മുംബൈ:16കാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ 25കാരന് ജാമ്യം അനുവദിച്ച് മുംബൈയിലെ പോക്സോ കോടതി. പെൺകുട്ടിയെ വിവാഹം കഴിക്കാമെന്ന് അറിയിച്ചതിനെ തുടർന്നാണ് വിവാഹിതനായ യുവാവിന് കോടതി ജാമ്യം അനുവദിച്ചത്. പെൺകുട്ടിയുടെ സമ്മതത്തോടെയാണ് യുവാവ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്ന് കോടതി കണ്ടെത്തി. സംഭവത്തിൽ പരാതി നൽകിയ പെൺകുട്ടിയുടെ അമ്മയും പ്രതി കുട്ടിയെ വിവാഹം കഴിക്കണമെന്ന നിലപാടിലായിരുന്നു. കുട്ടിയ്ക്ക് പ്രായപൂർത്തിയാകുമ്പോൾ വിവാഹം കഴിക്കാമെന്നാണ് പ്രതി കോടതിയെ അറിയിച്ചത്. ഇത് രണ്ടാം തവണയാണ് പ്രതി ജാമ്യാപേക്ഷ നൽകിയത്. ആദ്യം നൽകിയ അപേക്ഷ കോടതി തള്ളിയിരുന്നു.അതേസമയം, പൊലീസ് ജാമ്യാപേക്ഷയെ എതിർത്തു. രണ്ടാം വിവാഹത്തിന് ഇയാളുടെ ആദ്യ ഭാര്യ സമ്മതിക്കും എന്നതിനു തെളിവില്ലെന്നാണ് പൊലീസ് വാദിച്ചത്. വരുംവരായ്കകൾ അറിയാത്ത കുട്ടിയെ യുവാവ് കുടുക്കുകയായിരുന്നു എന്നും ഇപ്പോൾ കല്യാണം കഴിക്കാമെന്ന വാഗ്ധാനം നൽകി കേസിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയാണെന്നും പൊലീസ് കോടതിയിൽ വാദിച്ചു.പെൺകുട്ടിയുടെ പിതാവിൻ്റെ സുഹൃത്താണ് പ്രതി. താൻ ഗർഭിണിയാണെന്ന വിവരം പ്രതിയോട് പറഞ്ഞപ്പോൾ അയാൾ കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. ഗർഭിണിയാക്കിയത് ആരാണെന്ന് ആരോടും പറയരുതെന്ന് ഇയാൾ കുട്ടിയോട് പറഞ്ഞു. പിന്നീട് കുട്ടിയുടെ മാതാവാണ് ശരീരത്തിൽ ഉണ്ടാവുന്ന മാറ്റങ്ങൾ ശ്രദ്ധിച്ച് കുട്ടി ഗർഭിണിയാണെന്ന് സംശയിച്ചത്. പ്രതി ആരെന്നറിഞ്ഞതിനു ശേഷം കുട്ടിയുടെ കുടുംബം പരാതി നൽകി. ഒക്ടോബർ 23നാണ് ഇയാളെ അറസ്റ്റ് ചെയ്തത്