ക്വലാലംപുര്‍: മലയാളിയും ലോക ഏഴാം നമ്പര്‍ താരവുമായ ഇന്ത്യയുടെ എച്എസ് പ്രണോയ് മലേഷ്യ മാസ്‌റ്റേഴ്‌സ് ബാഡ്മിന്റണ്‍ കിരീടം സ്വന്തമാക്കി. ഫൈനലില്‍ ചൈനയുടെ വെങ് ഹോങ് യങിനെ വീഴ്ത്തിയാണ് മലയാളി താരത്തിന്റെ നേട്ടം.
മലേഷ്യ മാസ്‌റ്റേഴ്‌സ് കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരമെന്ന അനുപമ നേട്ടവും നെഞ്ചോടു ചേര്‍ത്താണ് പ്രണോയ് കിരീടത്തില്‍ മുത്തമിട്ടത്. പ്രണോയ് നേടുന്ന ആദ്യ വേള്‍ഡ് ടൂര്‍ ടൈറ്റില്‍ കൂടിയാണിത്.
ഫൈനലില്‍ കടുത്ത വെല്ലുവിളിയാണ് ചൈനീസ് താരത്തില്‍ നിന്നു പ്രണോയ് നേരിട്ടത്. മുഴുവന്‍ മികവും പുറത്തെടുത്താണ് താരം ഒന്നര മണിക്കൂര്‍ നീണ്ട പോരാട്ടം അതിജീവിച്ചത്.
ആദ്യ സെറ്റ് നേടി ഗംഭീരമായി തുടങ്ങിയ പ്രണോയിയെ രണ്ടാം സെറ്റില്‍ അതിവേഗം വീഴ്ത്തി ചൈനീസ് താരം തിരിച്ചടിച്ചു. നിര്‍ണായക മൂന്നാം സെറ്റില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് കണ്ടത്. ഒടുവില്‍ വിജയവും കിരീടവും പ്രണോയ് സ്വന്തമാക്കി.
സ്‌കോര്‍: 21-19, 13-21, 21-18.