ദൽഹി:കന്യാസ്ത്രീക്കെതിരെ മോശം പരാമർശം നടത്തിയ പിസി ജോർജ്ജ് എംഎൽഎ യ്ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാന്‍ ദേശീയ മഹിള ഫെഡറേഷന്‍. സ്ത്രീ വിരുദ്ധ പരാമർശത്തിന് രണ്ട് തവണ നിയമസഭ ശാസിച്ചയാളെ മത്സരിക്കാന്‍ അനുവദിക്കരുത് എന്നാവശ്യപ്പെട്ടാണ് കമ്മീഷനെ സമീപിക്കുന്നത്.
പീഡനത്തിനിരയായ കന്യാസ്‍ത്രീക്കെതിരെ മോശം പരാമർശം നടത്തിയതിന് കഴിഞ്ഞ ദിവസം നിയമ സഭ സ്‌പീക്കർ പിസി ജോർജിനെ ശാസിച്ചിരുന്നു. ജോർജിനെതിര കന്യാസ്‍ത്രീമാർ സ്‌പീക്കർക്ക് നൽകിയ പരാതിയിൽ ആയിരുന്നു നടപടി. 2013ലും സമാനമായ രീതിയിൽ സഭ പിസി ജോർജിനെ ശാസിച്ചിരുന്നു. കെആർ ഗൗരിയെ അപമാനിക്കുന്ന തരത്തിൽ സംസാരിച്ചതിന് ആയിരുന്നു ഇത്. കെ മുരളീധരൻ അധ്യക്ഷനായ എത്തിക്‌സ് കമ്മിറ്റിയാണ് അന്ന് ജോർജിനെ താക്കീത് ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. ഇത്തരത്തിൽ സഭയുടെ ശാസന ഒന്നിലധികം തവണ ഏറ്റുവാങ്ങിയ ഒരാൾ തിരഞ്ഞെടുപ്പിന് മൽസരിക്കാൻ യോഗ്യനല്ലെന്ന് ദേശീയ മഹിളാ ഫെഡറേഷൻ ജനറൽ സെക്രട്ടറി ആനി രാജ വ്യക്‌തമാക്കി.\
കന്യാസ്ത്രീകളെ കുറിച്ച് നടത്തിയ പരാമർശത്തിൽ ദേശീയ വനിതാ കമ്മീഷന്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും പിസി ജോര്‍ജ് ഹാജരായിരുന്നില്ല. നേരത്തെ കൊച്ചിയില്‍ ആക്രമണത്തിന് ഇരയായ നടിയെ കുറിച്ച് നടത്തിയ അപകീര്‍ത്തിപരമായ സംസാരിച്ചതിനെ തുടര്‍ന്ന് സംസ്ഥാന വനിതാ കമ്മീഷനും പിസി ജോര്‍ജിനെതിരെ രംഗത്ത് വന്നിരുന്നു. അന്ന് നോട്ടീസ് അയച്ച വനിത കമ്മീഷനെതിരെ പിസി ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങളും വിവാദമായിരുന്നു