രാജസ്ഥാനിലെ ജയ്പൂരിലുള്ള സവായ് മാൻ സിംഗ് (എസ്എംഎസ്) ആശുപത്രിയിലെ ട്രോമ ഇന്റൻസീവ് കെയർ യൂണിറ്റിൽ (ഐസിയു) ഞായറാഴ്ച രാത്രിയുണ്ടായ വൻ തീപിടുത്തത്തിൽ എട്ട് രോഗികൾ മരിച്ചു. കൂടുതൽ രോഗികളുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു.
രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മ തിങ്കളാഴ്ച രാവിലെ ആശുപത്രി സന്ദർശിക്കുകയും സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഉത്തരവിടുകയും ചെയ്തു. അന്വേഷണത്തിനായി ആറ് അംഗ ഉന്നതതല സമിതി രൂപീകരിച്ചു.സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.
ആശുപത്രിയുടെ രണ്ടാം നിലയിലെ ട്രോമ ഐസിയുവിലെ ഷോർട്ട് സർക്യൂട്ടിൽ നിന്നാണ് തീപിടുത്തമുണ്ടായതെന്ന് എസ്എംഎസ് ഹോസ്പിറ്റൽ ട്രോമ സെന്റർ ഇൻ-ചാർജ് ഡോ. അനുരാഗ് ധാക്കദ് പറഞ്ഞു. തീ പെട്ടെന്ന് പടരുകയായിരുന്നു. മിനിറ്റുകൾക്കുള്ളിൽ വാർഡിൽ നിറയെ വിഷ പുകപരന്നു.
24 രോഗികളായിരുന്നു ആ സമയത്ത് ഐസിയുവിലുണ്ടായിരുന്നു. അതിൽ 11 പേർ ട്രോമ ഐസിയുവിലും 13 പേർ തൊട്ടടുത്തുള്ള സെമി-ഐസിയു വിലുമായിരുന്നു. മിക്ക രോഗികളും കോമയിലായി, അനങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നുവെന്നും നഴ്സിംഗ് ഓഫീസർമാരും വാർഡ് ജീവനക്കാരും ഉൾപ്പെടെയുള്ള ട്രോമ സെന്റർ ടീം ഉടൻ തന്നെ ട്രോളികൾ ഉപയോഗിച്ച് ആളുകളെ ഒഴിപ്പിക്കാൻ തുടങ്ങിയെന്നും ഡോ. ധാക്കദ് പറഞ്ഞു.
അഗ്നിശമന സേനാംഗങ്ങളും ആശുപത്രി ജീവനക്കാരും ഒരുമിച്ച് പ്രവർത്തിച്ച് തീ നിയന്ത്രണവിധേയമാക്കുകയും സമീപ പ്രദേശങ്ങളിൽ നിന്ന് രോഗികളെ ഒഴിപ്പിക്കുകയും ചെയ്തു. എഫ്‌എസ്‌എൽ സംഘത്തിന്റെ അന്വേഷണത്തിൽ തീപിടിത്തത്തിന്റെ കാരണം വ്യക്തമാകുമെന്ന് ജയ്പൂർ പോലീസ് കമ്മീഷണർ ബിജു ജോർജ് ജോസഫ് പറഞ്ഞു.



