ഡൽഹി : ഡൽഹി ക്യാപിറ്റൽസിനെതിരെയുള്ള തകർപ്പൻ പ്രകടനത്തിന് പിന്നാലെ, തന്റെ സെഞ്ചുറി നഷ്ടമായതിനെക്കുറിച്ച് മനസ്സ് തുറന്ന് മലയാളി താരം സഞ്ജു സാംസൺ. മത്സരത്തിൽ 52 പന്തിൽ പുറത്താകാതെ 87 റൺസാണ് സഞ്ജു നേടിയത്.
മത്സരശേഷം ഹർഷ ഭോഗ്‌ലെയുമായി സംസാരിക്കുമ്പോഴാണ് സഞ്ജു തന്റെ നിലപാട് വ്യക്തമാക്കിയത്. “സെഞ്ചുറികൾ എപ്പോഴും സ്പെഷ്യലാണ്. പക്ഷെ അത് നേടണമെങ്കിൽ എനിക്ക് അൽപം സ്വാർത്ഥനാകേണ്ടി വരുമായിരുന്നു. കൂടെ ബാറ്റ് ചെയ്ത യുവതാരം കാർത്തിക് ശർമ മികച്ച രീതിയിലാണ് കളിച്ചിരുന്നത്. അതുകൊണ്ട് തന്നെ ‘എനിക്ക് സെഞ്ചുറി അടിക്കാൻ ഒരു സിംഗിൾ തരൂ’ എന്ന് അവനോട് പറയാൻ തോന്നിയില്ല. കളി ജയിപ്പിച്ച് പുറത്താകാതെ മടങ്ങുന്നതാണ് സെഞ്ചുറിയേക്കാൾ എനിക്ക് സംതൃപ്തി നൽകുന്നത്.” – സഞ്ജു സാംസൺ
സഞ്ജു 79 റൺസിൽ നിൽക്കുമ്പോൾ ചെന്നൈക്ക് ജയിക്കാൻ 30 റൺസും സഞ്ജുവിന് സെഞ്ചുറിക്ക് 21 റൺസുമായിരുന്നു വേണ്ടിയിരുന്നത്. എന്നാൽ മറുവശത്ത് ബാറ്റ് ചെയ്ത യുവതാരം കാർത്തിക് ശർമ വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്തതോടെ മത്സരം വേഗത്തിൽ അവസാനിച്ചു.
16-ാം ഓവറിൽ എന്‍ഗിഡിക്കെതിരെയും 17-ാം ഓവറിൽ മിച്ചൽ സ്റ്റാർക്കിനെതിരെയും കാർത്തിക് ബൗണ്ടറികൾ നേടി. 18-ാം ഓവറിൽ ടി. നടരാജനെ ഫോറും സിക്സും പറത്തിയതോടെ സഞ്ജുവിന് സെഞ്ചുറി തികയ്ക്കാൻ അവസരം ലഭിക്കുന്നതിന് മുൻപേ ചെന്നൈ വിജയം ഉറപ്പിച്ചു.
സെഞ്ചുറി നേടാൻ ഇനിയും മത്സരങ്ങൾ ബാക്കിയുണ്ടെന്നും അതിനായി ശ്രമിക്കുമെന്നും ആത്മവിശ്വാസത്തോടെ സഞ്ജു കൂട്ടിച്ചേർത്തു.



