ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വെടിക്കെട്ട് ഓപ്പണര്‍ ബാറ്റ്‌സ്മാനായിരുന്ന വീരേന്ദ്ര സെവാഗും പങ്കാളിയായ ആര്‍തിയും തമ്മില്‍ വേര്‍പിരിയുന്നതായി അഭ്യൂഹം. 2004 ഡിസംബറിലാണ് ഇരുവരും വിവാഹിതരായത്.
ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ ചില വിള്ളലുകള്‍ ഉണ്ടായതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2007ല്‍ ജനിച്ച ആര്യവീര്‍, 2010ല്‍ ജനിച്ച വേദാന്ത് എന്നിവര്‍ ഇവരുടെ മക്കളാണ്.
മാസങ്ങളായി ഇരുവരും വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഉടന്‍ ഡിവോഴ്‌സ് ഉണ്ടാകുമെന്നാണ് നിഗമനം. എന്നാല്‍ ഇരുകൂട്ടരും ഈ വാര്‍ത്തയോട് ഇതുവരെയും പ്രതികരിച്ചിട്ടില്ല.
സമൂഹമാധ്യമങ്ങളിലും വിഷയം ചര്‍ച്ചയായിട്ടുണ്ട്. ഈയടുത്ത കാലത്തായി ഭാര്യയ്‌ക്കൊപ്പമുള്ള ചിത്രങ്ങളൊന്നും സെവാഗ് പോസ്റ്റ് ചെയ്യാറില്ല. മാത്രല്ല ആര്‍തിയുടെ പ്രൈവറ്റ് ആയ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് സെവാഗ് ഫോളോ ചെയ്യുന്നുമില്ല. ഈയടുത്ത കാലത്ത്, ദില്ലിയ്ക്കായി മലേഷ്യയ്‌ക്കെതിരെ ഒരു മത്സരത്തില്‍ മകന്‍ ആര്യവാര്‍ 309 ബോളില്‍ 297 റണ്‍സ് അടിച്ചുകൂട്ടിയതിനെ അഭിനന്ദിച്ചും, അച്ഛന്റെ റെക്കോര്‍ഡ് മറികടക്കാത്തതിനാല്‍ പണ്ട് പറഞ്ഞ പോലെ ഫെറാറി കാര്‍ സമ്മാനമായി ലഭിക്കാനുള്ള അവസരമാണ് പാഴായി പോയതെന്ന് ഓര്‍മിപ്പിച്ചും എക്‌സില്‍ ഒരു പോസ്റ്റിട്ടിരുന്നു.