രാജ്യത്തുനിന്നുള്ള ഈ വർഷത്തെ ഹജ് തീർഥാടനത്തിനുള്ള അന്തിമ രൂപരേഖയായി. അന്തിമ ഹജ് പോളിസി കേന്ദ്ര ഹജ് കമ്മിറ്റി ഇന്ന് പ്രഖ്യാപിച്ചു. കേരളത്തിൽനിന്ന് കോഴിക്കോട്, കണ്ണൂർ, കൊച്ചി വിമാനത്താവളങ്ങൾ വഴി ഹജ് തീർഥാടനത്തിന് അവസരമുണ്ട്. ഈ 3 വിമാനത്താവളങ്ങൾ ഉൾപ്പെടെ രാജ്യത്തെ 25 വിമാനത്താവളങ്ങൾ ഹജ് എംബാർക്കേഷൻ ആയി പ്രഖ്യാപിച്ചു.
സൗദി ഹജ് മന്ത്രാലയം അനുവദിക്കുന്ന ഹജ് സീറ്റുകളിൽ ഇത്തവണ 80% സീറ്റും ഹജ് കമ്മിറ്റികൾ മുഖേനയുള്ള തീർത്ഥാടകർക്ക് വീതിക്കും. 20% മാത്രമായിരിക്കും സ്വകാര്യ സംഘങ്ങൾക്കു നൽകുക. നേരത്തേ 70:30 ആയിരുന്നു അനുപാതം.
ഒരു തവണ ഹജ് തീർഥാടനം നടത്തിയവർക്ക് അനുമതിയുണ്ടാകില്ല. 45 വയസ്സ് കഴിഞ്ഞ സ്ത്രീകൾക്ക് മെഹ്റം അഥവാ ആൺതുണ ഇല്ലാതെതന്നെ ഹജ് തീർഥാടനത്തിന് അപേക്ഷിക്കാം. 70 വയസ്സ് കഴിഞ്ഞവർക്ക് മുൻ വർഷങ്ങളെപ്പോലെ നറുക്കെടുപ്പില്ലാതെ അവസരമുണ്ടാകും. കുറഞ്ഞത് ഒരാൾക്കും കൂടിയാൽ 4 മുതിർന്നവർക്കും രണ്ടു കുട്ടികൾക്കും ഒരു കവറിൽ ഒന്നിച്ച് അപേക്ഷ സമർപ്പിക്കാം. 2 വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങൾക്ക് യാത്രയുടെ 10% നിരക്കാണു നൽകേണ്ടത്.
അപേക്ഷാ നടപടികൾ അടുത്ത ദിവസങ്ങളിൽ ആരംഭിക്കും. സാധാരണ ഇടക്കാറുള്ള 300 രൂപ ഇത്തവണ ഉണ്ടാകില്ല.