റിപ്പബ്ലിക് ദിനത്തിൽ കർഷകർ നടത്തിയ ട്രാക്ടർ റാലിക്കിടെ ഉണ്ടായ സംഘർഷത്തിൽ ജീവൻ നഷ്ടപ്പെട്ട കർഷകന്റെ കുടുംബത്തെ കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി സന്ദർശിച്ചു.
ഉത്തർപ്രദേശിലെ രാംപുരിൽ നടന്ന പ്രാർഥനാ ചടങ്ങിലും പ്രിയങ്ക പങ്കെടുത്തു.
‘മരണപ്പെട്ട നവ്രീതിന് 25 വയസ്സായിരുന്നു, എന്റെ മകന് പ്രായം 20 ആണ്. നിങ്ങൾ ഒറ്റയ്ക്കല്ലെന്നാണ് കുടുംബത്തോട് പറയാനുള്ളത്. ഈ രാജ്യവും ഞങ്ങളും നിങ്ങൾക്കൊപ്പം നിൽക്കുന്നു.’ പ്രിയങ്ക നവ്രീതിന്റെ കുടുംബാംഗങ്ങളോട് പറഞ്ഞു.
അതിർത്തിയിൽ പ്രതിഷേധിക്കുന്ന കർഷകരുടെ ദുരിതം കേന്ദ്രസർക്കാർ മനസ്സിലാക്കുന്നില്ലെന്ന് പ്രിയങ്ക സന്ദർശനത്തിന് ശേഷം മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു. കാർഷിക നിയമങ്ങൾക്കെതിരെയുള്ള സമരം യഥാർഥ പ്രതിഷേധമാണ്. എന്നാൽ കേന്ദ്രം അത് തിരിച്ചറിയുന്നില്ല. സമരം രാഷ്ട്രീയ ഗൂഢാലോചനയാണെന്നാണ് കേന്ദ്രം കരുതുന്നത്. കർഷകർക്കെതിരെയുള്ള കുറ്റകൃത്യമാണ് പുതിയ മൂന്ന് കാർഷിക നിയമങ്ങൾ, അത് പിൻവലിക്കപ്പെടണം. പ്രതിഷേധിക്കുന്ന കർഷകരെ തീവ്രവാദികളെന്ന് വിളിക്കുന്നത് അതിലും വലിയ കുറ്റകൃത്യമാണെന്നും പ്രിയങ്ക പ്രതികരിച്ചു.