ ആഗ്രഹിക്കുന്നത്. അവയിൽ തീർക്കുന്നത് ജീവിതത്തിന്റെ നിർവ്വചനങ്ങൾ തന്നെ. നെഞ്ചുറപ്പിന്റെ ഗാഥ തന്നെ എനിക്ക് .
 
അജയ് നാരായണൻ – നമുക്കുവേവുനിലങ്ങളിലേക്ക് വരാം. ഇവിടെ ആത്മാവിന്റെ നോവുകളുടെ കഥ പറയുന്ന, ചുട്ടുപഴുത്ത ദിനാന്ത്യങ്ങളിൽ ജനിച്ച കവിതകൾ പറയുമ്പോൾ കവിയുടെ യും വായനക്കാരന്റെയും വ്യഥകൾ ഒന്നായിമാറുന്നു, അവരുടെ സ്വത്വവും എന്നാകുന്നു. ഇവിടെ ഞാൻ കാണുന്നത് കവിയുടെ കല്പനാവൈഭവം തന്നെ.
വേവുനിലങ്ങളിലേക്ക് എത്തിയ വഴി വായനക്കാർക്ക് വേണ്ടി ബിന്ദു ഒന്നു വിശദീകരിക്കാമോ?
 
ബിന്ദു – വേവുനിലങ്ങളെ കാണാനും തിരിച്ചറിയാനുമുള്ള ഇച്ഛാശക്തി ജന്മസിദ്ധം തന്നെയാണ്.
ചെറുപ്പം മുതലേ പാർശ്വവത്ക്കരിക്കപ്പെടുന്നവരുടെ ജീവിത പ്രശ്നങ്ങൾ മനസ്സിലേക്ക് പകർന്നു തരാൻ പിതാവ് ശ്രമിച്ചിട്ടുണ്ട്. ഒരു യാഥാസ്ഥിതിക കുടുംബത്തിൽ ജനിച്ച അദ്ദേഹം എന്നും പുരോഗമനാശയക്കാരനായിരുന്നു. അതുകൊണ്ടു തന്നെ വേദനിക്കുന്ന മനസുകളെ നോക്കി കാണാനും അവർക്കു വേണ്ടി പ്രവർത്തിക്കാനും ഞങ്ങളെ ശീലിപ്പിച്ചു. അദ്ദേഹം എന്നും മേലാള വർഗ്ഗത്തിന് വിപരീതമായിരുന്നു. ഈ ദർശനം എന്നിലേക്ക് സന്നിവേശിപ്പിക്കപ്പെട്ടു. അധാർമ്മികതക്കെതിരെ ചൂണ്ടുവിരൽ ഉയർത്താൻ എന്നും പരിശ്രമിക്കുന്നു. കവി വാക്യങ്ങളെ കടമെടുത്താൽ രുദിതാനുസാരിയായ ജീവിതങ്ങളെ സത്യസന്ധമായി ആവിഷ്കരിക്കാൻ ആഗ്രഹിക്കുന്നു.
ഒരർത്ഥത്തിൽ എല്ലാവരുടേയും ഉള്ളിൽ വേവുനിലങ്ങളില്ലേ?
 
അജയ് നാരായണൻ – എല്ലാവരുടെയും ഉള്ളിലെ വേവുനിലങ്ങളുമായി സമരസപ്പെടാൻ വെമ്പുന്ന കവിയുടെ കുടുംബത്തെക്കുറിച്ചും ഞങ്ങളുമായി പങ്കുവയ്ക്കാമോ?
തിരക്കുള്ള ഔദ്യോഗികജീവിതത്തിൽ അധ്യാപിക, ഭാഷയോടുള്ള ഒടുങ്ങാത്ത പ്രതിപത്തിമൂലം ഓരോ വേദിയിലും ഓരോ പംക്തി കൈകാര്യം ചെയ്യുന്ന പ്രഭാഷക, ചിന്തയിലെ ഭാവനയെ കവിതകളാക്കുന്ന എഴുത്തുകാരി, സ്നേഹമുള്ള മകൾ, കരുതലുള്ള ഭാര്യ, ചുമതലയുള്ള അമ്മ! എങ്ങനെ സാധിക്കുന്നു?
 
