നെടുമ്പാശേരി – ലാന്റിംഗ് പാർക്കിംഗ് നിരക്കുകൾ പൂർണ്ണമായി ഇല്ലാതാക്കി കൂടുതൽ വിമാനകമ്പനികളെ കൊച്ചിയിലേക്കാകർഷിക്കണമെന്ന് വി.ജെ.കുര്യൻ.
സിയാൽ എം.ഡി സ്ഥാനം ഒഴിഞ്ഞ ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2030 ഓടെ ഇത് സാധ്യമാകുന്ന തരത്തിലുള്ള ബൃഹദ് പദ്ധതി വിഭാവനം ചെയ്തിട്ടുണ്ട്. വിമാനത്താവളത്തിന്റെ വകയായി റെയിൽവേ ലൈനിനോട് ചേർന്ന് ഉപയോഗിക്കപ്പെടാതെ കിടക്കുന്ന നൂറേക്കറിൽ എയർപോർട്ട് സിറ്റി പദ്ധതിയാവിഷ്കരിച്ചാണ് പകരം വരുമാനം കണ്ടെത്തുവാൻ കഴിയുക.
ഫുഡ് ഔട്ട്‌ലെറ്റുകൾ. ഹൈഡ്രജൻ വാഹനചാർജിംഗ്‌സംവിധാനം, ഷോപ്പിംഗ് മാൾ തുടങ്ങിയവയും ഇവിടെ ലക്ഷ്യമിടുന്നുണ്ട്. അതിവേഗ റെയിൽ പദ്ധതിക്കായി ഒരേക്കർ ഭൂമിവിട്ടു നൽകാനും ഇതിനായി നെടുമ്പാശേരിയിൽ സ്‌റ്റേഷൻ നിർമ്മിച്ചു നൽകാനും സിയാൽ സന്നദ്ധത അറിയിച്ചിട്ടുണ്ട്.
കൊറോണയെ തുടർന്ന് രാജ്യാന്തര സർവീസുകളില്ലാതായതോടെ 80 കോടിയോളം രൂപയുടെ പ്രവർത്തന നഷ്ടമുണ്ട്. എന്നാലും നടപ്പ് വർഷം 16 കോടിയോളം ലാഭം നിലവിലുണ്ട്.
സിയാലിൽ ജീവനക്കാരുടെ എണ്ണം കുറയ്ക്കുകയോ ശമ്പളം വെട്ടിക്കുറയ്ക്കുകയോ ചെയ്തിട്ടില്ല.
വിമാനതാവളത്തിനായി കുടിയൊഴിഞ്ഞ 820 കുടുംബങ്ങളിൽ പെട്ടവർക്ക് വിമാനതാവളവുമായി ബന്ധപ്പെട്ട് തൊഴിൽ നൽകിയിട്ടുണ്ട്.
സിയാൽ മേൽനോട്ടം നൽകിയ പയ്യന്നൂരിലെ 12 മെഗാവാട്ട് പദ്ധതിയും അരിപ്പാറ ജലവൈദ്യുതപദ്ധതിയും ഈ മാസം തന്നെ കമ്മീഷൻ ചെയ്യുമെന്നും കുര്യൻ പറഞ്ഞു. വിമാനതാവളത്തോട് ചേർന്ന് മണിക്കൂർ കണക്കാക്കി നിരക്കീടാക്കുന്ന നിരക്കുകുറഞ്ഞ വിശ്രമ കേന്ദ്രം ലക്ഷ്യമിടുന്നുണ്ട്.
വളരെ സംതൃപ്തിയോടെയാണ് പടിയിറങ്ങുന്നത്.
കുറച്ചു കാലം സ്വന്തം ഭൂമിയിൽ കാർഷികവൃത്തിയിലും മറ്റും ശ്രദ്ധകേന്ദ്രീകരിക്കാനാണ് ആഗ്രഹം. സിയാലിന്റെ വികസന പദ്ധതിക്ക് എല്ലാ മുഖ്യമന്ത്രിമാരും മത്സരബുദ്ധിയോടെ തന്നെയാണ് പിന്തുണ നൽകിയതെന്നും കൂര്യൻ പറഞ്ഞു.