അഹമ്മദാബാദ്: നല്ല വസ്ത്രം ധരിക്കുകയും സണ്‍ഗ്ലാസ് വയ്ക്കുകയും ചെയ്ത ദലിത് യുവാവിനെ മേല്‍ജാതിക്കാര്‍ തല്ലിച്ചതച്ചു. ബനസ്‌കന്ത ജില്ലയിലെ പാലന്‍പൂര്‍ താലൂക്കില്‍പ്പെട്ട മോട്ട ഗ്രാമത്തിലാണ് സംഭവം. യുവാവിനൊപ്പമുണ്ടായിരുന്ന മാതാവിനും മര്‍ദനമേറ്റു. രണ്ടുപേരും ചികിത്സയിലാണ്.
ചൊവ്വാഴ്ച രാവിലെ വീടിന് പുറത്തുനില്‍ക്കുമ്പോള്‍ പ്രതികളിലൊരാള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. അന്ന് രാത്രി ഗ്രാമത്തിലെ ക്ഷേത്രത്തിന് പുറത്ത് നില്‍ക്കുമ്പോള്‍ മേല്‍ജാതിക്കാരായ ആറുപേര്‍ തന്റെ അടുത്ത് വടികളുമായെത്തി യാതൊരു പ്രകോപനവുമില്ലാതെ ആക്രമിക്കുകയായിരുന്നുവെന്ന് യുവാവ് ആരോപിച്ചു. ഇനി സണ്‍ഗ്ലാസ് വയ്ക്കുമോയെന്ന് ചോദിച്ചായിരുന്നു മര്‍ദനം. ആക്രമണം കണ്ട് ഓടിയെത്തിയ മാതാവിനെയും മര്‍ദിക്കുകയും വസ്ത്രങ്ങള്‍ കീറുകയുംചെയ്‌തെന്നും യുവാവ് പൊലിസിന് മൊഴി നല്‍കി.
സംഭവത്തില്‍ ഏഴുപേര്‍ അറസ്റ്റിലായി. ഇവര്‍ക്കെതിരേ എസ്.സി, എസ്.ടി അതിക്രമങ്ങള്‍ തടയല്‍ നിയമം, സ്ത്രീയെ മാനഭംഗപ്പെടുത്തല്‍, നിയമവിരുദ്ധമായി സംഘം ചേരല്‍, സമാധാനം തകര്‍ക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി പൊലിസ് പറഞ്ഞു.
നേരത്തെ ഗുജറാത്തില്‍ ദലിത് യുവാവിനെ മീശ വളര്‍ത്തുകയും അത് പിരിച്ചുവയ്ക്കുകയും ചെയ്തതിന്റെ പേരിലും മര്‍ദിച്ചിരുന്നു.