ബിന്ദു – കാർഷിക ജീവിതം കൂടി നയിച്ച മധ്യകേരളത്തിലെ ഒരു ഇടത്തരം ക്രിസ്ത്യൻ കുടുംബത്തിലെ സർക്കാരുദ്യോഗസ്ഥന്റെ മൂന്നു പെൺമക്കളിൽ നടുവിലത്തെ മകളായി ജനിച്ചു. എക്സൈസ് വകുപ്പിലായിരുന്നു പിതാവ്. വീട്ടമ്മയായ മാതാവും. വിദ്യാഭ്യാസത്തിനും
വായനയ്ക്കും, ചിന്തക്കും ഒത്തിരി പ്രാധാന്യം പകർന്ന കുടുംബാന്തരീക്ഷം. ഞാൻ രൂപപ്പെട്ടത് അവിടെ നിന്നാണ്. അപ്പച്ചൻ ധാരാളം ആശയ വിനിമയം ചെയ്തിരുന്നു. മൂലധനവും, മാനിഫെസ്റ്റോയും കണ്ടാണ് വളർന്നത്. ഇ.എം. സും, ഏ.കെ ജിയും , പി.കൃഷ്ണപിള്ളയുമൊക്കെ കാണാതെ കണ്ടവർ. സാഹിത്യം, കല എന്നിവയോട് വളരെ ആഭിമുഖ്യം ജനിപ്പിച്ച സാഹചര്യം. നാടകം, സിനിമ, ഫുട്ബോൾ , സർക്കസ് തുടങ്ങി എല്ലാ മേഖലകളും ആസ്വദിക്കാനുള്ള അവസരങ്ങൾ പകർന്നു കിട്ടി. സ്കൂൾ തലം മുതലേ എല്ലാ പഠനയാത്രകൾക്കും സാഹചര്യം കിട്ടിയിരുന്നു. സഞ്ചാരം പകർന്നതും അറിവിന്റെലോകം.
പുരോഗമന കലാ സാഹിത്യ സംഘം, പുരോഗമന വിദ്യാർത്ഥി പ്രസ്ഥാനം എന്നിവ പകർന്ന ഊർജ്ജം പ്രഭാഷണ മേഖലയോട് താല്പര്യം ജനിപ്പിച്ചു.
അധ്യാപക വൃത്തി ഏറെ ഇഷ്ടപ്പെട്ടതായിരുന്നു. ഇരുപത്തിരണ്ടാം വയസ്സിൽ അതിനുള്ള ഭാഗ്യം ലഭിച്ചു. ഇരുപത്തേഴു വർഷമായി ഏറെ ആസ്വദിച്ചു ആ തൊഴിൽ മേഖല മുന്നോട്ടു കൊണ്ടുപോകുന്നു. കുഞ്ഞുങ്ങൾ പകരുന്ന ആനന്ദം വളരെ വലുതാണ്.
മലയാളം എന്ന ഇഷ്ടപ്പെട്ട വിഷയം പഠിപ്പിക്കാൻ കഴിയുന്നതിൽ ഏറെ സന്തോഷമുണ്ട്. ഓരോ ക്ലാസ് മുറിയും പകരുന്ന അനുഭവങ്ങൾ വളരെ വലുത് .
മുൻപിൽ കണ്ട കുട്ടികളുടെ ജീവിതവും വല്ലാതെ സ്പർശിച്ചിട്ടുണ്ട്, എഴുത്തിനേയും.
നിരഞ്ജന എന്റെ കുട്ടിയായത് അങ്ങിനെയാണ്.
നേരത്തെ കുടുംബ ജീവിതത്തിൽ എത്തിയ എനിക്ക് അധ്യാപകനായ ഭർത്താവിന്റെ പിന്തുണ എഴുത്തു ജീവിതത്തിൽ ലഭിക്കുന്നുണ്ട്.
26 വർഷങ്ങൾ കുടുംബത്തിന്റെയും വിദ്യാലയത്തിന്റെയും അകത്തളങ്ങളിൽ മാത്രം ഒതുങ്ങപ്പെട്ടു പോകേണ്ടിവന്നു.
മകൾ , ഭാര്യ, അമ്മ, അധ്യാപിക ഈ നിലകളിലെല്ലാം സംതൃപ്തയാണ്.
ഇതിനിടയിൽ എഴുത്തുകാരിയെ തൃപ്തിപ്പെടുത്താൻ ഒരുപാട്ക്ലേ ശിക്കേണ്ടിവരുന്നുണ്ട്.
മക്കൾ രണ്ടു പേരും വിദ്യാർത്ഥികളാണ്.
മകൻ ചിത്രകാരൻ കൂടിയാണ്.
 
