രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 3,06,064 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 439 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇന്നലത്തേതിൽ നിന്ന് രോഗികളുടെ എണ്ണത്തിൽ ഇന്ന് കുറവ് രേഖപ്പെടുത്തിയെങ്കിലും പോസിറ്റിവിറ്റി നിരക്കിൽ വർധനവുണ്ടായിട്ടുണ്ട്. 20.75 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. ആരോഗ്യമന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 22,49,335 പേരാണ് ചികിത്സയിൽ കഴിയുന്നത്.
കേരളത്തില്‍ ഇന്നലെ 45,449 പേര്‍ക്കാണ് കോവിഡ്സ്ഥിരീകരിച്ചത്. തുടർച്ചയായ നാലാം ദിവസമാണ് നാല്പത്തിനായിരത്തിലധികം പേർക്ക് രോഗം സ്ഥിരീകരിക്കുന്നത്. എറണാകുളത്ത് മാത്രം ഇന്നലെ 11,091 കേസുകളാണ് റിപ്പോർട്ട് ചെയ്തത്, സംസ്ഥാനത്ത് ഇതാദ്യമായാണ് ഒരു ജില്ലയിൽ പ്രതിദിന രോഗബാധ 10,000 കടക്കുന്നത്.
അതേസമയം, കോവിഡിന്റെ ഒമിക്രോൺ വകഭേദം ഇന്ത്യയിൽ സമൂഹവ്യാപന ഘട്ടത്തിലാണെന്ന് ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള സമിതിയായ ഇന്‍സാകോഗിന്റെ ഏറ്റവും പുതിയ ബുള്ളറ്റിനിൽ പറഞ്ഞു. പുതിയ കേസുകൾ ക്രമാതീതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും ഒന്നിലധികം മെട്രോകളിൽ കൂടുതൽ വ്യാപനം ഉണ്ടെന്നും വിവിധ വകഭേദങ്ങൾ ട്രാക്ക് ചെയ്യുന്ന ദേശീയ ലബോറട്ടറികളുടെ കൺസോർഷ്യം ബുള്ളറ്റിനിൽ വ്യക്തമാക്കി.
ഒമിക്രോണിന്റെ സാംക്രമിക ഉപ വകഭേദമായ ബിഎ.2 ലീനേജ് രാജ്യത്ത് ഗണ്യമായി കണ്ടെത്തിയിട്ടുണ്ടെന്നും ബുള്ളറ്റിനിന്‍ പറയുന്നു. ഇന്‍സാകോഗ് ഞായറാഴ്ച പുറത്തിറക്കിയ ബുള്ളറ്റിനിൽ, ഇതുവരെയുള്ള മിക്ക ഒമിക്രോൺ കേസുകളും രോഗലക്ഷണങ്ങൾ ഇല്ലാത്തതോ സൗമ്യമായതോ ആണെങ്കിലും, നിലവിൽ ആശുപത്രി പ്രവേശനങ്ങളും ഐസിയു കേസുകളും വർദ്ധിച്ചിട്ടുണ്ടെന്നും കോവിഡ് ഭീഷണി മാറ്റമില്ലാതെ തുടരുകയാണെന്നും വ്യക്തമാക്കുന്നു.