പത്തനംതിട്ട: പത്തനംതിട്ട കുറ്റൂർ സഹകരണ ബാങ്കിലും വായ്പാ ക്രമക്കേടുകൾ കണ്ടെത്തി സഹകരണ വകുപ്പ്. സി.പി.എം. ഏരിയാ സെക്രട്ടറിയുടെ ഭാര്യ വ്യാജവിലാസത്തിൽ വായ്പ നേടിയെന്നും ഒരേ ആധാരത്തിന്മേൽ അഞ്ചുപേർക്ക് വായ്പ നൽകിയെന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ബാങ്കിന് നഷ്ടമുണ്ടായിട്ടില്ലെന്നാണ് ഭരണസമിതി പ്രസിഡന്റ് അനീഷിന്റെ ന്യായീകരണം. വിഷയത്തിൽ ആഭ്യന്തര അന്വേഷണം തുടങ്ങി.
നിക്ഷേപത്തുകയുടെ വിനിയോഗം, വായ്പ അനുവദിച്ചത്, ചിട്ടി നടത്തിപ്പ്, കെട്ടിടനിർമാണം എന്നിവയിലെല്ലാം ഗുരുതരമായ ക്രമക്കേടും ചട്ടലംഘനവും ഉണ്ടായതായാണ് സഹകരണ വകുപ്പ് നടത്തിയ പരിശോധനയിൽ വ്യക്തമായത്.
ഇടതു നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ബാങ്കിന് നേതൃത്വം നൽകുന്നത്. അതിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് സി.പി.എം. തിരുവല്ല ഏരിയാ സെക്രട്ടറി ഫ്രാൻസിസ് ബി. ആന്റണി, അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് വ്യാജവിലാസത്തിൽ ലോൺ തരപ്പെടുത്തി എന്നതാണ് പ്രധാനപ്പെട്ട വിഷയമായി ഉയർന്നുനിൽക്കുന്നത്. സ്വപ്ന ദാസ് എന്നയാളാണ് വായ്പ നേടിയിട്ടുള്ളത്.
സ്വപ്ന ദാസിന്റെ യഥാർഥ വിലാസം സ്വപ്ന ദാസ്, വടക്കേവീട്ടിൽ, കടപ്ര, പരിമല പി.ഒ. എന്നതാണ്. എന്നാൽ വായ്പയ്ക്കായി നൽകിയ അപേക്ഷയിൽ നൽകിയ വിലാസം സ്വപ്നാ ദാസ്, വടക്കേപറമ്പിൽ, വെൺപാല എന്നതാണ്. ഈ വിലാസത്തിൽ സ്വപ്നാ ദാസ് എന്ന താമസക്കാരി ഇല്ല എന്ന് സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
2000 ഒക്ടോബർ 17-ലാണ് ഇവർക്ക് അംഗത്വം നൽകുന്നത്. അംഗത്വം നൽകിയ തീരുമാനമെടുത്ത അതേ ഭരണസമിതി യോഗംതന്നെ തൊട്ടടുത്ത തീരുമാനത്തിൽ സ്വപ്നയ്ക്ക് 20 ലക്ഷം രൂപ വായ്പ അനുവദിക്കാനും തീരുമാനമെടുത്തു. ഇവർക്ക് വായ്പ നൽകണമെന്ന ഉദ്ദേശ്യത്തോടുകൂടി തന്നെയാണ് അംഗത്വം നൽകിയതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.