അജയ് നാരായണൻ – ഒറ്റനോട്ടത്തിൽ ബന്ധമില്ലെന്നു തോന്നിയേക്കാവുന്ന ഒരു ചോദ്യം കൂടി ചോദിക്കട്ടെ?
ഈ മഹാമാരികാലം ബിന്ദുവിനെ പഠിപ്പിച്ചതെന്താണ്? എഴുത്തുജീവിതത്തിൽ ആ പാഠം എങ്ങനെ കാണുന്നു?
 
ബിന്ദു – അവനവനിലേക്ക് നോക്കാൻ പഠിപ്പിച്ചു ഈ കാലം. ഒപ്പമുള്ളവരെ പെട്ടെന്ന് നഷ്ടപ്പെട്ടപ്പോൾ ജീവിതത്തിന്റെ ക്ഷണികതയെ ഏറെ കാണിച്ചു തന്നു.
ഒപ്പം ഉള്ളിലെ എഴുത്തുകാരിക്ക് വളരാനുള്ള സാഹചര്യവും.
എന്നെ ഞാനാക്കിയ
പിതാവ് ആറു വർഷമായി ഓർമ്മകളുടെ കാണാമറയത്ത് നിശ്ചലനായി ഇന്ന് ജീവിക്കുമ്പോൾ ജീവിതം എന്നെ പഠിപ്പിക്കുന്നതും മറ്റൊന്നല്ല.
ദിനാന്ത്യങ്ങളിലെ മിഴിവെട്ടങ്ങൾ പകർന്ന ശോഭയും.
വേവുനിലങ്ങൾ പകരുന്ന അതിജീവനത്തിന്റെ കരുത്തും.
എഴുതാതിരിക്കുവതെങ്ങിനെ ഞാൻ.

അജയ് നാരായണൻ – നന്ദി ബിന്ദു. താങ്കളുടെ എഴുത്തുജീവിതത്തിനു എല്ലാവിധ ആശംസകളും നേരുന്നു. ഗ്രീൻ ബുക്സ് ഉടനെ ഇറക്കുന്ന മഴത്താളങ്ങൾക്ക് എല്ലാവിധ ആശംസകളും നേരുന്നു. ഒപ്പം, ഭാഷയ്ക്കായി ബിന്ദു ചെയ്യുന്ന സേവനങ്ങൾ കൂടുതൽ ഉയരത്തിലെത്തട്ടെ.
 
ബിന്ദു – എഴുത്തിന്റെ വഴികളിലൂടെ സഞ്ചരിക്കാൻ അവസരം ഒരുക്കിയ പ്രിയ അജയ് മാഷിനു എല്ലാ സ്നേഹവും നന്ദിയും അറിയിക്കുന്നു.

==================
നമുക്കിനി ബിന്ദുവിന്റെ കവിത വായിക്കാം. എല്ലാവരും അഭിപ്രായം പറയുക, ആസ്വദിക്കുക.
 

വേവുനിലങ്ങളെ അടയാളപ്പെടുത്തുമ്പോൾ

വേവു നിലങ്ങൾക്ക്
ഉഷ്ണക്കാറ്റിന്റെ
കഥകളാണ് പറയാനുള്ളത് .
ഇനിയും തിരിച്ചറിയേണ്ട
മഴത്തുമ്പികളുടേയും ,
ശലഭങ്ങളുടേയും കഥകൾ .
നെഞ്ചുകീറിയ പകലുകളുടെ
കഥകളവ .
 
ചുട്ടുപഴുത്ത ദിനാന്ത്യങ്ങളിൽ
ജന്മം കൊണ്ട
കവിതയുടെ കഥകൾ .
ചോര കിനിയുന്ന
വാഗസ്ത്രങ്ങളുടെ കഥകൾ ..
മരുപ്പച്ചകൾ തീർത്ത മൗനദാഹങ്ങളുടെ കഥകൾ ..
ഉറഞ്ഞവെയിലിൽ
തറയ്ക്കപ്പെട്ട
ഉൾത്തടത്തിന്റെ കഥകൾ ..
 
ഹൃത്തടം ഉരുകുമ്പോൾ
നോവിന്റെ ശീലുകളെ
ഉച്ചത്തിൽ പാടിയ കഥകൾ…
കരൾ കലങ്ങുമ്പോൾ
കാലം ജ്വലിപ്പിച്ചെടുത്ത
കനൽക്കഥകൾ…
 
ബഹിഷ്കരിക്കപ്പെട്ടവന്റെ
കറുത്ത തത്ത്വശാസ്ത്രത്തിന്റെ കഥകൾ,
വെളുപ്പിന്റെ അടിവേരുകൾ
പകരുന്ന
നീറ്റലിന്റെ കഥകൾ.
 
