ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 14,506 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 4,34,33,345 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 30 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതോടെ, ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട മരണസംഖ്യ 5,25,077 ആയി ഉയർന്നു. ആകെ രോഗബാധിതരുടെ 0.23 ശതമാനം സജീവ കേസുകളാണ്. അതേസമയം ദേശീയ കോവിഡ് വീണ്ടെടുക്കൽ നിരക്ക് 98.56 ശതമാനമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനുള്ളിൽ സജീവ കോവിഡ് കേസുകളിൽ 2,902 കേസുകളുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.35 ശതമാനമായി രേഖപ്പെടുത്തി. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 3.36 ശതമാനമാണ്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രോഗമുക്തി നേടിയവരുടെ എണ്ണം 4,28,08,666 ആയി ഉയർന്നു. അതേസമയം ആകെ മരണനിരക്ക് 1.21 ശതമാനമാണ്. മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, രാജ്യവ്യാപകമായ കോവിഡ് വാക്സിനേഷൻ ഡ്രൈവിന് കീഴിൽ രാജ്യത്ത് ഇതുവരെ 197.46 കോടി ഡോസ് കോവിഡ് വാക്സിൻ നൽകിയിട്ടുണ്ട്.
അതേസമയം, കഴിഞ്ഞ ദിവസം ഒമിക്രോണ്‍ BA.5 വകഭേദം ഡല്‍ഹിയില്‍ സ്ഥിരീകരിച്ചു. രാജ്യം കോവിഡ് നാലാം തരംഗത്തിന്റെ ഭീതിയിലേയ്ക്ക് നീങ്ങുന്ന സാഹചര്യത്തില്‍ രാജ്യ തലസ്ഥാനത്ത് BA.5 വേരിയന്റ് സ്ഥിരീകരിച്ചത് ആശങ്ക വര്‍ദ്ധിപ്പിക്കുകയാണ്. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എഐഐഎംഎസ്), ലോക് നായക് ഹോസ്പിറ്റൽ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിവർ ആൻഡ് ബിലിയറി സയൻസസ് (ഐഎൽബിഎസ്) എന്നിവിടങ്ങളിലാണ് BA.5 വേരിയന്റ് കേസുകൾ സ്ഥിരീകരിച്ചത്. രണ്ടോ അതിലധികമോ കേസുകളാണ് ഇവിടെ ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. BA.5 വേരിയന്റ് സ്ഥിരീകരിച്ചുവെങ്കിലും ക്ലസ്റ്ററുകൾ റിപ്പോർട്ട് ചെയ്യപ്പെടാത്ത സാഹചര്യത്തില്‍ അനാവശ്യ ഭീതിയുടെ ആവശ്യമില്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കുന്നത്. കൂടാതെ, BA.5 വകഭേദം ഭയാനകമായ രീതിയിൽ പടരുന്നില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.