ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അഞ്ചുവയസുകാരി സ്‌കൂള്‍ ബസില്‍ പീഡനത്തിന് ഇരയായതായി പരാതി. സംഭവത്തില്‍ കേസെടുത്തിട്ട് ആറുമാസമായിട്ടും ആരോപണവിധേയനെ ചോദ്യം ചെയ്യാത്തതില്‍ പ്രതിഷേധിച്ച് രക്ഷിതാക്കള്‍ സ്‌കൂളിന് മുന്നില്‍ പ്രതിഷേധിച്ചു. ആഫ്രിക്കന്‍ രാജ്യമായ കെനിയയുടെ ഇന്ത്യയിലെ നയതന്ത്രപ്രതിനിധിയുടെ 12കാരനായ മകനാണ് പ്രതിയെന്ന് പരാതി പറയുന്നു. എന്നാല്‍, ഈ പ്രതിക്ക് നയതന്ത്ര പരിരക്ഷയുണ്ടെന്നാണ് പോലിസ് പറയുന്നത്.
ആരോപണ വിധേയന് നയതന്ത്ര പരിരക്ഷയുണ്ടെന്നും ചോദ്യം ചെയ്യാനോ കസ്റ്റഡിയില്‍ എടുക്കാനോ സാധിക്കില്ലെന്നും പോലിസ് പറഞ്ഞു. അതിനാല്‍, വിദേശകാര്യമന്ത്രാലയത്തിന്റെ നിര്‍ദേശം തേടി കാത്തിരിക്കുകയാണെന്നും പോലിസ് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. ഇന്നലെ സ്‌കൂളിന് മുന്നില്‍ പ്രതിഷേധം നടന്നു.
കഴിഞ്ഞ ആഗസ്റ്റിലാണ് പ്രതി കുട്ടിയെ പീഡിപ്പിച്ചതെന്ന് പിതാവ് പറഞ്ഞു. ശാരീരിക പ്രശ്‌നങ്ങള്‍ കണ്ടപ്പോള്‍ ഡോക്ടറെ കാണിച്ചപ്പോഴാണ് സംഭവം അറിഞ്ഞത്. പീഡനവിവരം സ്‌കൂളില്‍ അറിയിച്ചിട്ടും ആരോപണവിധേയനെതിരേ സ്‌കൂള്‍ നടപടിയെടുത്തില്ല. അതിനാലാണ് പോലിസില്‍ പരാതി നല്‍കിയതെന്നും പിതാവ് കൂട്ടിചേര്‍ത്തു.