എത്രയോ വർഷങ്ങൾ കളിച്ചു, എത്രയോ തവണ കിരീടങ്ങൾ നേടാൻ സഹായിച്ചു. എന്നിട്ടും രവീന്ദ്ര ജഡേജയെ ചെന്നൈ ആരാധകർ കൂവി, അയാൾ പുറത്താക്കാൻ പ്രാർത്ഥിച്ചു. കാരണം, എം. എസ് ധോണി ബാറ്റിംഗിന് ഇറങ്ങുന്നത് അവർക്ക് കാണണം. അതിനാൽ തന്നെ ബാറ്റിംഗ് ഓർഡറിൽ അയാൾക്ക് മുകളിൽ ഇറങ്ങുന്ന ജഡേജയുടെ പതനം അവർ ആഗ്രഹിച്ചു, അയാൾ ബാറ്റിംഗിന് ഇറങ്ങുമ്പോൾ ധോണി വിളികൾ മുഴങ്ങി. ടീമിനായി ഇത്ര നൽകിയിട്ടും ആരാധകരുടെ മനോഭാവം അയാളെ വേദനിപ്പിച്ചു. ട്വിറ്ററിലൂടെ എങ്കിലും പ്രതിഷേധം അറിയിച്ചു.
ഈ സീസൺ അയാളുടെ അവസാന സീസൺ ആകുമെന്നും, ധോണിയുമായി ഉടക്കിയെന്നുമൊക്കെ കഥകൾ പറഞ്ഞു. എന്നാൽ ജഡേജയെ അലോസരപ്പെടുത്തിയത് ആരാധകരുടെ പെരുമാറ്റം മാത്രം ആയിരുന്നു. അത് ആരും മനസിലാക്കിയില്ല. മഴമൂലം ഗുജറാത്ത് ഉയർത്തിയ 215 റൺസ് ലക്ഷ്യം ചെന്നൈ 15 ഓവറിൽ 171 എടുക്കേണ്ട അവസ്ഥ വന്നിരുന്നു. എന്നാൽ നിശ്ചിത 15 ഓവറിൽ ഏറെ ട്വിസ്റ്റുകൾക്ക് ഒടുവിൽ 5 വിക്കറ്റിന്റെ ജയം സ്വന്തമാക്കിയപ്പോൾ അവസാന 2 പന്തുകളിൽ സിക്‌സും ഫോറും നേടി ടീമിനെ ജയിപ്പിച്ചത് ജഡേജ തന്നെ ആയിരുന്നു.
ഗുജറാത്ത് ബാറ്ററുമാരുടെ അതെ ആവേശം തുടർന്ന ചെന്നൈ താരങ്ങളിൽ അപകടകാരി കോൺവേ ആയിരുന്നു. റുതുരാജ് ആങ്കർ റോൾ കളിച്ചപ്പോൾ കോൺവേ സ്ക്കോർ ഉയർത്തി. പവർ പ്ലേ വരെ പവറിൽ കളിച്ച ചെന്നൈ ശേഷം ഋതുരാജ് (26) കോൺവേ (47) എന്നിവർ പുറത്തായ ശേഷം ഒന്ന് തണുത്തു . ശേഷം രഹാനെ (26) പൊരുതി നോക്കി എങ്കിലും മോഹിത്തിന് ഇരയായി മടങ്ങി.
ശേഷം ഇടക്ക് പതറിയ ശിവം ദുബെ റഷീദ് ഖാനെ 2 സിക്സ് പറത്തി സമ്മർദ്ദം കുറച്ചു, അവസാന മത്സരം കളിക്കുന്ന റെയ്‌ഡു 8 പന്തിൽ 19 റൺസ് നേടി ചെന്നൈയെ വിജയരാവര കടത്തുമെന്ന് തോന്നിച്ചപ്പോൾ തുടർച്ചയായ 2 പന്തുകളിൽ റായിഡുവിനെയും ധോണിയെയും (0) പുറത്താക്കി മോഹിത് ശർമ്മ ഗുജറാത്തിനെ മത്സരത്തിലേക്ക് തിരികെ എത്തിച്ചു. എന്നാൽ തക്ക സമയത്ത് ജഡേജ ചെന്നൈയുടെ രക്ഷക്ക് എത്തുക ആയിരുന്നു.
തന്നെ കൂവിയവരെ കൊണ്ട് അയാൾ ഇന്ന് കൈയടിപ്പിച്ചു. ധോണി ഒഴതിഞ്ഞാൽ ഇനി തങ്ങലുയുടെ ടീമിനെ മുന്നോട്ട് നയിക്കേണ്ട താരത്തെ അയാളെ കളിയാക്കിയ നിമിഷത്തെ ഓർത്ത് ശപിച്ചു. എന്തായാലും മൂന്ന് ദിവസങ്ങളായി നീണ്ടുനിന്ന പോരാട്ടം ചെന്നൈ ആരാധകർക്ക് വലിയ ആവേശം നൽകുന്ന ഫലമാണ് സമ്മാനിച്ചത്.