ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പത്താം സീസണിന് ഇന്ന് കൊച്ചിയിൽ തുടക്കമാകും. രാത്രി എട്ട് മണിക്ക് കലൂർ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ വച്ച് കേരള ബ്ലാസ്‌റ്റേഴ്‌സും ബെംഗളൂരു എഫ്‌സിയും തമ്മില്‍ കൊമ്പുകോർക്കും. അതിശക്തരായ ബെംഗളൂരു എഫ്സി നിരയിൽ ഇന്ന് നായകൻ സുനിൽ ഛേത്രി കളിച്ചേക്കില്ല. ബ്ലാസ്റ്റേഴ്സ് നിരയിൽ കെ പി രാഹുലും ഇന്ന് കളിക്കില്ല. ഇരുവരും ഏഷ്യൻ ഗെയിംസിനുള്ള ദേശീയ ടീമിനൊപ്പമാണ് ഇപ്പോഴുള്ളത്.
പുതിയ സീസണിൽ 11 പുതുമുഖ താരങ്ങളെയാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് ടീമില്‍ അവതരിപ്പിക്കുന്നത്. പരിചയസമ്പന്നരും യുവാക്കളുമായ മികച്ച കളിക്കാര്‍ ഇത്തവണ ക്ലബ്ബിലുണ്ട്. രാഹുല്‍ കെ പി, സച്ചിന്‍ സുരേഷ്, നിഹാല്‍ സുധീഷ്, മുഹമ്മദ് അസ്ഹര്‍, മുഹമ്മദ് ഐമെന്‍, വിബിന്‍ മോഹനന്‍ എന്നിങ്ങനെ ആറ് മലയാളി താരങ്ങളാണ് ടീമിലുളളത്.
അഡ്രിയാന്‍ ലൂണ, ദിമിത്രിയോസ് ഡയമന്റക്കോസ്, മാര്‍ക്കോ ലെസ്‌കോവിച്ച്, മിലോഷ് ഡ്രിങ്സിക്, ക്വാമെ പെപ്ര, ഡായ്സുകെ സകായ് എന്നീ ആറ് വിദേശ താരങ്ങളും ടീമിലുണ്ട്. ആക്രമണവും പ്രതിരോധവും മൂർച്ച കൂട്ടി ആരാധകരുടെ പ്രതീക്ഷക്കൊത്ത് ഉയർത്താനാണ് മാനേജ്മെന്റിന്റെ ശ്രമം. മൂന്ന് തവണ ഐഎസ്‌എല്‍ ഫൈനലിൽ കളിച്ചെങ്കിലും കപ്പടിക്കാനോ കലിപ്പടക്കാനോ കേരള ടീമിനായിട്ടില്ല.
കഴിഞ്ഞ സീസണിൽ സുനിൽ ഛേത്രിയുടെ വിവാദ ഗോളും തുടർന്ന് ബ്ലാസ്റ്റേഴ്സ് ടീമിനെ തിരിച്ചുവിളിച്ച കോച്ച് ഇവാൻ വുകോമനോവിച്ചിന്റെ തീരുമാനങ്ങളും ലീഗിന്റെ ശോഭ കെടുത്തിയിരുന്നു. അതിന് പിന്നാലെ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ ബ്ലാസ്‌റ്റേഴ്‌സിന് പിഴശിക്ഷയും വുകോമനോവിച്ചിന് 10 മത്സരങ്ങളിൽ വിലക്കും ഏര്‍പ്പെടുത്തിയിരുന്നു.
ഏഷ്യയിൽ വച്ച് തന്നെ ഏറ്റവുമധികം ഫാൻ ബേസുള്ള ഫുട്ബോൾ ക്ലബ്ബാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. കഴിഞ്ഞ തവണയും സെമി ഫൈനലിലേക്ക് കടക്കാൻ കഴിഞ്ഞിരുന്നില്ല. ഫൈനലില്‍ ബെംഗളൂരുവിനെ തോല്‍പ്പിച്ച് മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സാണ് ഐഎസ്‌എല്‍ കിരീടം നേടിയത്. പോയിന്റ് പട്ടികയില്‍ മുമ്പനായ മുംബൈ സിറ്റി ലീഗ് ഷീല്‍ഡും സ്വന്തമാക്കി.
പ്രീ-സീസൺ സൌഹൃദ മത്സരങ്ങളിൽ രണ്ടെണ്ണം തോറ്റെങ്കിലും മറ്റു മത്സരങ്ങളിൽ ഗോളടിച്ച് കൂട്ടാൻ ലൂണയ്ക്കും സംഘത്തിനുമായിരുന്നു. എന്നാൽ പുതുമുഖ താരങ്ങൾ തമ്മിലുള്ള ഒത്തിണക്കത്തെ ആശ്രയിച്ചായിരിക്കും ഉദ്ഘാടന മത്സരത്തിന്റെ ഫലമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്വന്തം സ്റ്റേഡിയത്തിലും എതിരാളിയുടെ നാട്ടിലുമായി 11 ടീമുകളോട് ബ്ലാസ്റ്റേഴ്സ് ഏറ്റുമുട്ടണം. അതിൽ നിലവിലെ ചാമ്പ്യന്മാരായ മോഹൻ ബഗാൻ മുതൽ നവാഗതരായ പഞ്ചാബ് വരെയുണ്ട്.
ഇന്ന് മത്സരം കാണാനെത്തുന്നവരുടെ തിരക്ക് പരിഗണിച്ച് കൊച്ചി നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.