കൊച്ചിയുടെ തന്ത്രപ്രധാന മേഖലയില്‍ മോക്ക്ഡ്രില്‍ സംഘടിപ്പിച്ച് തീവ്രവാദ വിരുദ്ധ സേന. നഗരത്തില്‍ തീവ്രവാദി ആക്രമണം ഉണ്ടായാല്‍ അതിനെ എങ്ങിനെ പ്രതിരോധിക്കുമെന്നാണ് കേരള പൊലീസിലെ തീവ്രവാദ വിരുദ്ധ സേന മോക് ഡ്രില്ലിലൂടെ വിശദീകരിച്ചത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പി വിമലാദിത്യയുടെ ഉത്തരവ് പ്രകാരമായിരുന്നു വെല്ലിംഗ്ടണ്‍ ഐലന്‍റിലെ മോക്ക്ഡ്രില്‍.
സമയം പകല്‍ 3 മണി. സുരക്ഷാവലയം മറികടന്ന് കൊച്ചി വെല്ലിംഗ്ടണ്‍ ഐലന്‍റിലെ സ്വകാര്യ ഹോട്ടലില്‍ കടന്നുകയറുന്നു തീവ്രവാദികള്‍.കാറിലെത്തിയ മുഖം മറച്ച ആയുധധാരികള്‍ ഹോട്ടലിലെ വനിതകള്‍ ഉള്‍പ്പടെയുള്ളവരെ ബന്ദികളാക്കുന്നു, വെടിയുതിര്‍ക്കുന്നു.എല്ലാവരും ഭീതിയുടെ മുള്‍മുനയില്‍. നിമിഷങ്ങള്‍ക്കകം കേരള പോലീസിലെ തീവ്രവാദ വിരുദ്ധ സേനയിലെയും തണ്ടര്‍ബോള്‍ട്ടിലെയും കമാന്‍ഡോകള്‍ ഹോട്ടിലിലേക്ക് കുതിച്ചെത്തുന്നു. ഇവര്‍ക്കൊപ്പം കോസ്റ്റല്‍ പോലീസും ആര്‍ ആര്‍ എഫും.
തീവ്രവാദികളെ കീഴടക്കി ബന്ദികളെ അടിയന്തിരമായി മോചിപ്പിക്കാനുള്ള പ്ലാന്‍ തയ്യാറാക്കി ഹോട്ടലിനകത്തേക്ക് കയറുന്നു കമാന്‍ഡോകള്‍.പിന്നീട് ഏറ്റുമുട്ടലിന്‍റെ മിനിറ്റുകള്‍. ഒടുവില്‍ ആയുധധാരികളായ തീവ്രവാദികളെ കീഴടക്കി കയ്യാമംവെച്ച് കൊണ്ടുപോകുന്നു കമാന്‍ഡോസ്. ഒപ്പം ബന്ദികളെ മോചിപ്പിച്ച് സുരക്ഷിതരാക്കുകയും ചെയ്യുന്നു.
നഗരവാസികളെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ശേഷം സുരക്ഷിത വലയത്തിലാക്കുന്ന സന്ദര്‍ഭം മോക്ക്ഡ്രില്ലിലൂടെ ആവിഷ്ക്കരിക്കുകയായിരുന്നു തീവ്രവാദ വിരുദ്ധ സേന.
പോലീസിലെ ഇതര വിഭാഗങ്ങളും ആരോഗ്യവിഭാഗവും മോക്ക്ഡ്രില്ലിന്‍റെ ഭാഗമായി. കൊച്ചി സിറ്റിപോലീസ് കമ്മീഷണർ പി വിമലാദിത്യയുടെ ഉത്തരവ്പ്രകാരം,ഐ ആർ ബി കമാൻഡൻഡ് നദീമുദ്ദീൻ, അസിസ്റ്റൻറ് കമാൻഡന്റ് മനോജ് സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു ATS നഗരത്തില്‍ മോക്ക്ഡ്രില്‍ സംഘടിപ്പിച്ചത്.