അധിനിവേശത്തിന്റെ
വെണ്മകളെ
തകർത്തെറിയുന്ന
കറുത്തവനിലൂടെ
വേവുനിലങ്ങളെ
അടയാളപ്പെടുത്തട്ടെ!
 
ബിന്ദു ജിജി
 
അഭിമുഖം തയ്യാറാക്കിയത്: ഡോ. അജയ് നാരായണൻ Lesotho

COMMENTS

3 COMMENTS

 1. ബിന്ദൂസിന്റെ വ്യക്തി ജീവിതത്തിലേക്കും
  ഔദ്യോഗിക ജീവിതത്തിലേക്കും എഴുത്തു
  വന്ന വഴികളിേലേക്കും കാവ്യജീവിതം തുടക്കം
  മുതൽ ഇന്നുവരെയുള്ള യാത്രകളിലിലേക്കും
  സ്വാധീനിച്ച വ്യക്തികൾ ,കൂട്ടായ്മകൾ
  എന്നിവയിലേക്കും വെളിച്ചം വീശുന്ന കാര്യമാത്ര
  പ്രസക്തവും എന്നാൽ ഗൗരവമേറിയതുമായ അഭിമുഖം ഏറെ ശ്രദ്ധേയമായിട്ടുണ്ട്

 2. വ്യത്യസ്തമായ ചോദ്യങ്ങളും ഉത്തരങ്ങളും. കൂടുതൽ എഴുതാൻ കഴിയട്ടെ …. ലക്ഷക്കണക്കിനുള്ള കവികൾ കാണാത്തത് കാണുകയും എഴുത്തിലൂടെ കാണിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

സൗഹൃദം (കവിത) പ്രസന്ന മുകുന്ദൻ

നീളെനീളെക്കൊഴിയുന്നു രാത്രങ്ങൾകാലചക്രം ഉരുളുന്നു പിന്നെയും. പകലെരിയുന്നു രാവുപുലരുന്നുസ്വപ്നഗേഹങ്ങൾ നിദ്രവിട്ടുണരുന്നു. അഴലെഴുന്നൊരെൻ മനമാകവേഅലകടൽപോലെ ആലോലമാടുന്നു. ചേർത്തുവയ്ക്കുന്നു ...

എന്നാലായത് (കവിത) കേണൽ രമേശ്‌ രാമകൃഷ്ണൻ

ഇന്നലെ ‌ഞാനൊരുകൊതുകിനെ‌ കണ്ടു.എന്റെ രക്തം ‌ഊറ്റിക്കുടിച്ചിട്ടുംഞാനതിനെ അടിച്ചു ‌കൊന്നില്ല.നീല വെട്ട൦ പരത്തുന്ന ഒരു ഇലക്ട്രിക് ...

ഏകാന്ത സന്ധ്യ (കവിത)

പോകാനുമിടമില്ല കേൾക്കനുമാളില്ലജീവിത സമരത്തിൽ ഏകകൂട പിറപ്പുകൾ ചിറക് മുളച്ചപ്പോൾ ...

മതത്തെ ഞടുക്കിയ മനുഷ്യൻ (ലേഖനം)

ഇന്ന് ഗുരുവിന്റെ ശുദ്ധനിർവ്വാണ ദിനം. കാലദേശങ്ങൾക്കപ്പുറത്തു സമൂഹത്തെ സ്വാധീനിക്കുവാൻ കഴിഞ്ഞ മഹാത്മാക്കളുടെ വാഗ്മയചിത്രങ്ങൾ ഗുരുവിനെ അറിയാനാഗ്രഹിക്കുന്നവർക്ക് വളരെ സഹായകമാണ്. വിശ്വമഹാകവി രവീന്ദ്രനാഥ ടാഗോർ ഗുരുവിനെകുറിച്ചു പറഞ്ഞത് ഇനിയും കേൾക്കാത്ത മലയാളികളുണ്ട്. ലോകത്തിന്റെ നാനാഭാഗങ്ങളിൽ മഹാകവി ചുറ്റിസഞ്ചരിച്ചിട്ടുണ്ടെന്നും...
WP2Social Auto Publish Powered By : XYZScripts.com
error: