ലോക്ക് ഡൗൺ: കൂടുതൽ ഇളവുകളുമായി ഡൽഹി സർക്കാർ.
കഴിഞ്ഞ 24 മണിക്കൂറിനിടെ ഡൽഹിയിൽ വെറും 213 കോവിഡ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
ഇളവുകൾ ഒരാഴ്ചത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് അനുവദിക്കുന്നതെന്നും കോവിഡ് കേസുകൾ ഉയരുന്ന പക്ഷം കർശന നടപടികൾ സ്വീകരിക്കുമെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറിയിച്ചു.
കടകൾ, മാളുകൾ, ഭക്ഷണശാലകൾ എന്നിവയ്ക്ക് നാളെ മുതൽ തുറന്നു പ്രവർത്തിക്കാം.
ആഴ്ചയിൽ ഏഴുദിവസവും കടകൾക്ക് തുറന്നു പ്രവർത്തിക്കാൻ അനുമതിയുണ്ട്.
കടകൾക്ക് പ്രവർത്തിക്കാനുള്ള സമയം നിലവിലേത്(രാവിലെ പത്തു മണി മുതൽ രാത്രി എട്ടുമണി വരെ) തന്നെ ആയിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ടേക്ക് എവേയും ഹോം ഡെലിവറിയും മാത്രമായിരുന്നു ഭക്ഷണശാലകളിൽ ഇതുവരെ അനുവദനീയമായിരുന്നത്. എന്നാൽ ഇനി ആളുകൾക്ക് ഭക്ഷണശാലകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാവുന്നതാണ്.ഇരിപ്പിടങ്ങളുടെ അൻപതു ശതമാനം മാത്രമേ ഇതിനായി ഉപയോഗപ്പെടുത്താൻ അനുമതിയുള്ളൂ.
അൻപതു ശതമാനം വ്യാപാരികളെ ഉൾപ്പെടുത്തി ആഴ്ചച്ചന്തകൾക്കും പ്രവർത്തിക്കാം. എന്നാൽ ഒരു മുൻസിപ്പൽ സോണിലെ ഒരു ആഴ്ചച്ചന്തയ്ക്കേ ഒരു ദിവസം അനുമതിയുള്ളൂ. സലൂണുകൾക്ക് പ്രവർത്തിക്കാൻ അനുമതിയുണ്ട്. എന്നാൽ സ്പാകൾക്ക് പ്രവർത്തന അനുമതിയില്ല.
സർക്കാർ ഓഫീസുകൾ മുഴുവൻ ജീവനക്കാരുമായി പ്രവർത്തിക്കാം. അതേസമയം സ്വകാര്യ ഓഫീസുകളിൽ അൻപത് ശതമാനം ജീവനക്കാർക്കേ അനുമതിയുള്ളൂ.
അൻപത് ശതമാനം ഇരിപ്പിടങ്ങൾ ഉപയോഗപ്പെടുത്തി ഡൽഹി മെട്രോയും ബസുകളും പ്രവർത്തിക്കും.
അതേസമയം സ്കൂൾ, കോളേജ്, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ പ്രവർത്തിക്കില്ല.
നീന്തൽക്കുളങ്ങൾ, അമ്യൂസ്മെന്റ് പാർക്ക്, വാട്ടർ പാർക്കുകൾ എന്നിവയ്ക്കും പ്രവർത്തന അനുമതിയില്ല. ആൾക്കൂട്ടവും അനുവദനീയമല്ല. ആരാധനാലയങ്ങൾ തുറക്കാം എന്നാൽ വിശ്വാസികളെ അനുവദിക്കുകയില്ലെന്നും കെജ്രിവാൾ പറഞ്ഞു.