വാർത്ത: സുനിൽ ചാക്കോ, കുമ്പഴ
ഹൈദരാബാദ് : മുത്തൂറ്റ് ഫിനാൻസിന്റെ തമിഴ്നാട് ഹൊസൂരിലെ ബ്രാഞ്ചില്‍നിന്നും കഴിഞ്ഞ ദിവസം മുഖംമൂടി ധരിച്ച് തോക്ക് ചൂണ്ടി 25 കിലോ സ്വര്‍ണം കവര്‍ന്ന സംഘത്തിലെ 6 പ്രതികളെ ഹൈദരാബാദിൽ പോലീസ് അറസ്റ്റ് ചെയ്തു. നഷ്ടപ്പെട്ട സ്വര്‍ണവും പ്രതികളിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
തമിഴ്നാട് – കര്‍ണാടക അതിര്‍ത്തി കൃഷ്ണഗിരി ജില്ലയില്‍ ഹൊസൂരില്‍ കഴിഞ്ഞ ദിവസം പട്ടാപകലാണു കൊള്ള നടന്നത്. 25 കിലോ സ്വര്‍ണവും 96,000 രൂപയുമാണ് സംഘം കവർച്ച നടത്തി നൊടിയിടയിൽ കൊണ്ടുപോയത്.
മുത്തൂറ്റിന്റെ ഭഗല്‍പൂര്‍റോഡിലെ ബ്രാഞ്ചില്‍ രാവിലെ ഒമ്പതരയോടെ മുഖമൂടി സംഘം ഇരച്ചുകയറി, സെക്യൂരിറ്റി ജീവനക്കാരനെ അടിച്ചുതാഴെയിട്ടു. പിന്നീട് ജീവനക്കാരെ മുഴുവന്‍ തോക്കിന്‍ മുനയില്‍ നിര്‍ത്തി ബ്രാഞ്ച് മാനേജരില്‍നിന്നു താക്കോലുകള്‍ കൈക്കലാക്കി.കൊല്ലുമെന്നു ഭീഷണിപ്പെടുത്തി ജീവനക്കാരെ കൊണ്ടു തന്നെയാണ് ലോക്കര്‍ തുറപ്പിച്ചത്. കവർച്ച നടത്തിയതിന്റെ കൂടെ സ്ഥാപനത്തിലെ സിസിടിവിയുടെ റെക്കോര്‍ഡറും കവർച്ചാ സംഘം കൊണ്ടു പോയിരുന്നു.