2026 ഫുട്ബോൾ ലോകകപ്പിൽ 48 ടീമുകൾ. 12 ഗ്രൂപ്പുകൾ. ആകെ 104 മത്സരങ്ങൾ. ഫിഫയുടെ വാർഷിക യോഗത്തിലാണ് അന്തിമ തീരുമാനമായത്. ആദ്യമായാണ് ലോകകപ്പിൽ 48 ടീമുകൾ. 1998 മുതൽ കഴിഞ്ഞ ലോകകപ്പുവരെ 32 ടീമുകളായിരുന്നു. 40 മത്സരങ്ങൾ കൂടും. അമേരിക്ക, ക്യാനഡ, മെക്‌സിക്കോ രാജ്യങ്ങൾ ചേർന്നാണ് 2026 ലോകകപ്പിന് ആതിഥേയരാകുന്നത്. ഫൈനൽ 2026 ജൂലൈ 19ന് നടക്കും.
ടീമുകളുടെ എണ്ണത്തിൽ തീരുമാനമായിരുന്നെങ്കിലും ഗ്രൂപ്പുകളുടെ എണ്ണത്തിൽ അവ്യക്തതയുണ്ടായിരുന്നു. മൂന്ന് ടീമുകൾവച്ച് 16 ഗ്രൂപ്പുകളാണ് ആദ്യം തീരുമാനിച്ചത്. എന്നാൽം വാർഷികയോഗത്തിൽ 12 ഗ്രൂപ്പുകൾ മതിയെന്ന് ഉറപ്പിക്കുകയായിരുന്നു. ഓരോ ഗ്രൂപ്പിൽനിന്നും ആദ്യരണ്ട് സ്ഥാനക്കാർ അവസാന 32ലേക്ക് മുന്നേറും. ഇതിനൊപ്പം എട്ട് മികച്ച മൂന്നാംസ്ഥാനക്കാരും. തുടർന്ന് പ്രീ ക്വാർട്ടർ, ക്വാർട്ടർ മത്സരങ്ങൾ നടക്കും. 2025ലെ ക്ലബ് ലോകകപ്പിൽ 32 ടീമുകളും മത്സരിക്കും.