Wednesday, October 9, 2024
Homeഇന്ത്യരാജ്യത്തെ സ്ത്രീകൾക്കെതിരെയുള്ള അതിക്രമത്തിൽ കടുത്ത രോഷം അറിയിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു

രാജ്യത്തെ സ്ത്രീകൾക്കെതിരെയുള്ള അതിക്രമത്തിൽ കടുത്ത രോഷം അറിയിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു

ന്യൂഡൽഹി : രാജ്യത്തെ സ്ത്രീകൾക്കെതിരെയുള്ള അതിക്രമത്തിൽ കടുത്ത രോഷം അറിയിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു. വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ ലേഖനത്തിലാണ് രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമത്തെ കടുത്ത ഭാഷയില്‍ രാഷ്ട്രപതി വിമര്‍ശിച്ചത്. സ്ത്രീകളെ ഉപഭോഗവസ്തുക്കളായി കാണുന്നത് അനുവദിക്കാനാവില്ലെന്നും രാജ്യത്തെ സ്ത്രീകളുടെ ഉയർച്ച തടയുന്നത് അനുവദിക്കാനാവില്ലെന്നും രാഷ്ട്രപതി ലേഖനത്തില്‍ വ്യക്തമാക്കി.

സ്ത്രീകൾക്കെതിരെ വൈകൃത ചിന്തയോടെയുള്ള പ്രവണതകൾ തടയണം. സ്ത്രീകളെ കഴിവില്ലാത്തവരായും ബുദ്ധിയും ശക്തിയും ഇല്ലാത്തവരായും ചിലർ കാണുന്നുണ്ടെന്നും ഇത്തരം കാര്യങ്ങള്‍ അവസാനിപ്പിക്കണമെന്നും രാഷ്ട്രപതി വ്യക്തമാക്കി. കൊല്‍ക്കത്തയിലെ ഡോക്ടറുടെ കൊലപാതകവും മറ്റു  സംസ്ഥാനങ്ങളില്‍ ഉള്‍പ്പെടെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെയും പശ്ചാത്തലത്തിലാണ് രാഷ്ട്രപതിയുടെ വിമര്‍ശനം.

സ്ത്രീകള്‍ക്കെതിരായ മോശം പെരുമാറ്റവും അവരെ താഴ്ത്തികെട്ടിയുള്ള സംസാരങ്ങളുമെല്ലാം ഒരുതരത്തിലും അംഗീകരിക്കാൻ കഴിയുന്നതല്ല. കൊല്‍ക്കത്തയിലെ ഡോക്ടറുടെ കൊലപാതകത്തിലും രാഷ്ട്രപതി രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. ഇന്ന് ബിജെപി പശ്ചിമ ബംഗാളില്‍ ആഹ്വാനം ചെയ്ത ബന്ദില്‍ അക്രമങ്ങളുണ്ടായി.ഇതിനിടെ, പീഡന കേസിലെ പ്രതികൾക്ക് വധശിക്ഷ ഉറപ്പാക്കുന്ന ബിൽ അടുത്തയാഴ്ച നിയമസഭ പാസ്സാക്കുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി വ്യക്തമാക്കി. ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധം കനക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. 10 ദിവസത്തിനകം ശിക്ഷ ഉറപ്പാക്കുന്ന രീതിയിൽ നിയമ ഭേദഗതി ചെയ്യുമെന്നാണ് മമത ബാനര്‍ജി അറിയിച്ചിരിക്കുന്നത്.

പാസാക്കുന്ന ബിൽ ഗവർണർക്ക് അയക്കും. ഗവർണർ ഒപ്പിട്ടില്ലെങ്കിൽ രാജ്ഭവന് മുന്നിൽ താൻ കുത്തിയിരിക്കുമെന്നും മമത അറിയിച്ചു. കൊൽക്കത്തയിലെ റാലിയിലായിരുന്നു മമത ബാനർജിയുടെ പ്രഖ്യാപനം.കൊല്‍ക്കത്തയിൽ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യവ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് മമത ബാനര്‍ജിയുടെ പ്രഖ്യാപനം.

രാജ്യത്ത് സ്ത്രീകള്‍ക്കുനേരെ നടക്കുന്ന അതിക്രമങ്ങളിലും പീഡനങ്ങളിലും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേഗത്തിലെടുക്കാൻ പ്രത്യേക നിയമ നിര്‍മാണം നടത്തണമെന്നാവശ്യപ്പെട്ട് മമത ബാനര്‍ജി കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയ്ക്ക് കത്തയച്ചിരുന്നു. രാജ്യത്ത് ഓരോ ദിവസവും 90 പീഡനങ്ങള്‍ നടക്കുന്നുണ്ടെന്നും സ്ഥിതി അശങ്കാജനകമാണെന്നുമാണ് കത്തില്‍ മമത ബാനര്‍ജി പറയുന്നത്. അതേസമയം, ഒരു വശത്ത് കുറ്റവാളികളെ സംരക്ഷിക്കുന്ന മമതയുടെ ഇരട്ടത്താപ്പാണിതെന്നാണ് ബിജെപിയുടെ വിമര്‍ശനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments