അത്യുഷ്ണത്തെ തുടർന്ന് രാജസ്ഥാനിൽ ജാഗ്രതാനിർദേശം. സംസ്ഥാനത്തിന്റെ പടിഞ്ഞാറൻ മേഖലയിൽ രണ്ട് ദിവസത്തേക്ക് റെഡ് അലർട്ട് പ്രഖ്യാപിച്ചു. മറ്റു ഭാഗങ്ങളിലും അന്തരീക്ഷതാപനില ഉയർന്നനിലയിൽ തുടരുകയാണ്. രാജസ്ഥാനിൽ മാത്രമല്ല രാജ്യത്തിന്റെ വടക്ക്, മധ്യ, പടിഞ്ഞാറൻ സംസ്ഥാനങ്ങൾ കൊടുംചൂടിലാണ്. പഞ്ചാബ്, ഹരിയാണ, മധ്യപ്രദേശ്, ജമ്മു കശ്മീരിന്റെ ചില ഭാഗങ്ങൾ എന്നിവടങ്ങളിൽ ഒരാഴ്ചക്കുള്ളിൽ ഉഷ്ണതരംഗസാധ്യതയുണ്ടെന്ന് കാലാവസ്ഥാവിദഗ്ധർ മുന്നറിയിപ്പ് നൽകി. ഗുജറാത്തിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ താപനിലയിൽ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
രാജസ്ഥാനിൽ പലയിടങ്ങളിലേയും താപനില മേയ് മാസത്തിൽ അനുഭവപ്പെടുന്നതിനേക്കാൾ നാല് മുതൽ എട്ട് ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നിരിക്കുന്നു. ബർമാറിൽ താപനില 48 ഡിഗ്രി സെൽഷ്യസ് കടന്നു. ശ്രീഗംഗാനഗറിൽ 47.3, ബിക്കാനിറിൽ 47.2, ചുരൂവിൽ 47, അജ്മീറിൽ 45, ഉദയ്പുരിൽ 44 ഡിഗ്രി സെൽഷ്യസ് എന്നിങ്ങനെയാണ് താപനില രേഖപ്പെടുത്തിയിരിക്കുന്നത്.
ഡൽഹിയിലും അന്തരീക്ഷ ഊഷ്മാവ് റെക്കോഡ് നിലയിൽ രേഖപ്പെടുത്തിയിരുന്നു. ഞായറാഴ്ചയോടെ ഡൽഹിയിലെ താപനില ഇനിയും വർധിച്ച് 44 ഡിഗ്രി സെൽഷ്യസോളമെത്തുമെന്നാണ് കണക്കുകൂട്ടൽ. അതേസമയം കർണാടകയിലെ ബെംഗളൂരുവിൽ സാധാരണയായി അനുഭവപ്പെടുന്ന താപനിലയേക്കാൾ 11 ഡിഗ്രി സെൽഷ്യസ് കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 23 ഡിഗ്രി സെൽഷ്യസാണ് നിലവിൽ ബെംഗളൂരുവിലെ താപനില.