ആരോപണ വിധേയനായ യുവാവിനെ പോലിസ് ബലിയാടാക്കിയതാണെന്നും നീതിയുക്തമായ വിചാരണയല്ല നടത്തിയതെന്നും ജസ്റ്റിസുമാരായ വിക്രം നാഥ്, സഞ്ജയ് കരോള്‍, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. കുറ്റാരോപിതന് സ്വയം പ്രതിരോധിക്കാനുള്ള ഭരണഘടനാപരമായ അവകാശം മിഥ്യയോ സാങ്കല്‍പ്പികമോ അല്ലെന്നും വധശിക്ഷ വിധിക്കാവുന്ന ഒരു കേസില്‍ പ്രതിക്ക് ന്യായമായ അവസരം നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് കോടതിയുടെയും സര്‍ക്കാരിന്റെയും കടമയാണെന്നും കോടതി പറഞ്ഞു.
2017ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. തുടര്‍ന്ന് വിചാരണക്കോടതി യുവാവിനെ വധശിക്ഷയ്ക്ക് വിധിച്ചു. ഈ വിധി മദ്രാസ് ഹൈക്കോടതിയും ശരിവച്ചു. അതിന് ശേഷമാണ് യുവാവ് സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കിയത്.
പെണ്‍കുട്ടിയെ യുവാവുമൊത്ത് കണ്ടുവെന്ന പോലിസ് സാക്ഷികളുടെ മൊഴി വിശ്വാസ്യയോഗ്യമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കൂടാതെ ഡിഎന്‍എ ഫലത്തിലും പിഴവുകളുണ്ട്. വിചാരണയില്‍ പോലിസ് ആശ്രയിച്ച രേഖകളൊന്നും ആരോപണ വിധേയന് നല്‍കിയിരുന്നില്ല. വധശിക്ഷ വരെ ലഭിക്കാവുന്ന കേസുകളില്‍ കുറ്റാരോപിതിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശത്തിന് കൂടുതല്‍ പ്രാധാന്യമുണ്ട്.
കുറ്റക്കാരനാണെന്ന് കണ്ടെത്തിയ അന്നുതന്നെ വിചാരണക്കോടതി പ്രതിയെ വധശിക്ഷയ്ക്ക് വിധിച്ചു. പ്രതി പെണ്‍കുട്ടിയുമായി നടക്കുന്ന സിസിടിവി ദൃശ്യമുണ്ടെന്ന് പറഞ്ഞെങ്കിലും പോലിസ് അത് ഹാജരാക്കിയില്ല. കുറ്റാരോപിതനെ പോലിസ് ബലിയാടാക്കിയെന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്. പൈശാചികമായ കുറ്റകൃത്യം നടത്തിയെന്ന് സമൂഹം വിശ്വസിക്കുന്ന വ്യക്തിയെ വെറുതെവിടുന്നത് പ്രതിഷേധത്തിന് കാരണമാവാം, ഇരയുടെ കുടുംബത്തെ മാനസികമായി തകര്‍ക്കാം. പക്ഷേ, ധാര്‍മികത പറഞ്ഞ് തെളിവില്ലാതെ ഒരാളെ ശിക്ഷിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.



