മയക്കുമരുന്ന് മണം പിടിച്ച് കണ്ടെത്താൻ പ്രത്യേക പരിശീലനം ലഭിച്ച നായയുടെ സഹായത്തോടെ വാഴപ്പഴത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കൊക്കെയ്ൻ പിടികൂടി. വലിയ കണ്ടെയ്നറിനുള്ളിൽ പ്രത്യേക പെട്ടികൾക്കുള്ളിൽ നിറച്ച വാഴപ്പഴത്തിനുള്ളിലായിരുന്നു കൊക്കെയ്ൻ ഒളിപ്പിച്ചത്. 2700 കിലോയിലധികം കൊക്കയ്നാണ് ഇത്തരത്തിൽ കണ്ടെയ്നറിനുള്ളിൽ ഒളിപ്പിച്ചിരുന്നത്. ഇറ്റാലിയൻ പൊലീസിന്റെ പ്രത്യേകം സംഘമാണ് പൊലീസ് നായയുടെ സഹായത്തോടെ വൻ മയക്കുമരുന്ന് വേട്ട നടത്തിയത്. ഒടുവില്‍ സംഘം പൊലീസ് പിടിയിലായി.
കൊക്കെയ്ൻ ലക്ഷ്യസ്ഥാനത്ത് എത്തിയിരുന്നെങ്കിൽ ലഹരി കടത്ത് സംഘത്തിന് തെരുവ് വിൽപ്പനയിലൂടെ 800 ദശലക്ഷം യൂറോ (1.3 ബില്യൺ ഡോളർ) അതായത് 107,186,488,500 ഇന്ത്യൻ രൂപ ലഭിക്കുമായിരുന്നു എന്നാണ് പൊലീസ് കണക്കാക്കുന്നത്.
ജിയോയ ടൗറോ തുറമുഖത്ത് ഒരു ചരക്ക് കപ്പലിൽ രണ്ട് കണ്ടെയ്‌നറുകളിൽ ആയാണ് വാഴപ്പഴം എത്തിയത്. എന്നാൽ ഇത്രയും വലിയ അളവിൽ പഴങ്ങൾ എത്തിയതിൽ സംശയം തോന്നിയാണ് കസ്റ്റംസ് പൊലീസ് ഇവിടെ പരിശോധന നടത്തിയത്. സ്‌കാനിംഗ് മെഷീൻ ഉപയോഗിച്ചാണ് ഉദ്യോഗസ്‌ഥർ ആദ്യം പരിശോധന നടത്തിയത്. ഇതിൽ അസ്വഭാവികമായി ഒന്നും കണ്ടെത്താനായില്ല. എന്നാൽ കസ്റ്റംസ് പൊലീസിലെ ജെർമ്മൻ ഷെപ്പേർഡ് ജോയൽ ട്രക്കുകളുടെ അടുത്തെത്തിയപ്പോൾ ഉയരത്തിൽ ചാടി നിർത്താതെ കുരയ്ക്കുകയും അക്രമാസക്തനാകുകയും ചെയ്തതാണ് ട്രക്കുകൾ വീണ്ടു പരിശോധിക്കാൻ പൊലീസിനെ പ്രേരിപ്പിച്ചത് എന്നാണ് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്യുന്നത്.